സ്വന്തം ലേഖകൻ: ലേബര്‍ പാര്‍ട്ടിയുടെയും രാഷ്ട്രീയ നിരീക്ഷകരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് ഋഷി സുനകിന്റെ നേതൃത്വത്തിൽ കൺസർവേറ്റീവ് പാര്‍ട്ടി നില മെച്ചപ്പെടുത്തുന്നു. ഒരു മാസം മുന്‍പ് വരെ ബ്രിട്ടനിലെ മുഖ്യ പ്രതിപക്ഷമായ ലേബർ പാർട്ടിയുമായി ഉണ്ടായിരുന്ന വലിയ വ്യത്യാസം കുറഞ്ഞു വരികയാണ്. ഹരിത നയത്തില്‍ വരുത്തിയ മാറ്റങ്ങളും റുവാണ്ട പദ്ധതിയുമെല്ലാം ജനങ്ങള്‍ക്കിടയില്‍ ഋഷി സുനകിന്റെ ജനപ്രീതി സാവധാനം ഉയര്‍ത്തുന്നതായാണ് ഇപ്പോള്‍ കാണാൻ കഴിയുന്നത്.
ഇന്ന് മാഞ്ചസ്റ്ററിൽ ആരംഭിക്കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സമ്മേളനത്തിന് മുന്‍പായി നടന്ന അഭിപ്രായ സര്‍വ്വേയില്‍ ഋഷി സുനക് ധീരമായി എടുത്ത തീരുമാനങ്ങള്‍ ജനങ്ങളെ പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ടു വരുന്നുവെന്നാണ് തെളിഞ്ഞത്. ഇതോടൊപ്പം ജനപ്രീതിക്ക് കൂടുതൽ നികുതി ഇളവുകള്‍ വേണമെന്നും ആവശ്യം ഉയരുന്നുണ്ട്. ദേശീയ കടം കുറച്ചു കൊണ്ടുവരുന്ന കാര്യത്തില്‍ ജനങ്ങള്‍ ലേബര്‍ പാർട്ടി നേതാവ് സര്‍ കീര്‍ സ്റ്റാര്‍മറെക്കാള്‍ കൂടുതലായി വിശ്വസിക്കുന്നത് ഇപ്പോൾ ഋഷി സുനകിനെയെന്നാണ് പൊതുവിൽ ഉയരുന്ന അഭിപ്രായം.
അനധികൃത അഭയാര്‍ത്ഥികളെ റുവാണ്ടയിലേക്ക് നാടുകടത്തുന്ന കാര്യത്തിലും പെട്രോള്‍, ഡീസല്‍ കാറുകളുടെ വില്‍പന നിരോധിക്കുന്നത് നീട്ടിയതുള്‍പ്പടെയുള്ള ഹരിത നയങ്ങളിലും ജനങ്ങള്‍ പൂര്‍ണ്ണമായും ഋഷി സുനകിന് അനുകൂലമാണ്. പകുതിയിലധികം പേര്‍ സര്‍ക്കാരിന്റെ പുതിയ ഹരിത നയങ്ങളെ അനുകൂലിച്ചപ്പോള്‍ വെറും 36 ശതമാനം പേര്‍ മാത്രമായിരുന്നു എതിര്‍ത്തത്. പുതിയ പെട്രോള്‍, ഡീസല്‍ കാറുകളുടെ വില്‍പന 2030 ആകുമ്പോൾ നിരോധിക്കാനായിരുന്നു നേരത്തേ തീരുമാനിച്ചത്. എന്നാല്‍ പോയ വാരത്തിൽ ഋഷി സുനക് ഇത് 2035 വരെ നീട്ടിയിരുന്നു.
ജനപ്രീതിയില്‍ ഇപ്പോഴും ലേബര്‍ പാര്‍ട്ടി തന്നെയാണ് മുന്‍പിലെങ്കിലും, ഇരു പാര്‍ട്ടികളും തമ്മിലുള്ള വിടവ് കുറയ്ക്കാന്‍ ടോറികള്‍ക്കായിട്ടുണ്ട്. ഒരു മാസത്തിനിടയില്‍ ഇത് മൂന്നാം തവണയാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഈ വിടവ് കുറച്ചു കൊണ്ടു വരുന്നത്. ഒരു മാസം മുന്‍പ് ഇതുവരുടെയും ജനപ്രീതികള്‍ക്കിടയില്‍ ഉണ്ടായിരുന്ന വ്യത്യാസം 21 പോയിന്റാണെങ്കില്‍, ഈയാഴ്ച്ച അത് 18 പോയിന്റ് ആയിട്ടുണ്ട്. ഇതു നൽകുന്ന സൂചന ജനകീയ പദ്ധതികൾ പ്രഖ്യാപിച്ച് ഋഷി സുനക് മുന്നോട്ടു പോവുകയാണെങ്കിൽ ടോറികൾക്ക് 2024 മേയിൽ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ നില മെച്ചപ്പെടുത്തി വീണ്ടും അധികാരത്തിൽ എത്താൻ കഴിയുമെന്ന് തന്നെയാണ്.അതിനായുള്ള ചർച്ചകളും നീക്കങ്ങളും ഇന്ന് മുതൽ ആരംഭിക്കുന്ന കൺസർവേറ്റീവ് പാർട്ടി സമ്മേളനത്തിൽ ഉണ്ടാകും.
സമ്മേളനത്തിനായി ഋഷി സുനകും ഭാര്യ അക്ഷത മൂർത്തിയും മാഞ്ചസ്റ്ററിൽ കഴിഞ്ഞ ദിവസം എത്തിയിരുന്നു. പാർട്ടി വീണ്ടും അധികാരത്തിൽ വന്നാൽ ഋഷി സുനകിന് പ്രധാനമന്ത്രിപദത്തില്‍ രണ്ടാമൂഴം നൽകണമെന്ന ആവശ്യം സമ്മേളനത്തിൽ ഒരുപക്ഷെ ഉണ്ടായേക്കാമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. മുൻ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ രാജിയെ തുടർന്ന് ഉണ്ടായ സംഭവവികാസങ്ങള്‍ ഏറെ പരമ്പരാഗത വോട്ടര്‍മാരെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്നും അകറ്റിയിരുന്നു. എന്നാൽ വരുന്ന മാസങ്ങളില്‍ മെച്ചപ്പെട്ട നയങ്ങളും പദ്ധതികളും വഴി കുറേപ്പേരെ കൂടി പാര്‍ട്ടിയിലേക്ക് അടുപ്പിക്കാന്‍ സാധിച്ചാല്‍ ഋഷി സുനകിന് രണ്ടാമൂഴം ലഭിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
അതേസമയം ൺസർവേറ്റീവ് പാർട്ടിയുടെ എംപിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ഐസ്‌ലാൻഡ് സൂപ്പർമാർക്കറ്റുകളുടെ മേധാവി റിച്ചാർഡ് വാക്കർ പാർട്ടി വിട്ടു. 2024 മേയിൽ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ പാർട്ടി അധികാരത്തിൽ തുടർന്നാൽ സുപ്രധാന പദവിയിൽ എത്തുമെന്ന് കരുതിയിരുന്ന കൺസർവേറ്റീവ് പാർട്ടി അംഗം ആയിരുന്നു റിച്ചാർഡ് വാക്കർ. കൺസർവേറ്റീവ് പാർട്ടിക്ക് ജനങ്ങളുമായി സമ്പർക്കം ഇല്ലെന്ന് മുദ്രകുത്തിയാണ് റിച്ചാർഡ് വാക്കർ പാർട്ടി വിട്ടത്.
മാഞ്ചസ്റ്ററിൽ ഇന്ന് വാർഷിക കൺസർവേറ്റീവ് സമ്മേളനത്തിനായി പാർട്ടി പ്രതിനിധികൾ ഒത്തുകൂടാൻ ഇരിക്കെയാണ് റിച്ചാർഡ് വാക്കറിൽ നിന്നുള്ള അപ്രതീക്ഷിത നീക്കം. റിച്ചാർഡ് വാക്കറുടെ പിതാവ് സർ മാൽക്കം വാക്കർ മകന് സീറ്റ് വാങ്ങി നൽകാനും സുപ്രധാന പദവി ഉറപ്പിക്കാനും ഉന്നത നേതാക്കളിൽ സമ്മർദ്ദം ചെലുത്തിയിരുന്നതായുള്ള വിവരം പുറത്തു വന്നിട്ടുണ്ട്. ഐസ്‌ലാൻഡ് സൂപ്പർമാർക്കറ്റ് ശൃംഖലയുടെ സ്ഥാപകനാണ് സർ മാൽക്കം വാക്കർ.
താൻ പ്രധാനമന്ത്രിയാകാൻ ആഗ്രഹിക്കുന്നുവെന്ന് മുമ്പ് പറഞ്ഞിട്ടുള്ള റിച്ചാർഡ് വാക്കർ കൺസർവേറ്റീവുകളുടെ അംഗീകൃത പാർലമെന്ററി സ്ഥാനാർത്ഥികളുടെ പട്ടികയിൽ ഉണ്ടായിരുന്നു. കൺസർവേറ്റീവ് പാർട്ടി വീണ്ടും അധികാരത്തിൽ വന്നാൽ ഋഷി സുനാകിനെ മറികടന്ന് പ്രധാനമന്ത്രി പദം ലഭിക്കാൻ സാധ്യത ഇല്ലെന്ന് മനസിലാക്കിയാകാം റിച്ചാർഡ് വാക്കറിന്റെ രാജിയെന്ന് രാഷ്ട്രീയ നിരീക്ഷകർ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല