മൂന്ന് മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്ക് മുന്‍ ബ്രട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറിന് ലഭിച്ചത് ഒരു മില്യണ്‍ ഡോളര്‍. കോടീശ്വരനായ വ്യവസായിക്ക് ലഭിച്ചതോ 50 ബില്യണ്‍ പൗണ്ടിന്റെ മൈനിംഗ് കരാര്‍. മൈനിംഗ് കമ്പനിയായ എക്‌സ്ട്രാറ്റയും കമ്മോഡിറ്റീ ട്രേഡറായ ഗ്ലെന്‍കോറും തമ്മിലുളള ലയനം സംബന്ധിച്ച തര്‍ക്കമാണ് 24 മണിക്കൂറിനുളളില്‍ മുന്‍ ബ്രട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍ ഇടപെട്ട് പരിഹരിച്ചത്. ലണ്ടനിലെ നക്ഷത്ര ഹോട്ടലായ ക്ലാറിഡ്ജില്‍ രാത്രി വൈകി നടന്ന മീറ്റിംഗിലാണ് ബ്ലെയര്‍ ഇടനിലക്കാരനായത്. ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ക്ക് ഹാമാദ് ബിന്‍ ജാസീം ബിന്‍ ജാബര്‍ അല്‍ താനിയും ഗ്ലെന്‍കോറിന്റെ ബോസ് ഇവാന്‍ ഗ്ലാസന്‍ബെര്‍ഗും തമ്മിലുളള കൂടികാഴ്ചക്കാണ് ടോണി ബ്ലെയര്‍ ഇടനിലക്കാരനായത്.
എക്‌സ്ട്രാറ്റയുമായുളള ലയനത്തിന് മുന്‍പ് കരാറിലെ നിയമങ്ങള്‍ പരിഷ്‌കരിച്ചില്ലങ്കില്‍ എക്്‌സ്ട്രാറ്റയെ എമിറേറ്റ്‌സില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് വിലക്കുമെന്ന് ഖത്തര്‍ പ്രധാനമന്ത്രി, ഗ്ലാസന്‍ബെര്‍ഗിനെ അറിയിച്ചു. അവസാനം നടന്ന ചര്‍ച്ചയില്‍ കൂടുതല്‍ മെച്ചപ്പെട്ട കരാര്‍ സമര്‍പ്പിക്കുന്നതിന് ഗ്ലാസന്‍ബെര്‍ഗിന് ഖത്തര്‍ പ്രധാനമന്ത്രി മൂന്ന് മണിക്കൂര്‍ സമയം അനുവദിക്കുകയായിരുന്നു. പകരം ലയിച്ച കമ്പനിയുടെ മേധാവിയായി ഗ്ലാസെന്‍ബെര്‍ഗ് തുടരും എന്ന കരാര്‍ ഖത്തര്‍ പ്രധാനമന്ത്രിയും അംഗീകരിച്ചു.
ഖത്തറും ഗ്ലാന്‍കോറുമായുളള ഇടപാടുകളുടെ പ്രധാന ഉപദേശകനും പ്രശസ്ത ബാങ്കറുമായ സിറ്റി ഗ്രൂപ്പിലെ മിഖായേല്‍ ക്ലെയിനിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഇരുവരും തമ്മിലുളള ചര്‍ച്ചയ്ക്ക് ടോണി ബ്ലെയര്‍ ഇടനിലക്കാരനായതെന്നാണ് അദ്ദേഹവുമായി അടുപ്പമുളള വൃത്തങ്ങള്‍ പറയുന്നത്. ലോകമാകമാനമുളള പല വമ്പന്‍ ഇടപാടുകള്‍ക്കും ഇടനിലക്കാരനായി ബ്ലെയര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവര്‍ വെളിപ്പെടുത്തുന്നു. വാള്‍സ്ട്രീറ്റ് ബാങ്ക് ജെപി മോര്‍ഗന്റെ കള്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുന്നതിന് 2.5 മില്യണ്‍ പൗണ്ടാണ് ബ്ലെയറിന് പ്രതിവര്‍ഷം പ്രതിഫലമായി ലഭിക്കുന്നത്. ഒപ്പം എക്‌സട്രാറ്റയുടെ ഉപദേശക സ്ഥാനവും വഹിക്കുന്നുണ്ട്.
മിഡില്‍ ഈസ്റ്റില്‍ ഏറ്റവും സ്വാധീനമുളള പാശ്ചാത്യ ശക്തികളില്‍ ഒരാളെന്ന നിലയിലും ഖത്തര്‍ രാജ കുടുംബത്തിന് ഏറ്റവും സ്വീകാര്യനായ നേതാവ് എന്ന നിലയിലുമാണ് ബ്ലെയറിന് മധ്യസ്ഥനാക്കാന്‍ ഖത്തര്‍ ഭരണകൂടം സമ്മതിച്ചത്. മുന്‍പ് രഹസ്യചര്‍ച്ചകള്‍ക്ക് വേദിയായ നക്ഷത്ര ഹോട്ടല്‍ ക്ലാറിഡ്ജിന്റെ ഖത്തറിലെ നിക്ഷേപ പദ്ധതികള്‍ക്ക് മീഡിയേറ്ററായതും ബ്ലെയര്‍ തന്നെയായിരുന്നു. അവസാന നിമിഷത്തെ ഇടപെടലിന് പ്രതിഫലമായി ബ്ലെയറിന് ഒരു മില്യണ്‍ ഡോളര്‍ ഗ്ലെന്‍കോര്‍ നല്‍കും. കൂടാതെ 300 മില്യണ്‍ പൗണ്ട് എക്‌സ്ട്രാറ്റയ്ക്ക് ബ്രേക്ക് ഫീ ആയും നല്‍കണം.
എന്നാല്‍ എക്‌സ്ട്രാറ്റയുമായുളള ലയനത്തിന് ഇനിയും കടമ്പകള്‍ ഏറെ കടക്കാനുണ്ട്. ബ്ലെയറിന്റെ ഇടപെടല്‍ രണ്ട് തുല്യശക്തികളായ കമ്പനികള്‍ തമ്മിലുളള ലയനത്തിന് സാധ്യത കൂട്ടിയതായി ഗ്ലെയ്‌സന്‍ബര്‍ഗ് പറഞ്ഞു. ഗ്ലെന്‍കോറില്‍ പതിനാറ് ശതമാനം ഓഹരികളാണ് ഗ്ലെയ്‌സന്‍ബര്‍ഗിന്റെ പേരിലുളളത്. കമ്പനികള്‍ തമ്മിലുളള ലയനം നടന്നാല്‍ പുതിയ കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവായി തന്നെ നിയമിക്കണമെന്നായിരുന്നു ഗ്ലെയ്‌സന്‍ബര്‍ഗ്ഗിന്റെ ആവശ്യം. ഇതോടെ എക്‌സ്ട്രാറ്റയുടെ ബോസ്സും സൗത്ത് ആഫ്രിക്കന്‍ സ്വദേശിയുമായ മിക്ക് ഡേവിസ് പുറത്തുപോകേണ്ടി വരും. ഇദ്ദേഹത്തിന് നഷ്ടപരിഹാരമായി എട്ട് മില്യണ്‍ പൗണ്ട് നല്‍കും. ഒപ്പം എക്‌സ്ട്രാറ്റയില്‍ അദ്ദേഹത്തിനുളള ഓഹരികളുടെ വിലയായി മറ്റൊരു 30 മില്യണ്‍ പൗണ്ടും നല്‍കും. ഗ്ലെന്‍കോറിന്റെ ബിഡ് അംഗീകരിക്കുകയാണങ്കില്‍ ലോകത്തിലെ ഏറ്റവും വലിയ മൈനിംഗ് കമ്പനിയായി ഇത് മാറും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല