സ്വന്തം ലേഖകന്‍: ടൈം മാസികയുടെ ലോകത്തെ സ്വാധീനിച്ച 25 കൗമാര പ്രതിഭയുടെ പട്ടികയില്‍ ഇടംനേടി മലയാളി അമികയും. ലോകത്തെ സ്വാധീനിച്ച 25 കൗമാരക്കാരുടെ പട്ടികയില്‍ കേരളത്തില്‍ വേരുകളുളള ബ്രിട്ടിഷുകാരി അമിക ജോര്‍ജ് ഉള്‍പ്പെടെ 3 ഇന്ത്യക്കാര്‍. യുഎസ്സില്‍ താമസിക്കുന്ന കാവ്യ കൊപ്പരാപ്പു, ഋഷഭ് ജെയ്ന്‍ എന്നിവരാണ് അമികയെ കൂടാതെ പട്ടികയിലുള്ളത്.
ബ്രിട്ടനിലെ പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി സാനിറ്ററി പാഡുകള്‍ നല്‍കി ആര്‍ത്തവകാല ശുചിത്വം ഉറപ്പാക്കുന്നതിനുള്ള ‘ഫ്രീ പിരിയഡ്‌സ്’ ക്യാംപെയ്‌നു തുടക്കമിട്ടാണ് അമിക രാജ്യാന്തര പ്രശസ്തയായത്. എട്ടാം ക്ലാസുകാരനായ ഋഷഭ് പാന്‍ക്രിയാസ് കാന്‍സറിനുള്ള മരുന്നുകളുടെ കണ്ടെത്തലിലേക്കു നയിക്കാവുന്ന കംപ്യൂട്ടര്‍ പ്രോഗ്രാമുകളുടെ ഘടന വികസിപ്പിച്ചു.
ഹാര്‍വഡ് സര്‍വകലാശാല വിദ്യാര്‍ഥിയായ ആന്ധ്രക്കാരി കാവ്യ, തലച്ചോറില്‍ അര്‍ബുദം ബാധിച്ചവരുടെ കോശങ്ങള്‍ സൂക്ഷ്മമായും ആഴത്തിലും പഠിക്കാനുള്ള കംപ്യൂട്ടര്‍ സംവിധാനം വികസിപ്പിച്ചു ശ്രദ്ധ നേടി. അമികയുടെ അച്ഛന്‍ ഫിലിപ് ജോര്‍ജ് പത്തനംതിട്ടയില്‍ നിന്നും അമ്മ നിഷ കൊല്ലത്തുനിന്നുമാണ്. അമികയും സഹോദരന്‍ മിലനും ജനിച്ചതും വളര്‍ന്നതും ബ്രിട്ടനിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല