ടി പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികള്‍ മാപ്പുസാക്ഷിയാകുമെന്ന് സൂചന. നാദാപുരം മജിസ്ട്രേറ്റിന് ഇവര്‍ കുറ്റസമ്മത മൊഴി നല്‍കി. കേസില്‍ പ്രതികളായ ബിന്‍ഷാദ്, ഷിബിന്‍, സുമേഷ് എന്നിവരാണ് മൊഴി നല്‍കിയത്. സിആര്‍പിസി 164 പ്രകാരമായിരുന്നു മജിസ്ട്രേറ്റ് ഇവരുടെ മൊഴി രേഖപ്പെടുത്തിയത്.
മൊഴികള്‍ മുദ്രവെച്ച കവറില്‍ കേസ് പരിഗണിക്കുന്ന വടകര ഒന്നാം ക്ലാസ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കും. കേസില്‍ ഇവരെ മാപ്പ് സാക്ഷിയാക്കിയേക്കുമെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന സൂചന.
ടി പി വധിക്കപ്പെട്ടതിന്റെ അടുത്ത ദിവസം തന്നെ അക്രമികള്‍ സഞ്ചരിച്ച കാര്‍ കണ്ടെത്താനായതാണ് അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവായത്. അക്രമിസംഘത്തില്‍ ഉള്‍പ്പെട്ടവരുടെ ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണവും വഴിത്തിരിവിലെത്തി.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൊടിസുനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമത്തിനു പിന്നിലെന്ന് വ്യക്തമാകുകയായിരുന്നു. ഇതാണ് സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന സംശയങ്ങള്‍ ബലപ്പെടാന്‍ കാരണം. 8 സി പി എം പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 22 പേരാണ് കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. എന്നാല്‍ പ്രധാന പ്രതികളെന്ന് സംശയിക്കപ്പെടുന്ന രജീഷ്, കുഞ്ഞനന്തന്‍ എന്നിവരെ ഇതുവരെ കണ്ടെത്താനായില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല