സ്വന്തം ലേഖകന്‍: 10 വര്‍ഷമായി നാട്ടില്‍ വരാന്‍ കഴിയാത്ത മലയാളി പ്രവാസികള്‍ക്ക് സ്വപ്ന സാഫല്യം, ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കും.
വരുമാനക്കുറവു മൂലം 10 വര്‍ഷമോ അതില്‍ക്കൂടുതലോ കാലമായി കേരളത്തിലേക്കു വരാന്‍ കഴിയാത്ത പ്രവാസി മലയാളികള്‍ക്കാണ് ഈ സൗകര്യം ലഭിക്കുക. ഇവര്‍ക്ക് നാട്ടില്‍ വന്ന് മടങ്ങിപ്പോകാന്‍ നോര്‍ക്ക വകുപ്പു വഴി സൗകര്യമൊരുക്കുമെന്നു മന്ത്രി കെ.സി. ജോസഫ് പറഞ്ഞു.
ഇവരുടെ യാത്രാച്ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കും.നോര്‍ക്കയുടെ വെബ്‌സൈറ്റില്‍ ഇതിനുള്ള സൗകര്യം ഒരുക്കുമെന്ന് നോര്‍ക്ക ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ആര്‍.എസ്.കണ്ണന്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ 10 വര്‍ഷമായി നാട്ടിലെത്താത്തവരെയാണു പരിഗണിക്കുന്നത്. അടുത്തഘട്ടം അഞ്ചുവര്‍ഷമോ അതില്‍ക്കൂടുതലോ കാലയളവിനുള്ളില്‍ നാട്ടിലെത്താത്ത പ്രവാസി മലയാളികളെയും പരിഗണിക്കും.
ഇത്തരത്തില്‍ കേരളത്തിലെത്താന്‍ കഴിയാത്ത പ്രവാസി മലയാളികളുടെ വിവരങ്ങള്‍ വ്യക്തികളോ പ്രവാസി മലയാളി സംഘടനകളോ നോര്‍ക്കയുടെ വെബ്‌സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യണമെന്ന് മന്ത്രി അറിയിച്ചു. അവധി കിട്ടിയാലും സീസണിലെ കൊല്ലുന്ന ടിക്കറ്റ് നിരക്ക് കാരണം യാത്ര വേണ്ടെന്നു വക്കുന്ന നൂറുകണക്കിന് മലയാളികളുണ്ടെന്ന് ഗള്‍ഫിലെ മലയാളി സംഘടനകള്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇത്തരക്കാരെ കണ്ടെത്തി മുന്‍ഗണനാക്രമം അനുസരിച്ചാണ് അവര്‍ക്കു നാട്ടിലെത്താന്‍ അവസരം ഒരുക്കുക. ഗള്‍ഫില്‍ ജയില്‍മോചിതരായാലും പണമില്ലാത്തതിന്റെ പേരില്‍ നാട്ടിലെത്താന്‍ കഴിയാത്തവര്‍ക്കു വിമാന ടിക്കറ്റ് നല്‍കുന്ന സ്വപ്നസാഫല്യം പദ്ധതിയുടെ മാതൃകയിലാണു പുതിയ പദ്ധതിയും നടപ്പാക്കുക. വര്‍ഷങ്ങളായി ഉറ്റവരേയും പിറന്ന നാടും കാണാനാകാതെ ഒറ്റപ്പെട്ടുപോയ പാവപ്പെട്ട പ്രവാസിയുടെ സ്വപ്നമാണ് നോര്‍ക്ക് പദ്ധതിയിലൂടെ യാഥാര്‍ഥ്യമാകുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല