കഴിഞ്ഞ കുറെ ആഴ്ചകളായി ഒന്നാം സമ്മാനം ആര്‍ക്കും ലഭിക്കാത്തതിനാല്‍ റോള്‍ ഓവര്‍ ചെയ്ത യൂറോമില്യണ്‍ ലോട്ടറിയുടെ ഇന്നത്തെ സമ്മാനത്തുക റെക്കോര്‍ഡ് തുക. നെറുക്കെടുപ്പിന്റെ അവസാന മണിക്കൂറുകളിലേക്ക് എത്തുമ്പോള്‍ മണിക്കൂറില്‍ മൂന്ന് മില്യണ്‍ ലോട്ടറികളാണ് വില്‍ക്കുന്നതെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നു. യൂറോമില്യണ്‍ ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ഇത്തവണ ഉള്ളതെന്ന് നേരത്തെതന്നെ വാര്‍ത്ത പുറത്തുവന്നിരുന്നു. അതിനുപിന്നാലെയാണ് ഈ പുതിയ റിപ്പോര്‍ട്ട് വെളിയില്‍ വരുന്നത്. ഇത്തവണ റെക്കോര്‍ഡ് തുകയായ 166 മില്യണ്‍ പൗണ്ടാണ് യൂറോമില്യണ്‍ ലോട്ടറി അടിക്കുന്നവരെ കാത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ലക്ഷങ്ങളാണ് ഭാഗ്യം പരീക്ഷിക്കാന്‍ മുന്നോട്ടു വരുന്നത്.
സാമ്പത്തികമാന്ദ്യമാണെങ്കിലും ലോട്ടറിക്കുവേണ്ടി കുറച്ച് പൗണ്ടുകള്‍ മുടക്കാന്‍ തന്നെയാണ് ബ്രിട്ടീഷുകാര്‍ തയ്യാറെടുക്കുന്നത്. യൂറോപ്പിന് വെളിയില്‍നിന്നുള്ളവരും യൂറോമില്യണ്‍ ലോട്ടറി എടുക്കുന്നുണ്ട്. യൂറോമില്യണ്‍ ലോട്ടറിയുടെ ചരിത്രത്തിലെതന്നെ ഏറ്റവുംവലിയ ഭാഗ്യപരീക്ഷണം ആയതുകൊണ്ട് എല്ലാവരും ആവേശത്തോടെയാണ് ഇതില്‍ പങ്കെടുക്കുന്നത്. ഒരു മണിക്കൂറില്‍ കൃത്യമായി വില്‍ക്കുന്ന ടിക്കറ്റുകളുടെ എണ്ണം ഏതാണ്ട് 3.3 മില്യനാണ്. ഒരു സെക്കന്റില്‍ 900 ടിക്കറ്റുകള്‍ വില്‍ക്കുന്നുണ്ട്.
ഈ ലോട്ടറി അടിച്ചാല്‍ അവിടത്തെ സാധാരണക്കാരനായ ഒരാള്‍ക്ക് പല പ്രമുഖരുടെയും കൂട്ടത്തില്‍ ഇരിക്കാന്‍ സാധിക്കുന്നത്ര പണക്കാരനാകാന്‍ സാധിക്കുമെന്നതാണ് മെച്ചം. കഴിഞ്ഞ ഒക്ടോബറില്‍ 113 മില്യണ്‍ പൗണ്ട് ലോട്ടറിയടിച്ച ഇപ്പോഴും പേരും വെളിപ്പെടുത്തിയിട്ടില്ലാത്ത അജ്ഞാതനാണ് യൂറോമില്യണ്‍ ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയി. ആ സ്ഥാനം ഈ റിസള്‍ട്ട് വരുന്നതോടെ ഇല്ലാതാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല