സ്വന്തം ലേഖകൻ: ജർമനിയെ തോൽപിച്ച് 41 വർഷങ്ങൾക്കു ശേഷം ഹോക്കിയിൽ ഒളിമ്പിക്സ് മെഡൽ എന്ന ചരിത്രം നേട്ടം സ്വന്തമാക്കി മൻപ്രീതും സംഘവും. ഗോൾമഴ പെയ്ത മത്സരത്തിൽ 5-4 നായിരുന്നു ഇന്ത്യൻ വിജയം. ഇന്ത്യക്കായി സിമ്രൻജീത് സിങ്ങ് ഇരട്ടഗോളുകൾ നേടി.
ഒരുവേള 3-1ന് പിറകിൽ പോയ മത്സരത്തിൽ ഒരിക്കലും വിട്ടുകൊടുക്കില്ലെന്ന മനോഭാവവുമായി പൊരുതിയാണ് ഇന്ത്യൻ ടീം മത്സരം വരുതിയിലാക്കിയത്. മികച്ച സേവുകളുമായി ഇന്ത്യയുടെ മലയാളി ഗോൾകീപ്പർ പി.ആർ. ശ്രീജേഷ് മികച്ച പ്രകടനം കാഴ്ചവെച്ചു.
ഒളിമ്പിക് മെഡൽ നേടുന്ന രണ്ടാമത്തെ മലയാളിയാണ് ശ്രീജേഷ്. 1972 ൽ മെഡൽ നേടിയ മാനുവൽ ഫ്രെഡറിക്സാണ് ഒളിമ്പിക് മെഡൽ സ്വന്തമാക്കിയ ആദ്യ മലയാളി. ഒളിമ്പിക്സ് ഹോക്കിയിലെ ഇന്ത്യയുടെ 12ാമത്തെ മെഡൽ ആണിത്. ടോക്യോയിലെ ഇന്ത്യയുടെ നാലാമത്തെ മെഡലാണിത്.
41 വർഷത്തിനു ശേഷം ഒരു ഒളിമ്പിക്സ് മെഡലെന്ന സ്വപ്നവുമായ ഇന്ത്യ യൂറോപ്യൻ വമ്പന്മാർക്കെതിരെ ഇറങ്ങിയത്. നേരത്തെ, ബെൽജിയത്തോട് 5-2ന് സെമിഫൈനലിൽ തോറ്റതോടെയാണ് അവസാന പ്രതീക്ഷയായ വെങ്കല മത്സരത്തിലേക്ക് മൻപ്രീതും സംഘവും എത്തിയത്. കരുത്തരായ ആസ്ട്രേലിയയോട് 3-1ന് തോറ്റായിരുന്നു ജർമനിയുടെ വരവ്.
ബെൽജിയത്തിനെതിരെ തുടർച്ചയായി പെനാൽറ്റി കോർണറുകൾ വഴങ്ങിയതാണ് സെമിയിൽ ഇന്ത്യക്ക് തിരിച്ചടിയായത്. റിയോ ഒളിമ്പിക്സിൽ വെങ്കല മെഡൽ ജേതാക്കളായ ജർമനിയെ 2017 ഹോക്കി വേൾഡ് ലീഗിൽ തോൽപിച്ച് മൂന്നാം സ്ഥാനം നേടിയ ഓർമകളാണ് ഇന്ത്യക്ക് കരുത്തേകിയത്.
ഒളിമ്പിക്സിൽ ഇരു ടീമുകളും അഞ്ചു തവണ ഏറ്റുമുട്ടിയപ്പോൾ മൂന്ന് തവണയും ജർമനിക്കായിരുന്നു ജയം. ഇന്ത്യ ഒരുതവണ മാത്രമാണ് പച്ചതൊട്ടത്. രണ്ടാം മിനിറ്റിൽ തന്നെ ജർമനി ലീഡ് പിടിച്ചു. ടിം ഹെർസ്ബ്രൂഷും ഫ്ലോറിയൻ ഫച്ചും ചേർന്ന് നൽകിയ പാസ് ഇന്ത്യൻ ഡിഫൻഡർമാരെ മറികടന്ന് തിമൂർ ഒറൂസ് വലയിലാക്കി. നാലാം മിനിറ്റിൽ കോൺസ്റ്റലിൻ സ്റ്റെയിബ് ഗ്രീൻ കാർഡ് കണ്ടതോടെ ജർമനി 10 പേരായി ചുരുങ്ങി. ആദ്യ 15 മിനിറ്റ് ക്വാർട്ടറിൽ ജർമനി 1-0ത്തിന്‍റെ ലീഡെടുത്തു.
രണ്ടാം ക്വാർട്ടർ തുടങ്ങി രണ്ടു മിനിറ്റിനകം തിരിച്ചടിച്ച് ഇന്ത്യ ഒപ്പമെത്തി. മികച്ച കൗണ്ടർ അറ്റാക്കിലൂടെയായിരുന്നു ഇന്ത്യൻ ഗോൾ. പന്ത് സ്വീകരിച്ച് മികച്ച ഒന്ന് രണ്ട് ടാക്കിളുകളിലൂടെ എതിർടീം ഗോൾമുഖത്തേക്ക് ഇരച്ചെത്തിയ നീലകണ്ഠ ശർമ പന്ത് സിമ്രൻജീത് സിങ്ങിന് നീട്ടി നൽകി. ലക്ഷ്യം തെറ്റിക്കാെത സിമ്രൻജീത് ഗോളാക്കി.
20ാം മിനിറ്റിൽ ജർമൻ ഫോർവേഡ് ഫ്ലോറിയൻ ഫുഷിന്‍റെ ഷോട്ട് ഇന്ത്യയുടെ മലയാളി ഗോൾകീപ്പർ പി.ആർ. ശ്രീജേഷ് തട്ടിയകറ്റി. 24ാം മിനിറ്റിൽ നികോളസ് വെലനിന്‍റെ ഗോളിലൂടെ ജർമനി ലീഡ് തിരിച്ചു പിടിച്ചു. പിന്നീട് ഗോളുകളുടെ പൂരമായിരുന്നു. 25ാം മിനിറ്റിൽ സുരേന്ദ്രർ കുമാറിന്‍റെ പിഴവ് മുതലെടുത്ത ബെനഡിക് ഫർക് ജർമനിയുടെ ലീഡ് ഉയർത്തി.
27ാം മിനിറ്റിൽ ഇന്ത്യ രണ്ടാം ഗോൾ നേടി. സിമ്രൻജീത് വിജയിച്ച പെനാൽറ്റി കോർണർ എടുത്തത് രൂപീന്ദർ പാൽ സിങ്ങായിരുന്നു. എന്നാൽ പെനാൽറ്റി കോർണർ ജർമൻ ഗോൾകീപ്പർ തടുത്തെങ്കിലും റീബൗണ്ടായി വന്ന പന്ത് ഹർദിക് സിങ് വലയിലാക്കി. 29ാം മിനിറ്റിൽ ഇന്ത്യ വീണ്ടും ജർമനിയെ ഞെട്ടിച്ചു. മികച്ചൊരു ഡ്രാഗ് ഫ്ലിക്കിലൂടെ പെനാൽറ്റി കോർണർ ഗോളാക്കി ഹർമൻപ്രീത് സിങ്ങാണ് സ്കോർ 3-3 ആക്കിയത്. ടൂർണമെന്‍റിലെ താരത്തിന്‍റെ ഏഴാം ഗോളായിരുന്നു അത്. ഒളിമ്പിക്സിലെ തന്നെ ഏറ്റവും ത്രില്ലിങ്ങായ ക്വാർട്ടറാണ് ലൂസേഴ്സ് ഫൈനലിൽ കണ്ടത്.
മൂന്നാമത്തെ ക്വർട്ടർ തുടങ്ങി നാല് മിനിറ്റിനുള്ളിലാണ് അത് സംഭവിച്ചത്. രണ്ട് ഗോളുകൾ കൂടി നേടി ഇന്ത്യ ലീഡ് 5-3 ആക്കി ഉയർത്തി. 31ാം മിനിറ്റിൽ തങ്ങൾക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി സ്ട്രോക്ക് രൂപിന്ദർ പാൽ സിങ് ഗോളാക്കി. ടൂർണമെന്‍റിൽ രൂപീന്ദർ ഇത് മൂന്നാം തവണയാണ് പെനാൽറ്റി സ്ട്രോക്ക് ഗോളാക്കുന്നത്. മൈതാനത്തിന്‍റെ വലത് വശത്ത് കൂടി മികച്ച മുന്നേറ്റം നടത്തി ജർമൻ
സർക്കിളിൽ കയറിയ ഗുർജന്ദ് സിങ് ക്ലോസ് റേഞ്ചിൽ സിമ്രൻജിത് സിങിന് അവസരം വെച്ച് നീട്ടി. സിമ്രൻജിത് തന്‍റെ രണ്ടാം ഗോൾ പിഴവുകളില്ലാതെ തികച്ചതോടെ സ്കോർ 5-3. മൂന്നാം ക്വാർട്ടറിൽ ഇന്ത്യക്ക് ഒന്നു രണ്ട് പെനാൽറ്റി കോർണർ കൂടി ലഭിച്ചെങ്കിലും ഗോൾ പിറന്നില്ല.
നാലാം ക്വാർട്ടറിൽ ജർമനി തിരിച്ചുവരവിനായി കിണഞ്ഞ് ശ്രമിച്ചു. 48ാം മിനിറ്റിൽ ജർമനി അതിൽ വിജയിച്ചു. പെനാൽറ്റി കോർണറിലൂടെ ലൂകാസ് വിൻഡ്ഫെഡർ ജർമനിക്കായി നാലാം ഗോൾ നേടി. 52ാം മിനിറ്റിൽ മൻദീപ് സിങ്ങിന് മികച്ച അവസരം ലഭിച്ചെങ്കിലും ഗോൾ നേടാനായില്ല.
54ാം മിനിറ്റിൽ ജർമനിയുടെ പെനാൽറ്റി കോർണർ തടുത്ത് ശ്രീജേഷ് ഒരിക്കൽ കൂടി ഇന്ത്യയുടെ രക്ഷകനായി. 57ാം മിനിറ്റിൽ ഗോൾ മടക്കുക എന്ന ഒറ്റ ലക്ഷ്യം മുൻനിർത്തി ജർമനി ഗേൾകീപ്പറെ മടക്കി ഒരു കളിക്കാരനെ ഫീൽഡിൽ ഇറക്കി. കളി തീരാൻ സെക്കൻഡുകൾ മാത്രം ബാക്കി നിൽക്കേ ജർമനി പെനാൽറ്റി കോർണർ നേടിയെങ്കിലും ശ്രീജേഷ് എന്ന വന്മതിൽ കുലുങ്ങിയില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല