റവലൂഷണറി മാക്‌സിസ്‌റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ ക്വട്ടേഷന്‍ സംഘത്തിലെ ഏഴു പേരെയും പോലീസ് തിരിച്ചറിഞ്ഞു. കൊടി സുനിയെന്ന ഗുണ്ടാത്തലവന്റെ നേതൃത്വത്തിലുള്ള സംഘത്തിലെ രണ്ടുപേര്‍ കര്‍ണാടകയിലേക്കു കടന്നതായും സംശയം. തലശേരി ഫസല്‍ വധക്കേസിലെ പ്രതിയാണു സുനി. മറ്റൊരു സംഘാംഗം പായപ്പടി റഫീഖ് സി.പി.എം. പ്രവര്‍ത്തകനാണ്.
കര്‍ണാടകയിലേക്കു കടന്നവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി. ആരെയും ഇതുവരെ കസ്‌റ്റഡിയിലെടുക്കാനോ അറസ്‌റ്റ് ചെയ്യാനോ പോലീസിനു കഴിഞ്ഞിട്ടില്ല. കര്‍ണാടകയിലേക്കു കടക്കാന്‍ സഹായിച്ച രണ്ടുപേര്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്. കൊലപാതകം സംബന്ധിച്ചു സുപ്രധാന തെളിവുകള്‍ ലഭിച്ചതായാണു പോലീസിന്റെ അവകാശവാദം.
സുനിയാണ് ‘ആക്ഷന്‍’ ആസൂത്രണം ചെയ്‌തത്. പായപ്പടി റഫീഖിന്റെ നേതൃത്വത്തിലുള്ള സംഘമാണു കൃത്യം നിര്‍വഹിച്ചത്. കണ്ണൂര്‍ ജില്ലയിലെ ചൊക്ലി, ടെമ്പിള്‍ ഗേറ്റ്, പള്ളൂര്‍ എന്നിവിടങ്ങളിലുള്ളവരാണു സംഘാംഗങ്ങള്‍. കൊല നടത്തുന്നതിനു മുന്നോടിയായി മുമ്പ് പല ദിവസങ്ങളിലും ക്വട്ടേഷന്‍സംഘം ഇവിടെ കാറില്‍ ചുറ്റിസഞ്ചരിച്ചിരുന്നു. വള്ളിക്കാട്ടെ മരമില്ലിനു സമീപം വെച്ച് കൃത്യം നിര്‍വഹിക്കാനാണ് പദ്ധതി തയ്യാറാക്കിയത്. രാത്രിസമയം അവിടം വിജനമായിരിക്കും എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം തിരഞ്ഞെടുത്തത്.
എന്നാല്‍ കൃത്യം നടത്തിയ സ്ഥലം വള്ളിക്കാടിനടുത്തായിപ്പോയി. അവിടെയാകട്ടെ റോഡില്‍ ആളുകളുമുണ്ടായിരുന്നു. അതിനാലാണ് ബോംബെറിഞ്ഞ് ആളുകളെ അകറ്റിയശേഷം കൊല നടത്തിയത്. എന്നാല്‍ ആളുകള്‍ അല്പം ദൂരെനിന്ന് സംഭവം കാണുന്നുണ്ടായിരുന്നു.ചന്ദ്രശേഖരന്‍ വീണയുടന്‍ കാറിന്റെ ഡ്രൈവിങ് സീറ്റിലിരുന്നയാള്‍ ഡോര്‍ തുറന്ന് പുറത്തുചാടി വാളുപോലുള്ള ആയുധംകൊണ്ട് ആഞ്ഞുവെട്ടുകയായിരുന്നു. മുണ്ടും ഷര്‍ട്ടുമായിരുന്നു ഇയാളുടെ വേഷം. തൊട്ടുപിന്നിലെ ഡോര്‍ തുറന്ന് കാവിനിറമുള്ള ലുങ്കിയും നീലനിറമുള്ള ഷര്‍ട്ടും ധരിച്ചയാള്‍ വെട്ടാന്‍ ഒപ്പംകൂടിയത് കണ്ടതായും ഇതിനകം മറ്റു ചിലരും കാറില്‍നിന്ന് പുറത്തിറങ്ങിയിരുന്നതായും ദൃക്‌സാക്ഷികള്‍ പറയുന്നു.
പ്രതികള്‍ക്ക് പ്രാദേശികപിന്തുണ ലഭിച്ചെന്ന് സൂചന
പി. ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ സംഘത്തിന് അദ്ദേഹം പോവുന്ന വഴി മനസ്സിലാക്കാന്‍ പ്രാദേശികപിന്തുണ ലഭിച്ചെന്ന് സംശയം.
ഒഞ്ചിയത്തെ ഒരു വിവാഹവീട്ടില്‍നിന്ന് വടകരയ്ക്ക് പോവുകയാണെന്നു പറഞ്ഞാണ് ചന്ദ്രശേഖരന്‍ ഇറങ്ങിയത്. പക്ഷേ, വടകര ടൗണ്‍ എത്തുന്നതിന് ഏതാനും കിലോമീറ്റര്‍ അകലെ വള്ളിക്കാട്ടുവെച്ച് കൊല്ലപ്പെടുകയായിരുന്നു. കണ്ണൂര്‍ ഭാഗത്തുനിന്ന് വന്ന പ്രതികളുടെ വാഹനം ചന്ദ്രശേഖരന്റെ ബൈക്കിനെ മറികടന്നുപോയ ശേഷം തിരികെവന്ന് ഇടിച്ച് വീഴ്ത്തിയാണ് കൊലപ്പെടുത്തിയത്.ദേശീയപാതയില്‍ എവിടെയെങ്കിലും കാത്തിരുന്ന സംഘത്തിന് ചന്ദ്രശേഖരന്‍ വരുന്നുണ്ടെന്ന് വടകര മേഖലയിലുള്ള ആരെങ്കിലുമാവാം വിവരം നല്‍കിയതെന്നാണ് പോലീസ് സംശയിക്കുന്നത്. ഈ വഴിയും അന്വേഷണം നടക്കുന്നുണ്ട്.
ചന്ദ്രശേഖരനെ ഫോണില്‍ വിളിച്ചുവരുത്തി വള്ളിക്കാട് എത്തിച്ചതാവാമെന്ന സംശയം ശരിയല്ലെന്ന് തെളിഞ്ഞു. ഇദ്ദേഹത്തിന്റെ മൊബൈലിലേക്ക് വന്ന അവസാന കോള്‍ റവലൂഷണറി പാര്‍ട്ടി അനുഭാവിയായ ബാബു എന്നയാളുടേതാണെന്ന് വ്യക്തമായി. കടയൊഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യം പറയാനാണ് വിളിച്ചതെന്നാണ് ബാബു പോലീസിനോട് പറഞ്ഞത്. ചന്ദ്രശേഖരന്റെ മൊബൈല്‍ ഫോണിലേക്ക് വന്ന കോളുകള്‍ മുഴുവന്‍ സൈബര്‍ സെല്‍ പരിശോധിച്ചിരുന്നു. എന്നാല്‍ സംശയിക്കത്തക്ക ഒരുകോളും വന്നിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല