1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 19, 2025

സ്വന്തം ലേഖകൻ: യുഎസിൽ ടിക് ടോക്ക് പ്രവർത്തനങ്ങൾ അവസാനിപ്പിച്ചു. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും ജനപ്രിയ വീഡിയോ ആപ്പ് നീക്കം ചെയ്തതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. നിരോധനം ഇന്ന് മുതൽ പ്രാബല്യത്തിൽ വരാനരിക്കെയാണ് പ്രവർത്തനങ്ങൾ അവസാനിപ്പിച്ചത്. യുഎസ് ഉപയോക്താക്കൾക്ക് ടിക് ടോക്ക് വിതരണം ചെയ്യുന്നതിൽ നിന്ന് മൊബൈൽ ആപ്പ് സ്റ്റോറുകളും ഇൻ്റർനെറ്റ് ഹോസ്റ്റിംഗ് സേവനങ്ങളും വിലക്കുന്ന നിയമം സർക്കാർ നടപ്പാക്കാനിരിക്കെയാണ് നിരോധനം. ടിക് ടോക്കിന് കരാർ ഉണ്ടാക്കാൻ 90 ദിവസം കൂടി നൽകുമെന്ന് നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ദേശീയ സുരക്ഷയെയും ഡാറ്റ സ്വകാര്യതയെയും കുറിച്ചുള്ള ആശങ്കകൾ കാരണം ഹ്രസ്വ വീഡിയോ പ്ലാറ്റ്‌ഫോം നിരോധിക്കാനുള്ള നടപടികൾ യുഎസ് സർക്കാർ സ്വീകരിച്ചിരുന്നു. സുരക്ഷാ ഭീഷണികള്‍ ചൂണ്ടിക്കാട്ടിയാണ് ചൈനീസ് ആപ്ലിക്കേഷനായ ടിക് ടോക്കിന് നിരോധനം ഏര്‍പ്പെടുത്താൻ ബൈഡൻ ഭരണകൂടം തീരുമാനിച്ചത്. ഇതിനായി ‘പ്രൊട്ടക്റ്റിങ് അമേരിക്കൻസ് ഫ്രം ഫോറിൻ അഡ്‌വേഴ്‌സറി കൺട്രോൾഡ് ആപ്ലിക്കേഷൻസ് ആക്‌ട്’ എന്ന ബില്ലും പ്രതിനിധി സഭ പാസാക്കി.

ഈ സാഹചര്യത്തിലാണ് ഡൊണാള്‍ഡ് ട്രംപ് ടിക് ടോക്കിന് അനുകൂല നിലപാട് സ്വീകരിച്ചത് . ടിക് ടോക്കിലൂടെ കൂടുതല്‍ വോട്ടര്‍മാരിലേക്ക് തനിക്ക് എത്താൻ സാധിച്ചുവെന്നും അതുകൊണ്ട് ആപ്പിന് കുറച്ചുകാലത്തേക്ക് കൂടി പ്രവര്‍ത്തനാനുമതി നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും ട്രംപ് അരിസോണയില്‍ നടന്ന പരിപാടിക്കിടെ പറഞ്ഞിരുന്നു.

ചൈനീസ് മാതൃ കമ്പനി ബൈറ്റ്ഡാൻസ് വിൽക്കുന്നില്ലെങ്കിൽ ദേശീയ സുരക്ഷയുടെ അടിസ്ഥാനത്തിൽ യുഎസിൽ നിരോധിക്കുന്ന നിയമം ശനിയാഴ്ച സുപ്രീം കോടതി ശരിവച്ചിരുന്നു. അമേരിക്കയില്‍ 170 ദശലക്ഷത്തിലധികം ഉപയോക്താക്കളാണ് ടിക് ടോക്കിനുള്ളത്. ബെയ്‌ജിങ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബൈറ്റ്‌ഡാൻസ് എന്ന ചൈനീസ് കമ്പനിയാണ് ടിക് ടോക്കിന്‍റെ മാതൃസ്ഥാപനം.

ബൈറ്റ്ഡാൻസ് അവരുടെ ഓഹരികൾ വിൽക്കുകയോ അല്ലെങ്കില്‍ നിരോധനം നേരിടേണ്ടി വരികയോ ചെയ്യുമെന്നാണ് അമേരിക്ക പാസാക്കിയ ബില്ലില്‍ പറയുന്നത്. ഇതിനായി സര്‍ക്കാരിന് അംഗീകരിക്കാൻ കഴിയുന്ന സ്ഥാപനത്തെ കണ്ടെത്താൻ ആറു മാസത്തെ സമയമായിരുന്നു അമേരിക്ക ചൈനീസ് കമ്പനിക്ക് നല്‍കിയത്. ഈ നിശ്ചിത സമയത്തിനുള്ളില്‍ നിബന്ധനകള്‍ പാലിക്കാൻ ബൈറ്റ്ഡാൻസിന് കഴിഞ്ഞില്ലെങ്കില്‍ ടിക് ടോക്കിന് അമേരിക്കയിൽ പ്രവർത്തനം അവസാനിപ്പിക്കേണ്ടി വരുമെന്ന് ബൈഡൻ ഭരണകൂടം പറഞ്ഞിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.