സ്വന്തം ലേഖകന്‍: കുടിയേറ്റം നിയന്ത്രിക്കാനും യുകെയിലെ തൊഴിലുകള്‍ സംരക്ഷിക്കാനും ബ്രെക്‌സിറ്റിനു പകരം ഒരു നിയമ നിര്‍മാണം മതിയായിരുന്നു, ബ്രെക്‌സിറ്റ് വിരുദ്ധ പ്രസ്താവനയുമായി മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍. കുടിയേറ്റക്കാരുടെ പ്രവാഹം നിയന്ത്രിക്കാന്‍ ‘ബ്രെക്‌സിറ്റ്’ ആവശ്യമായിരുന്നില്ലെന്നും യൂറോപ്യന്‍ യൂനിയനില്‍ നിന്ന് വേര്‍പിരിയാതെ തൊഴില്‍ മേഖലയിലെ കുടിയേറ്റക്കാരുടെ എണ്ണത്തില്‍ നിയന്ത്രണം കൊണ്ടുവരാന്‍ നിയമ നിര്‍മാണത്തിലൂടെ സാധിക്കുമായിരുന്നു എന്നാണ് ബ്ലെയര്‍ പറഞ്ഞത്.
ബി.ബി.സി ആന്‍ഡ്രൂമാര്‍ ഷോയില്‍ പങ്കെടുക്കവെയാണ് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വിവാദമായ പരാമര്‍ശം. ഇ.യു രാഷ്ട്രങ്ങളില്‍ വിപുലമായി സ്വതന്ത്ര സഞ്ചാരം എന്നതില്‍ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. ഗാര്‍ഹിക തൊഴില്‍ മേഖലകളില്‍ വിദേശികളെ നിയമിക്കുന്നത് നിയന്ത്രിക്കുന്ന നിയമം ആവിഷ്‌കരിക്കുന്നതിനുള്ള ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ നീക്കം ബ്ലെയര്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടി.
ബ്രെക്‌സിറ്റിനെ അംഗീകരിക്കുന്ന ബില്‍ തിങ്കളാഴ്ച പാര്‍ലമെന്റില്‍ വോട്ടിനിടാനിരിക്കെ ബ്ലെയറുടെ ബ്രെക്‌സിറ്റ് വിരുദ്ധ പ്രസ്താവന പ്രതിപക്ഷം ആയുധമാക്കാന്‍ ഇടയുണ്ട്. ആശങ്കകള്‍ പരസ്യമായി പ്രകടിപ്പിക്കാന്‍ രാഷ്ട്രീയ നേതാക്കള്‍ തയാറാകണമെന്നും ബ്ലെയര്‍ അഭ്യര്‍ഥിച്ചു. ബ്രെക്‌സിറ്റ് ഒരു പ്രശ്‌നപരിഹാര മാര്‍ഗമല്ല. പ്രശ്‌നത്തില്‍ നിന്നുള്ള ഒളിച്ചോട്ടം മാത്രമാണ്. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തണമെന്ന് യഥാര്‍ഥ ആഗ്രഹമുള്ളവരാണ് എംപിമാരെങ്കില്‍ ശരിയായ പോംവഴികള്‍ ആവിഷ്‌കരിക്കാനാകണം അവരുടെ പരിശ്രമമെന്നും ബ്ലെയര്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല