സ്വന്തം ലേഖകന്‍: ഡല്‍ഹി തിഹാര്‍ ജയിലില്‍ തുരങ്കം, വിചാരണ തടവുകാരന്‍ ജയില്‍ ചാടി. ത്രിതല സുരക്ഷാ സംവിധാനമുള്ള തിഹാര്‍ ജയിലിന്റെ മതിലിനടിയില്‍ നിര്‍മ്മിച്ച തുരങ്കത്തിലൂടെയാണ് വിചാരണ തടവുകാരനായ ജാവേദ് രക്ഷപ്പെട്ടത്. പിടിച്ചുപറിക്കേസില്‍ പ്രതിയാണ് പതിനെട്ട് വയസുകാരനായ ജാവേദ്.
ജാവേദിനൊപ്പം ജയില്‍ ചാടാന്‍ ശ്രമിച്ച മറ്റൊരു തടവുകാരന്‍ ഫൈസാനെ ജയില്‍ വളപ്പിനു സമീപം മലിനജല കുഴലിനുള്ളില്‍നിന്നു പൊലീസ് പിടികൂടി. ഡല്‍ഹി ലഫ്. ഗവര്‍ണര്‍ നജീബ് ജങ് ജുഡീഷ്യല്‍ അന്വേഷണത്തിനു ഉത്തരവിട്ടു. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സൗത്ത് വെസ്റ്റ് ജില്ലാ മജിസ്‌ട്രേട്ട് അങ്കുര്‍ ഗാര്‍ഗിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഒപ്പം കേന്ദ്ര ആഭ്യന്തര മന്ത്രാലയവും റിപ്പോര്‍ട്ട് തേടി.
ശനിയാഴ്ച രാത്രിയാണ് സംഭവം. 18 മുതല്‍ 21 വരെ വയസ്സ് പ്രായയുള്ള വിചാരണ തടവുകാരെ പാര്‍പ്പിക്കുന്ന ഏഴാം നമ്പര്‍ ജയിലിലായിരുന്നു ഇരുവരും. മതില്‍ ചാടി തൊട്ടടുത്ത എട്ടാം നമ്പര്‍ ജയിലിലെത്തിയശേഷം മതിലിനുതാഴെ തുരങ്കം നിര്‍മിച്ചായിരുന്നു രക്ഷപ്പെടല്‍.
പതിവു കണക്കെടുപ്പിനിടെ ഞായറാഴ്ച രാവിലെയാണ് രണ്ടു തടവുകാരുടെ അസാന്നിധ്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് മതിലിനു പുറത്തെ മലിനജലക്കുഴലിനുള്ളില്‍ കുടുങ്ങിയനിലയില്‍ ഫൈസാനെ പിടികൂടിയത്.
മലിനജലക്കുഴലിലൂടെ ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സിനു സമീപത്തെത്തിയ ജാവേദ് മതില്‍ ചാടി ജയില്‍ ഡയറക്ടര്‍ ജനറലിന്റെ വാസസ്ഥലത്തിനു സമീപം പാര്‍ക്കിലെത്തി രക്ഷപ്പെട്ടെന്നാണ് നിഗമനം. ജാവേദിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നു ഞായറാഴ്ച രാത്രി ജയില്‍ അധികൃതര്‍ ഹരിനഗര്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് ജയില്‍ ചാട്ടം പുറംലോകം അറിയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല