1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 9, 2012

ലണ്ടന്‍ ഒളിംപിക്‌സില്‍ മലയാളി താരം ടിന്റു ലൂക്ക ഇന്ന്‌ വീണ്ടും ട്രാക്കിലിറങ്ങും. 800 മീറ്റര്‍ സെമി ഫൈനല്‍ മത്സരത്തിലാണ്‌ ടിന്റു വ്യാഴാഴ്‌ച മത്സരിക്കാനിറങ്ങുന്നത്‌. യോഗ്യതാ റൗണ്ടില്‍ മൂന്നാം സ്ഥാനം നേടിയാണ്‌ ടിന്റു സെമി ഫൈനലില്‍ പ്രവേശിച്ചത്‌. തന്റെ ഗുരുവായ പിടി ഉഷയ്‌ക്ക്‌ ഏറ്റവും മികച്ച ഗുരു ദക്ഷിണ തന്നെ നല്‍കാന്‍ ടിന്റുവിന്‌ ആകും എന്നും പ്രത്യാശിക്കാം.

ഇരുപത്തിയെട്ടു വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഇന്ത്യയെ ഒന്നാകെ കണ്ണീരിലാഴ്‌ത്തികൊണ്ട്‌ പിടി ഉഷയ്‌ക്ക്‌ ഒളിംപിക്‌സ്‌ മെഡല്‍ നഷ്ടപ്പെട്ടത്‌ ഒരു നിമിഷത്തിന്റെ നൂറില്‍ ഒരു അംശത്തിന്റെ വ്യത്യാസത്തില്‍ ആയിരുന്നു. ആ നഷ്ടബോധം തന്റെ പ്രിയ ശിഷ്യ ടിന്റുവിലൂടെ ലണ്ടനില്‍ നികത്താനായാല്‍ പിടി ഉഷയ്‌ക്ക്‌ ഇതില്‍പരം ഒരു ചാരിതാര്‍ത്ഥ്യം ലഭിക്കാനില്ല.

2 മിനിറ്റ്‌ 1.75 സെക്കന്റുകള്‍ കൊണ്ടാണ്‌ ടിന്റു ഫിനിഷിങ്‌ പോയിന്റിലെത്തിയത്‌. ഷൈനി വില്‍സണ്‍ 15 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ കുറിച്ച റെക്കോര്‍ഡ്‌ ആണ്‌ ടിന്റു പ്രാഥമിക റൗണ്ടില്‍ മറികടന്നിരിക്കുന്നത്‌.

നിലവില്‍ ഇന്ത്യ നാലു മെഡലുകളാണ്‌ ലണ്ടന്‍ ഒളിംപിക്‌സ്‌ 2012ല്‍ നിന്നും നേടിയിരിക്കുന്നത്‌. ചരിത്രത്തില്‍ ആദ്യമായാണ്‌ ഇന്ത്യ ഒളിംപിക്‌സില്‍ നാല്‌ മെഡലുകള്‍ നേടുന്നത്‌. ഒരു വെള്ളിയും മൂന്ന്‌ വെങ്‌ലവും ആണ്‌ ഇന്ത്യയുടെ ലണ്ടനില്‍ നിന്നുള്ള സമ്പാദ്യം. 2008ലെ ബീജിങ്‌ ഒളിംപിക്‌സില്‍ ഒരു സ്വര്‍ണവും രണ്ട്‌ വെങ്കലവും ആയിരുന്നു ഇന്ത്യ നേടിയിരുന്നത്‌.

സഹാന കുമാരി, ഗീത പോഗത്‌ എന്നിവരാണ്‌ ടിന്റുവിന്‌ പുറമെ വ്യാഴാഴ്‌ച ഇന്ത്യക്ക്‌ വേണ്ടി മത്സരത്തിനിറങ്ങുന്നത്‌. സഹാന വനിതാ ഹൈ ജമ്പിലും, ഗീത പോഗത്‌ 55 കിലോ ഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്‌തിയിലും ആണ്‌ മാറ്റുരക്കുക. രണ്ടും യോഗ്യതാ റൗണ്ട്‌ ആണ്‌.

800 മീറ്ററില്‍ ഒളിംപിക്‌സില്‍ ഷൈനി വില്‍സണും, കെഎം ബീനാ മോള്‍ക്കും ശേഷം സെമിയില്‍ എത്തുന്ന ഇന്ത്യന്‍ താരം എന്ന ബഹുമതിയും ടിന്റുവിന്‌ സ്വന്തം.
യോഗ്യതാ റൗണ്ടില്‍ ആരും രണ്ട്‌ മിനിറ്റില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ ഫിന്‌ഷ്‌ ചെയ്‌തിട്ടില്ല. തന്റെ ഏറ്റവും മികച്ച പ്രകടനവും, ദേശീയ റെക്കോര്‍ഡുമായ ഒരു മിനിറ്റ്‌ 59.17 സെക്കന്റ്‌ സമയം സെമിയില്‍ പുറത്തെടുത്താലും ടിന്റുവിന്‌ ഫൈനലില്‍ പ്രവേശിക്കാനാവും എന്നു വേണം പ്രതീക്ഷിക്കാന്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.