സ്വന്തം ലേഖകന്‍: ‘വിഡ്ഡിയെന്ന് പറഞ്ഞ് എന്നെ പരിഹസിക്കുന്നവര്‍ നാളെ അസൂയപ്പെടും; ഇതൊരു അഹങ്കാരിയുടെ ദാര്‍ഷ്ട്യമല്ല; കഠിനാധ്വാനിയുടെ ആത്മവിശ്വാസമാണ്,’ സമൂഹ മാധ്യമങ്ങളില്‍ 2011 ലെ ടോവിനോയുടെ കുറിപ്പ്. മലയാളത്തിന്റെ സ്വന്തം നടന്‍ ടോവിനോ തോമസ് എട്ട് വര്‍ഷം മുന്‍പ് എഴുതിയ കുറിപ്പാണ് വൈറലാകുന്നത്.
ഇന്ന് തന്നെ വിഡ്ഡിയെന്നും കഴിവുകെട്ടവനെന്നും പരിഹസിക്കുന്നവര്‍ നാളെ തന്റെ വളര്‍ച്ചയില്‍ അസൂയപ്പെടുമെന്നായിരുന്നു ടോവിനോ 2011 ല്‍ കുറിച്ചത്. തന്റെ വാക്കുകളെ അഹങ്കാരിയുടെ ദാര്‍ഷ്ട്യമായോ വിഡ്ഡിയുടെ വിലാപമായോ കാണേണ്ടതില്ലെന്നും മറിച്ച് ഒരു കഠിനാധ്വാനിയുടെ ആത്മവിശ്വാസമായി കാണണമെന്നും പറഞ്ഞാണ് ടോവിനോ കുറിപ്പ് അവസാനിപ്പിക്കുന്നത്.
ടോവിനോ കുറിച്ച ഓരോ വരികളും അവഗണനകള്‍ക്കൊടുവില്‍ ഉയര്‍ന്ന വാക്കുകളായാണ് അനുഭവപ്പെടുന്നത്. ‘ഇന്ന് നിങ്ങള്‍ എന്നെ വിഡ്ഡിയെന്ന് പരിസഹിക്കുമായിരിക്കും. കഴിവുകെട്ടവന്‍ എന്ന് മുദ്രകുത്തി എഴുതിത്തള്ളുമായിരിക്കും. പക്ഷേ ഒരിക്കല്‍ ഞാന്‍ ഉയരങ്ങളില്‍ എത്തുക തന്നെ ചെയ്യും. അന്ന് നിങ്ങള്‍ എന്നെയോര്‍ത്ത് അസൂയപ്പെടും. ഇതൊരു അഹങ്കാരിയുടെ ദാര്‍ഷ്ട്യമല്ല. വിഡ്ഡിയുടെ വിലാപവുമല്ല. മറിച്ച് ഒരു കഠിനാധ്വാനിയുടെ ആത്മവിശ്വാസമാണ്,’ എന്നായിരുന്നു ടോവിനോ കുറിച്ചത്.
നിനക്ക് വട്ടാണെന്നും നീ അഹങ്കാരി തന്നെയാണെന്നുമുള്ള കമന്റുകളായിരുന്നു ടോവിനോയ്ക്ക് അന്ന് പോസ്റ്റിന് താഴെ ലഭിച്ചത്. ‘നീ സത്യമായും സിനിമയിലെത്തും. സിനിമാ ലൈറ്റ് ബോയ് ആവും. ഇതൊരു വെല്ലുവിളിയായി എടുക്കൂ. കാരണം അതൊരു കഠിനാധ്വാനം അല്ല. ഞാന്‍ ഉറപ്പുതരുന്നു,’ എന്നായിരുന്നു ഒരു കമന്റ്.
‘ഈ കാറ്റഗറിയില്‍ നമുക്ക് ഇപ്പോള്‍ തന്നെ ശ്രീശാന്തും പൃഥ്വിരാജും ഉണ്ട്. രണ്ടിന്റേയും അവസ്ഥ നിനക്ക് അറിയാല്ലോ പറയാതെ തന്നെ. രാജപ്പന്‍ എഗെയിന്‍ ആന്റ് എഗെയിന്‍ പോലുള്ള വിഡിയോകള്‍ ഇനിയും ഉണ്ടാക്കാന്‍ ഞങ്ങളെ പ്രേരിപ്പിക്കരുത്. നീ കഠിനാധ്വാനി ആണെങ്കില്‍ തീര്‍ച്ചയായും നിനക്ക് അതിന്റെ പ്രതിഫലം ലഭിക്കും. ഇമ്മാതിരി കമന്റ് ഇനിയും വന്നാല്‍ നിന്റെ ഫാന്‍സ് അസോസിയേഷന്‍ ഞാന്‍ പിരിച്ചുവിടും..ലോല്‍സ്,’ എന്നായിരുന്നു മറ്റൊരു കമന്റ്. ‘
‘അച്ചോടാ.. വാവേനെ ആരാ പരിസഹിച്ചേ.. നമുക്ക് അവനെ പൂശാടാ..,’ എന്നും ടോവിനോയുടെ ഫേസ്ബുക്ക് സുഹൃത്തുക്കള്‍ കുറിക്കുന്നു. ഇതിന് താഴെയും ടോവിനോ കമന്റ്‌ചെയ്യുന്നുണ്ട്. ‘നിങ്ങളുടെ എല്ലാ പ്രതികരണവും ഞാന്‍ സ്വീകരിക്കുന്നു.. എന്നെ കളിയാക്കിക്കഴിഞ്ഞിട്ട് ഒരിക്കല്‍ കൂടി എന്റെ സ്റ്റാറ്റസ് വായിക്കൂ,’ എന്നായിരുന്നു ടോവിനോയുടെ കമന്റ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല