സ്വന്തം ലേഖകന്‍: ക്രിക്കറ്റ് താരം ബ്രണ്ടന്‍ മക്കല്ലത്തെ ന്യൂസിലാന്‍ഡ് പ്രധാനമന്ത്രിയാക്കി കേന്ദ്ര ടൂറിസം സഹ മന്ത്രി മഹേഷ് ശര്‍മ്മ. ദില്ലിയില്‍ നടന്ന ടൂറിസം പരിപാടിക്കിടയിലായിരുന്നു ഇത്തവണ മഹേഷ് ശര്‍മ്മയ്ക്ക് അമളി പറ്റിയത്. ന്യൂസിലാന്‍ഡ് ടീമിലെ വെടിക്കെട്ട് ബാറ്റ്‌സമാനും മുന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ ബ്രണ്ടന്‍ മക്കല്ലത്തെ മഹേഷ് ശര്‍മ്മ ന്യൂസിലാന്‍ഡിന്റെ പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിക്കുകയായിരുന്നു.
രണ്ടു തവണയാണ് ‘ഹിസ് എക്‌സലന്‍സി പ്രൈംമിനിസ്റ്റര്‍ മക്കലം’ എന്ന് മഹേഷ് ശര്‍മ്മ വിശേഷിപ്പിച്ചത്. മഹേഷ് ശര്‍മ്മയുടെ സംബോധന കേട്ട് വേദിയിലുണ്ടായിരുന്ന ബ്രണ്ടന്‍ മക്കല്ലം വാ പൊളിച്ചെങ്കിലും തെറ്റ് പറ്റിയത് മനസിലാകാതെ മഹേഷ് ശര്‍മ്മ കത്തിക്കയറി. ഒടുവില്‍ മന്ത്രിക്ക് പറ്റിയ തെറ്റ് തിരുത്തിയത് ന്യൂസിലാന്‍ഡിന്റെ ഇന്ത്യയിലെ ടൂറിസം അംബാസഡറും ബോളിവുഡ് താരവുമായ സിദ്ധാര്‍ഥ് മല്‍ഹോത്ര.
തന്റെ പേര് തെറ്റിച്ച് പറഞ്ഞതില്‍ പരിഭവമൊന്നും പിന്നീട് സംസാരിച്ച ജോണ്‍ കി പ്രകടിപ്പിച്ചില്ല. രണ്ട് രാജ്യങ്ങളും തമ്മിലുള്ള സഹകരണം ഊട്ടിയുറപ്പിക്കുന്നതിലായിരുന്നു ജോണ്‍ കിയുടെ പ്രസംഗം ശ്രദ്ധിച്ചത്.
ഇതാദ്യമായിട്ടല്ല മഹേഷ് ശര്‍മ്മയുടെ പ്രസ്താവനകള്‍ വിവാദമാകുന്നത്. ഇന്ത്യയിലെത്തുന്ന വിദേശ ടൂറിസ്റ്റുകള്‍ ചെറിയ പാവാട ധരിക്കരുതെന്ന് നിര്‍ദേശിച്ച് പുലിവാലു പിടിച്ചയാളാണ് മഹേഷ് ശര്‍മ്മ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല