സ്വന്തം ലേഖകന്‍: മാര്‍പാപ്പയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ പേരില്‍ ബാല ലൈംഗിക പീഡനത്തിന് കേസ്. വത്തിക്കാന്റെ സാമ്പത്തികവിഭാഗം മേധാവിയായ ഓസ്‌ട്രേലിയന്‍ കര്‍ദിനാള്‍ ജോര്‍ജ് പെല്ലിനുമേലാണ് പോലീസ് ബാല പീഡനക്കുറ്റം ചുമത്തിയത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിശ്വസ്തനായി അറിയപ്പെടുന്ന കര്‍ദിനാളാണ് പെല്‍.
എന്നാല്‍ ഇദ്ദേഹത്തിന്റെ രാജി പാപ്പ ആവശ്യപ്പെട്ടിട്ടില്ല. 2014 ലാണ് സാമ്പത്തിക വിഭാഗത്തിന്റെ ചുമതലക്കാരനായി ഇദ്ദേഹത്തെ പാപ്പ നിയമിച്ചത്. ഏഴുപത്താറുകാരനായ പെല്‍ വത്തിക്കാനിലെ അധികാര ശ്രേണിയില്‍ മൂന്നാമനാണ്. പേരുവെളിപ്പെടുത്താത്ത രണ്ടു പേരാണ് ഇദ്ദേഹത്തിന്റെപേരില്‍ പരാതി നല്‍കിയത്. 1950 നും 2010 നും ഇടയിലാണ് ഓസ്‌ട്രേലിയയില്‍ ബാലപീഡനങ്ങള്‍ നടന്നത്.
ജൂലായ് 18 ന് മെല്‍ബണ്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകാന്‍ പെല്ലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആരോപണം പെല്‍ നിഷേധിച്ചു. താന്‍ വ്യക്തിഹത്യയുടെ ഇരയാണെന്നും നിരപരാധിത്വം തെളിയിക്കുമെന്നും വത്തിക്കാന്റെ ചുമതലകളില്‍ നിന്ന് അവധിയെടുത്ത് കേസ് നടത്തിപ്പിനായി ഓസ്‌ട്രേലിയയിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു. ഓസ്‌ട്രേലിയയിലെ പ്രമുഖ ബിഷപ്പും 70 കാരനുമായ കര്‍ദിനാളിനെക്കുറിച്ച് നേരത്തേയും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല