
സ്വന്തം ലേഖകൻ: ജീവനോടെ കണ്ടെത്താനാകുമോ ആ അഞ്ചുപേരെ? അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിലുള്ള, ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ അഞ്ചുപേരുമായി പുറപ്പെട്ട ജലപേടകം ടൈറ്റന്‍ ഇപ്പോഴും കാണാമറയത്ത്. പേടകത്തിനുള്ളിലെ ഓക്‌സിജന്‍ തീരാറാകുന്നു എന്നത് കൂടുതല്‍ ആശങ്കയ്ക്ക് വഴിവെക്കുകയാണ്.
കഷ്ടിച്ച് പത്തു മണിക്കൂറത്തേക്ക് ആവശ്യമായ ഓക്‌സിജന്‍ മാത്രമാണ് പേടകത്തിനുള്ളില്‍ ഉള്ളതെന്നാണ് വിവരം. അടിയന്തരസാഹചര്യങ്ങളില്‍ 96 മണിക്കൂര്‍ വരെ ആവശ്യമായ ഓക്‌സിജന്‍ ടൈറ്റനിലുണ്ട്. എന്നാല്‍ കാണാതായി ദിവസങ്ങള്‍ പിന്നിടുമ്പോള്‍ പേടകത്തിനുള്ളിലെ ഓക്‌സിജന്റെ അളവ് കുറയുകയാണ്.
ഞായറാഴ്ച രാവിലെയാണ് പോളാര്‍ പ്രിന്‍സ് എന്ന കനേഡിയന്‍ കപ്പലില്‍നിന്ന് ഓഷ്യന്‍ ഗേറ്റ് എക്‌സ്‌പെഡീഷന്‍സ് കമ്പനിയുടെ ടൈറ്റന്‍ ജലപേടകം യാത്രക്കാരുമായി ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാനുള്ള യാത്ര ആരംഭിച്ചത്. സമുദ്രാന്തര്‍ഭാഗത്തേക്ക് ഊളിയിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ ടൈറ്റനുമായുള്ള ബന്ധം പോളാര്‍ പ്രിന്‍സിന് നഷ്ടപ്പെടുകയായിരുന്നു.
കാനഡ, യുഎസ്, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളുടെ നേതൃത്വത്തില്‍ വ്യാപമായ തിരച്ചില്‍ മേഖലയില്‍ പുരോഗമിക്കുകയാണ്. സമുദ്രത്തിനടിയില്‍ ടൈറ്റന്‍ അപ്രത്യക്ഷമായതിന് സമീപത്തുനിന്ന്, ചൊവ്വാഴ്ച ശബ്ദതരംഗങ്ങള്‍ ലഭിച്ചുവെന്ന റിപ്പോര്‍ട്ട് ബുധനാഴ്ച പുറത്തെത്തിയത് ആശ്വാസം പകര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോഴും പേടകം എവിടെയെന്ന് കണ്ടെത്താനാകാത്തത് ആശങ്കയിലേക്കാണ് വഴിതെളിക്കുന്നത്.
ഓഷ്യന്‍ഗേറ്റ് എക്‌സ്‌പെഡീഷന്‍സിന്റെ സ്ഥാപകനും ചീഫ് എക്‌സിക്യുട്ടീവുമായ സ്റ്റോക്ടണ്‍ റഷ്, ബ്രിട്ടീഷ് ശതകോടീശ്വരന്‍ ഹാമിഷ് ഹാര്‍ഡിങ്, പാകിസ്താന്‍ വ്യവസായഭീമന്‍ ഷഹ്‌സാദാ ദാവൂദും മകന്‍ സുലെമാനും, ഫ്രഞ്ച് സമുദ്ര പര്യവേഷകന്‍ പോള്‍ ഹെന്റി നാര്‍ജിയോലെറ്റ് എന്നിവരാണ് ടൈറ്റന്‍ പേടകത്തിനുള്ളത്. ഇതില്‍ സ്റ്റോക്ടണ്‍ റഷാണ് പേടകം നിയന്ത്രിക്കുന്നത്. പുറത്തുനിന്ന് മാത്രം തുറക്കാവുന്ന വിധത്തിലാണ് ടൈറ്റന്‍ രൂപകല്‍പന ചെയ്തിട്ടുള്ളത്. അതിനാല്‍ത്തന്നെ പേടകം കണ്ടെത്തുന്ന രക്ഷാപ്രവര്‍ത്തകര്‍ക്കു മാത്രമേ അതിനുള്ളവരെ പുറത്തേക്ക് ഇറക്കാനാകൂ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല