![](http://www.nrimalayalee.com/wp-content/uploads/2020/09/UK-COVID-resurgence-England-Social-gatherings-to-be-strictly-limited-NMC-overseas-nurses-English-language-testing-at-home.jpg)
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നതിനിടയിൽ ആറിലധികം ആളുകളുടെ സാമൂഹിക ഒത്തുചേരലുകൾ നിരോധിച്ച് ഇംഗ്ലണ്ട്. തിങ്കളാഴ്ച മുതൽ നിരോധനം പ്രാബല്യത്തിൽ വരും. പുതിയ നിയമ പ്രകാരം വീടിനകത്തോ പുറത്തോ വലിയ ആൾക്കൂട്ടങ്ങൾ കണ്ടുമുട്ടുന്നത് തടയുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
എന്നാൽ ഈ നിയന്ത്രണം സ്കൂളുകൾ, ജോലിസ്ഥലങ്ങൾ അല്ലെങ്കിൽ കൊവിഡ്-സുരക്ഷിത വിവാഹങ്ങൾ, ശവസംസ്കാരങ്ങൾ, സംഘടിത ടീം സ്പോർട്സ് എന്നിവയ്ക്ക് ബാധകമല്ല.
ജനങ്ങൾ നിയമം അനുസരിക്കുന്നതിൽ പരാജയപ്പെട്ടാൽ പരമാവധി 3,200 പൗണ്ട് വരെ പിഴ ഈടാക്കും. സെപ്റ്റംബർ 14 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയന്ത്രണത്തിൽ നിന്ന് ആറ് അംഗങ്ങളിൽ അധികമുള്ള വീടുകളും സപ്പോർട്ട് ബബിൾസും ഒഴിവാക്കിയിട്ടുണ്ട്. ഇളവുകളുടെ പൂർണ്ണമായ ലിസ്റ്റ് സർക്കാർ പിന്നീട് പ്രസിദ്ധീകരിക്കും.
പ്രധാനമന്ത്രി ബോറിസ് ജോൺസൺ ബുധനാഴ്ച ഡൗണിംഗ് സ്ട്രീറ്റ് വാർത്താ സമ്മേളനത്തിൽ കൂടുതൽ വിവരങ്ങൾ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ ജൂലൈ നാലിന് ഏർപ്പെടുത്തിയ 30 ആളുകൾ എന്ന പരിധി ഗണ്യമായി കുറയ്ക്കുന്നതാണ് പുതിയ നിയമം. നിയമം ലംഘിക്കുന്നവർക്ക് 100 പൗണ്ട് പിഴ ഈടാക്കാൻ പോലീസിനും അധികാരമുണ്ടായിരിക്കും. കുറ്റം ആവർത്തിച്ചാൽ 3,200 പൗണ്ട് വരെ പിഴ ഈടാക്കും.
ഞയറാഴ്ച്ച കൊവിഡ് കേസുകൾ മൂവായിരമായി വർദ്ധിച്ചതാണ് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. മെയ് മുതൽ ഏറ്റവും ഉയർന്ന കണക്കാണ് ഞായറാഴ്ച്ച രേഖപ്പെടുത്തിയത്. ബോൾട്ടണിലും നിയന്ത്രണങ്ങൾ കഴിഞ്ഞ ദിവസം വീണ്ടും കർശനമാക്കിയിരുന്നു. ഹോസ്പിറ്റാലിറ്റി മേഖലയിൽ രാത്രി 10 മണി മുതൽ കർഫ്യൂ ഏർപ്പെടുത്തുകയും ഭക്ഷണം കഴിക്കുന്നത് ഉൾപ്പെടെ നിരോധിക്കുകയും ചെയ്തിട്ടുണ്ട്.
കൊവിഡിന്റെ പശ്ചാത്തലത്തിൽ ഒഇടി, പരീക്ഷാ നടത്തിപ്പിന്റെ രീതികളിൽ ബ്രിട്ടനിലെ നഴ്സിങ് ആൻഡ് മിഡ്വൈഫറി കൌൺസിൽ പ്രഖ്യാപിച്ച ഇളവുകൾ ഈ മാസം അവസാനത്തോടെ പ്രാവർത്തികമാകും. ഇംഗ്ലീഷ് യോഗ്യതാ പരീക്ഷ പാസാകുന്ന നഴ്സിങ് ഉദ്യോഗാർഥികളുടെ ലഭ്യതക്കുറവാണ് പരീക്ഷാ നടത്തിപ്പിലെ ഈ ഇളവുകൾക്കു പിന്നിൽ. ഒഇടി പരീക്ഷ വീട്ടിൽ ഇരുന്നുകൊണ്ട് കംപ്യൂട്ടർ വഴി എഴുതിയാലും അംഗീകാരം നൽകാനുള്ള തീരുമാനമാണ് ഉടൻ നടപ്പിലാകുന്നത്.
പരീക്ഷാസെന്ററുകളിലും വീട്ടിലിരുന്നും കംപ്യൂട്ടർ വഴി എഴുതുന്ന പരീക്ഷകൾക്ക് അംഗീകാരം നൽകുമെന്നായിരുന്നു നഴ്സിങ് ആൻഡ് മിഡ്വൈഫറി കൗൺസിൽ ആഴ്ചകൾക്കു മുമ്പ് പ്ര്യഖ്യാപിച്ചത്.
ഇന്റർനാഷണൽ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിംങ് സിസ്റ്റം, (ഐഇഎൽടിഎസ്), വഴിയോ ഓക്കിപ്പേഷണൽ ഇംഗ്ലീഷ് ടെസ്റ്റ് വഴിയോ (ഒ.ഇ.ടി.) ആണ് ബ്രിട്ടണിലേക്ക് പറക്കാൻ ആഗ്രഹിക്കുന്ന നഴ്സുമാർ ഇംഗ്ലീഷ് പ്രാവീണ്യം തെളിയിക്കേണ്ടത്. ഇംഗ്ലീഷ് സംസാരഭാഷയല്ലാത്ത രാജ്യങ്ങളിൽ പഠിക്കാത്ത എല്ലാവരും ഇത് പാസാകണം.
ഇതിൽ ഒഇടിയ്ക്കാണ് സ്വന്തം വീടുകളിൽ ഇരുന്ന് പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുങ്ങുന്നത്. പരീക്ഷാകേന്ദ്രങ്ങളിൽ നടക്കുന്ന അതേ രീതിയിൽ തന്നെയാകും വീട്ടിലിരുന്നും പരീക്ഷ എഴുതേണ്ടത്.
പരീക്ഷയുടെ ഉള്ളടക്കത്തിലും മാർക്കിങ് മാനദണ്ഡങ്ങളിലും മാറ്റമുണ്ടാകില്ല. പ്രത്യേക ക്ഷണം ലഭിക്കുന്ന ഏതാനും പേർക്കുമാത്രമാകും ആദ്യമാസങ്ങളിൽ ഒഇടി.അറ്റ് ഹോമിന് അവസരം. പരീക്ഷാർഥിയുടെ സ്ഥലം, ടെസ്റ്റിങ് സെന്ററിൽ എത്താനുള്ള ബുദ്ധിമുട്ട് എന്നിവ കണക്കിലെടുത്താകും അപേക്ഷകർക്ക് ഈ സൗകര്യം അനുവദിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല