1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 24, 2018

സ്വന്തം ലേഖകന്‍: ടൊറന്റോ വെടിവയ്പ്പില്‍ ഗുരുതരമായി പരുക്കേറ്റ 10 വയസുകാരിയും മരിച്ചു; മരണ സംഖ്യ മൂന്നായി; പരുക്കേറ്റവരുടെ നില ഗുരുതരം. കാനഡയിലെ ഏറ്റവും വലിയ നഗരമായ ടോറന്‍േറായിലെ തിരക്കുപിടിച്ച മേഖലയില്‍ കഴിഞ്ഞ ദിവസം തോക്കുധാരി നടത്തിയ വെടിവെപ്പില്‍ 18 വയസുള്ള യുവതിയും കൊല്ലപ്പെട്ടിരുന്നു. 12 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ആക്രമിയെ പിന്നീട് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.

ഇരുപത്തിയൊന്‍പതുകാരനായ അക്രമി കൊല്ലപ്പെട്ടത് പൊലീസുമായുള്ള ഏറ്റുമുട്ടലിനു പിന്നാലെയാണെന്നു സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് അറിയിച്ചു. ഇയാള്‍ പൊലീസുമായുള്ള ഏറ്റുമുട്ടലിലാണോ കൊല്ലപ്പെട്ടത്, അതോ സ്വയം വെടിവയ്ക്കുകയായിരുന്നോ തുടങ്ങിയ കാര്യങ്ങളാണ് യൂണിറ്റ് അന്വേഷിക്കുന്നത്. ചൊവ്വാഴ്ച പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ എന്ന് അധികൃതര്‍ അറിയിച്ചു.

അക്രമി ഉപയോഗിച്ചതെന്നു കരുതുന്ന തോക്ക് കണ്ടെടുത്തിട്ടുണ്ട്. ഡാന്‍ഫോര്‍ത്ത് അവന്യൂലാഗന്‍ അവന്യൂ ഇന്റര്‍സെക്ഷനു സമീപം നടക്കുകയായിരുന്ന യുവാവ് ആദ്യം ഒരു റസ്റ്ററന്റിലേക്കാണു വെടിയുതിര്‍ത്തത്. പിന്നീട് ബ്രൌഡന്‍ അവന്യു വരെ ഇതു തുടര്‍ന്നതായും ഇവിടെവച്ചാണു രണ്ടു പൊലീസ് ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടിയതെന്നും അധ്ഗികൃതര്‍ പറഞ്ഞു.

ബ്രൌഡന്‍ അവന്യൂവില്‍നിന്നു രക്ഷപ്പെട്ട അക്രമിയെ നൂറു മീറ്ററോളം അകലെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇയാള്‍ നടത്തിയ വെടിവയ്പില്‍ പരുക്കുകളോടെ 13 പേര്‍ ചികില്‍സയിലാണ്. പത്തു മുതല്‍ അന്‍പത്തിയൊന്‍പതു വയസിനു മധ്യേ പ്രായമുള്ള ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്. ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ടെങ്കിലും ആരുടെയും പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.