സ്വന്തം ലേഖകന്‍: മാധ്യമ പ്രവര്‍ത്തകന്‍ ടിഎന്‍ ഗോപകുമാര്‍ അന്തരിച്ചു, ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം. ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് ആയിരുന്ന ടി.എന്‍. ഗോപകുമാറിന് 58 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ പുലര്‍ച്ചെ 3.50 നായിരുന്നു അന്ത്യം.
മൃതദേഹം വിലാപയാത്രയായി പേട്ട പള്ളിമുക്കിലെ അനിത അപ്പാര്‍ട്ട്‌മെന്റ്‌സിലും ഏഷ്യാനെറ്റ് ഓഫീസിലും പിന്നീട് പ്രസ് ക്ലബിലും എത്തിച്ചു. വൈകിട്ട് അഞ്ചു മണിക്ക് സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ശാന്തികവാടത്തില്‍ സംസ്‌കരിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, എഴുത്തുകാരായ എം. മുകുന്ദന്‍, സുഗതകുമാരി, പെരുമ്പടവം ശ്രീധരന്‍, സക്കറിയ തുടങ്ങി രാഷ്ട്രീയസാംസ്‌കാരികസാമൂഹിക മേഖലകളിലെ നിരവധി പ്രമുഖര്‍ അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കാനെത്തി.
അര്‍ബുദരോഗബാധിതനായി ഏറെക്കാലം ചികിത്സയിലായിരുന്ന അദ്ദേഹം തന്റെ ജനപ്രിയ പരിപാടിയായ കണ്ണാടിയിലൂടെയാണ് പ്രശസ്തനായത്. മംഗളം ദിനപത്രത്തിന്റെ തുടക്കകാലത്ത് ഡല്‍ഹിയിലെ പ്രധാന ലേഖകനായിരുന്നു ഗോപകുമാര്‍. പിന്നീട് ഏറെക്കാലം മംഗളത്തില്‍ പംക്തിയെഴുതി. ഇന്ത്യന്‍ എക്‌സ്പ്രസ്, മാതൃഭൂമി, ന്യൂസ് ടൈം, ഇന്‍ഡിപെന്‍ഡെന്റ്, ഇന്ത്യാ ടുഡേ, സ്‌റ്റേറ്റ്‌സ്മാന്‍ എന്നീ ദിനപത്രങ്ങളിലും ബി.ബി.സി. റേഡിയോയിലും പ്രവര്‍ത്തിച്ചശേഷമാണ് ഏഷ്യാനെറ്റില്‍ എത്തിയത്.
ഏഷ്യാനെറ്റ് ന്യൂസിന്റെ തുടക്കം മുതല്‍ വാര്‍ത്താ വിഭാഗത്തിന്റെ മേധാവിയായിരുന്ന ടി.എന്‍. ഗോപകുമാര്‍ അവതരിപ്പിച്ച കണ്ണാടി ഇന്ത്യന്‍ ടെലിവിഷന്‍ രംഗത്ത് ചരിത്രം സൃഷ്ടിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല