ജീവിച്ചിരിക്കുന്നതില്‍വെച്ച് ഏറ്റവും പ്രായമുള്ള പൂച്ച എന്ന ബഹുമതി നേടിയിരിക്കുകയാണ് ടിഫാനി. 1988ല്‍ ജനിച്ച ഈ പൂച്ച മുത്തശ്ശിക്ക് 27 വയസ്സുണ്ട്. അടുത്ത മാസം ടിഫാനിയുടെ പിറന്നാള്‍ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് കാലിഫോര്‍ണിയയിലെ സാന്റിയാഗോക്കാരിയായ ടിഫാനിയുടെ ഉടമസ്ഥ ഷാരണ്‍ വൂര്‍ഹീസ്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് അവരുടെ ഔദ്യോഗിക പട്ടികയില്‍ ടിഫാനിയുടെ പേര് ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ടിഫാനിയുടെയും ഉടമ ഷാരണിന്റെയും ചിത്രം ഉള്‍പ്പെടെ റെക്കോര്‍ഡിന്റെ വാര്‍ത്ത വന്നിരുന്നു.
പൂച്ചകള്‍ക്ക് കിട്ടാവുന്നതിലും വെച്ച് ഏറ്റവും വലിയ ബഹുമതിയാണ് ഇപ്പോള്‍ ടിഫാനിക്ക് ലഭിക്കുന്നത്. ജാപ്പനീസ് എഴുത്തുകാരനായ ഹറൂക്കി മുറാക്കമിയുടെ നോവലുകളിലും ഹോളിവുഡ് സിനിമകളിലും സംസാരിക്കുന്ന പൂച്ചകളെ പറ്റി പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും പൂച്ചകള്‍ക്ക് ഇത്രയധികം ആയുസ്സുണ്ടാകുമെന്നത് പുതിയ സംഭവമാണ്. ഇതിന് മുന്‍പും ഇത്തരത്തില്‍ സംഭവിച്ചിട്ടുണ്ടെങ്കിലും അന്ന് ഇത്രയധികം മാധ്യമങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ ‘കഥ’ വീട്ടുപരിസരങ്ങളില്‍ കുഴിച്ചുമൂടപ്പെട്ടു. ടിഫാനിയുടെ കഥ ലോകമൊട്ടുക്കും പ്രചരിച്ച സാഹചര്യത്തില്‍ ഒരു സിനിമയ്ക്കുള്ള വകുപ്പുണ്ട്. ആറുമാസം പ്രായമുള്ളപ്പോഴാണ് കാലിഫോര്‍ണിയയിലെ വളര്‍ത്ത് മൃഗങ്ങളെ വില്‍ക്കുന്ന ഒരു കടയില്‍ നിന്നു ടിഫാനിയെ ഷാരോണ്‍ വാങ്ങുന്നത്. വയസ്സ് 27 ആകുമ്പോഴും ടിഫാനിക്ക് കാഴ്ചയ്ക്കും കേള്‍വിക്കും ഒരു കുറവുമില്ല. ഇടയ്ക്ക് രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുമായിരുന്നുവെങ്കിലും ചികിത്സയിലൂടെ അത് ഭേദമാക്കി. പൂച്ചകളുടെ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും കൂടിയ പ്രായം 38 വര്‍ഷവും മൂന്ന് ദിവസവുമാണ്. നിലവില്‍ ആരോഗ്യത്തില്‍ യാതൊരു കുഴപ്പവും കാണിക്കാത്ത ടിഫാനി 11 വര്‍ഷം കൂടി ജീവിച്ചിരിക്കണമെന്നാണ് ഷാരണ്‍ ആഗ്രഹിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല