അങ്ങനെ 2011 കടന്നുപോകുന്നു. 2012 കടന്നുവരുന്നു… കടന്നുവരുന്നത് അധിവര്‍ഷം. ഫെബ്രുവരിക്ക് 29 ദിവസമുണ്ട്. ഒളിമ്പിക്സ് നടക്കുന്ന വര്‍ഷമാണ്. അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പുമുണ്ട്. അതേ, പോയ വര്‍ഷം ആശയും ആശങ്കയും ബാക്കി വെക്കുമ്പോള്‍ പതിവുപോലെ ആശകളും ആശങ്കകളും പുതുവര്‍ഷത്തെപ്പറ്റിയുമുണ്ട്. കടന്നുപോകുന്ന വര്‍ഷം തുടങ്ങിയതു വലിയ പ്രതീക്ഷകളോടെയാണ്.
കടന്നുപോകുന്ന വര്‍ഷം ഏറ്റവുമധികം ചര്‍ച്ചാവിഷയമായതു യൂറോപ്പാണ്. തുടക്കം തന്നെ യൂറോപ്പിന്റെ ക്ഷീണനിലയിലാണ് ഗ്രീസും പോര്‍ച്ചുഗലും ഐഎംഎഫ് സഹായം തേടിയ സാഹചര്യത്തില്‍, അവസാനിക്കുന്നതു കൂടുതല്‍ ക്ഷീണത്തില്‍- സ്പെയിനും ഇറ്റലിയുംകൂടി സഹായം തേടുന്നു. യൂറോപ്യന്‍ ബാങ്കുകള്‍ പൊളിയുന്നു; പൊളിയാതിരിക്കാന്‍ കേന്ദ്രബാങ്കുകള്‍ പഠിച്ചപണിയെല്ലാം പയറ്റുന്നു.
യൂറോ എന്ന പൊതുനാണയം ഇല്ലാതാകും എന്ന ഭീതി ഇനിയും മാറിയിട്ടില്ല. ദുര്‍ബല രാജ്യങ്ങള്‍ ചെലവുചുരുക്കി കടക്കെണിയില്‍നിന്നു കരകയറുക എന്ന ജര്‍മനിയുടെ കര്‍ശന വ്യവസ്ഥയാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. ഇതിന്റെ ഫലം ദുര്‍ബല യൂറോപ്യന്‍ രാജ്യങ്ങളിലെ സാമ്പത്തിക മാന്ദ്യം എന്നതാണ്. മാന്ദ്യവും തൊഴിലില്ലായ്മയും ഉണ്ടായാലും ഭാവിയുടെ ഭദ്രതയ്ക്ക് ആ മരുന്നേ ഉള്ളൂ എന്നാണു ജര്‍മന്‍ ചാന്‍സലര്‍ ആന്‍ജല മെര്‍ക്കലിന്റെ നിലപാട്.
നികുതിദായകരുടെ പണം മുടക്കി ദുര്‍ബല രാജ്യങ്ങളെ രക്ഷിക്കില്ലെന്ന മെര്‍ക്കലിന്റെ നിലപാടിനു മുന്നില്‍ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍കോസിക്കു വഴങ്ങേണ്ടിവന്നു. ഒടുവില്‍ യൂറോയെ രക്ഷിക്കാന്‍ നിധിയുണ്ടാക്കി ഐഎംഎഫിനു നല്‍കാന്‍ തീരുമാനിച്ചു. യൂറോയില്‍ ചേരാത്ത ബ്രിട്ടന്‍ അതിനു സഹകരിക്കില്ലെന്ന നിലപാടിലായി.
ഭരണമാറ്റങ്ങള്‍, തളര്‍ച്ചകള്‍
വര്‍ഷാന്ത്യം യൂറോപ്പിലെ നില ഇതാണ്: സ്പെയിനിലും ഇറ്റലിയിലും ഗ്രീസിലും ഭരണമാറ്റം നടന്നു. ഗ്രീസില്‍ ഇനി വരുന്ന തെരഞ്ഞെടുപ്പില്‍ പഴയ ഭരണകക്ഷിക്കു പ്രതീക്ഷയില്ല. ഇവിടങ്ങളിലെല്ലാം തൊഴിലില്ലായ്മ രൂക്ഷം. സാമ്പത്തിക വളര്‍ച്ചയ്ക്കു പകരം തളര്‍ച്ച ഉറപ്പായി. ഇതുമൂലം യൂറോപ്പില്‍ മൊത്തം വളര്‍ച്ച പുതുവര്‍ഷത്തില്‍ നാമമാത്രമാകും. ഡോളറുമായി തട്ടിക്കുമ്പോള്‍ യൂറോ താഴോട്ടു പോകുന്നു. 2012 ന്റെ രണ്ടാം പകുതിയിലേ യൂറോപ്പ് എന്തെങ്കിലും ഉണര്‍വു പ്രതീക്ഷിക്കുന്നുള്ളു.
യൂറോപ്പിന്റെ ക്ഷീണവും ധനകാര്യ തകര്‍ച്ചയും ആഗോളമാന്ദ്യം ഉണ്ടാക്കുകയില്ലെന്നുള്ള ശുഭ പ്രതീക്ഷ ഇപ്പോള്‍ ഉണ്ട്. പക്ഷേ യൂറോപ്പിലേക്കുള്ള കയറ്റുമതിയെ ആശ്രയിക്കുന്ന ചൈനയ്ക്കും മറ്റും ആശ്വാസത്തിനു വകയായിട്ടില്ല. യൂറോ പ്രതിസന്ധിയിലെ നിലപാടുകള്‍ ബ്രിട്ടനിലെ കൂട്ടുമന്ത്രിസഭയുടെ തലവന്‍ ഡേവിഡ് കാമറോണിനു നേട്ടമായി. താഴോട്ടുപോയ ജനസമ്മതി വീണ്െടടുക്കാനായി.
യാഥാസ്ഥിതികരുടെ ഈ നേട്ടം സഖ്യകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റുകള്‍ക്കു രസിച്ചിട്ടില്ല. സഖ്യം തകര്‍ക്കാന്‍ യാഥാസ്ഥിതികര്‍ക്കു ധൈര്യം വരുമോ എന്നതാണ് അവരുടെ ചോദ്യം. യൂറോയുടെ പേരില്‍ ഫ്രഞ്ച് പ്രസിഡന്റ് സാര്‍കോസിക്ക് അധികാരം നഷ്ടപ്പെടുമെന്ന് ഉറപ്പാണ്. പ്രതിപക്ഷ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ഫ്രാന്‍സ്വാ ഹോളണ്ടിനാകും മേയിലെ തെരഞ്ഞെടുപ്പില്‍ മുന്‍തൂക്കം. തീവ്ര വലതുപക്ഷത്തെ മറീന്‍ ല പെനും സ്വതന്ത്രനായിവരുന്ന മുന്‍ പ്രധാനമന്ത്രി ഡൊമിനിക് ഡി വിയെപിനും മത്സരരംഗത്തുണ്ട്.
യൂറോപ്യന്‍ പ്രശ്നങ്ങളില്‍ പ്രതീക്ഷയോടെ ഒബാമ
യൂറോപ്പിന്റെ പ്രശ്നങ്ങള്‍ അമേരിക്കയുടെ വളര്‍ച്ചയ്ക്കു ചെറുതല്ലാത്ത തടസമുണ്ടാക്കിയെങ്കിലും വര്‍ഷാന്തം ഒബാമയ്ക്കു സന്തോഷകരമാണ്. തൊഴില്‍ വര്‍ധിക്കുന്നു; തൊഴിലില്ലായ്മ കുറയുന്നു. സെപ്റ്റംബറിലവസാനിച്ച മൂന്നുമാസം യുഎസ് വളര്‍ച്ച 1.8 ശതമാനമുണ്ട്. കഴിഞ്ഞ ഒന്നരവര്‍ഷത്തിലെ ഏറ്റവും കൂടിയ നിരക്കാണിത്. ഈ നിലയ്ക്കു പോയാല്‍ 2012-ല്‍ നാലുശതമാനത്തിനടുത്ത വളര്‍ച്ച പ്രതീക്ഷിക്കാം.
ഒബാമയുടെ ബജറ്റ് നിര്‍ദേശങ്ങളെ പ്രതിപക്ഷ റിപ്പബ്ളിക്കന്മാര്‍ ഓരോ ഘട്ടത്തിലും തടസപ്പെടുത്തുകയും തടയുകയും ചെയ്തതു നയപരമായ പല നീക്കങ്ങള്‍ക്കും പ്രതിബന്ധമായി. എങ്കിലും വര്‍ഷാരംഭത്തിലുണ്ടായിരുന്ന ഇരുണ്ട കാലാവസ്ഥ മാറ്റിയെടുക്കാന്‍ കഴിഞ്ഞു. കഴിഞ്ഞവര്‍ഷത്തെ ഇടക്കാല തെരഞ്ഞെടുപ്പുകളില്‍ ഒബാമയുടെ ഡെമോക്രാറ്റുകള്‍ക്കു ലഭിച്ച തിരിച്ചടി 2012 ല്‍ ഉണ്ടാവുകയില്ലെന്നാണ് ഇപ്പോഴത്തെ പ്രതീക്ഷ. ഒബാമ വീണ്ടും സ്ഥാനാര്‍ഥിയാകും. റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥിത്വം മിറ്റ് റോംനിയോ നുട്ട് ഗിന്‍ഗ്രിച്ചോ അതോ മറ്റാരെങ്കിലുമോ നേടുക എന്നത് ഇനിയും വ്യക്തമല്ല. ആരായാലും ഒബാമയുടെ നില ഭദ്രമാണെന്ന ധാരണയോടെയാണ് 2011 അവസാനിക്കുന്നത്.
തെരുവില്‍ ഇറങ്ങിയവര്‍
2011 തുടങ്ങിയതും തുടര്‍ന്നതും അവസാനിക്കുന്നതും തെരുവുനിറഞ്ഞ പ്രതിഷേധങ്ങളിലാണ്. അഴിമതിവിരുദ്ധത മുതല്‍ ജനാധിപത്യ ആവേശം വരെ തെരുവുകളിലേക്കു ജനത്തെ ഇറക്കി. ചിലയിടങ്ങളില്‍ കൊലയും കൊള്ളിവെപ്പുമായി ചുരുങ്ങി ഇത്തരം സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍. അതിനിടെ മുതലാളിത്തത്തിന്റെ ചീത്തവശങ്ങളോടുള്ള ജനകീയ പ്രതിഷേധം അമേരിക്കയിലും മറ്റു നാടുകളിലും അരങ്ങേറി യൂറോപ്പിലേക്കും വ്യാപിച്ചു. വോള്‍ സ്ട്രീറ്റ് പിടിക്കല്‍ എന്ന പേരില്‍ അമേരിക്കയിലാണ് അതു തുടങ്ങിയത്. കുറെ ആഴ്ചകളിലേക്കു പൊതുശ്രദ്ധ ആകര്‍ഷിക്കാന്‍ കഴിഞ്ഞു. പക്ഷേ, അതിനപ്പുറം അത് ഒന്നുമായില്ല.
ദുരാര്‍ത്തിപൂണ്ട മുതലാളിത്തത്തോടും സമ്പന്നരും ദരിദ്രരും തമ്മില്‍ ഭീമമായ അകലം വളര്‍ത്തുന്ന വ്യവസ്ഥിതിയോടുമുള്ള ജനകീയരോഷം എല്ലാവരും പ്രകടിപ്പിച്ചു. പക്ഷേ, എങ്ങും നേതൃത്വമോ സംഘടനയോ ഇല്ലാതിരുന്നതിനാല്‍ വോള്‍സ്ട്രീറ്റ് പിടിത്തവും ചരിത്രത്തിലെ പല കുമിളകളിലൊന്നു മാത്രമായി ശേഷിച്ചു. ലണ്ടനിലും വിലക്കയറ്റത്തിനെതിരെ ഒരു പ്രക്ഷോഭം അരങ്ങേറി.. എന്നാല്‍ ഇവിടെ നടന്നത് കൊള്ളയും കൊള്ളിവെപ്പും മാത്രമായി മാറി എന്നതാണ് ഏറെ കഷ്ടം. എന്തായാലും ഇത്തരമൊരു പ്രക്ഷോഭം ഇല്ലതിരിക്കട്ടെ വരും വര്‍ഷം എന്ന പ്രതീക്ഷയോടെ..
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല