ടിപി വധക്കേസില്‍ പൊലീസിന്റെ പിടിയിലായ കൊടി സുനിക്കും സംഘത്തിനും മുഴക്കുന്നിലെ പാര്‍ട്ടി ഗ്രാമത്തില്‍ അഭയം നല്കിയ മുഴുവന്‍ പേരുടെയും പേരു വിവരങ്ങള്‍ അന്വേഷണ സംഘത്തിനു ലഭിച്ചു. ഇവരെയെല്ലാം കേസില്‍ പ്രതികളാക്കിയേക്കുമെന്നാണ് സൂചന.
പ്രതികള്‍ക്ക് അഭയം നല്‍കിയെന്ന് സംശയിക്കപ്പെടുന്ന ലോക്കല്‍ കമ്മറ്റിയംഗം ഉള്‍പ്പെടെയുള്ളവരെ പൊലീസ് ചോദ്യം ചെയ്യാനായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇവരെല്ലാം ഒളിവിലാണെന്ന് പോലീസ് പറയുന്നു. പോലീസ് രഹസ്യാന്വേഷണ വിഭാഗം ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.
ടിപി ചന്ദ്രശേഖരന് വധക്കേസിലെ പ്രധാന പ്രതികളായ കൊടി സുനി, കിര്‍മാനി മനോജ്, മുഹമ്മദ് ഷാഫി എന്നിവരെ ഇരിട്ടി മുഴിക്കലില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സിപിഎമ്മിന് സ്വാധീനമുള്ള സ്ഥലത്തു നിന്നാണ് പ്രത്യേക അന്വേഷണസംഘം മൂവരെയും കസ്റ്റഡിയിലെടുത്തത്. റെയ്ഡിനെക്കുറിച്ച് സ്ഥലത്തെ പോലീസിന് പോലും അറിവു നല്‍കിയിരുന്നില്ല.
പാര്‍ട്ടിയുടെ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയുടെയും ഏരിയാ കമ്മറ്റിയംഗത്തിന്റെയും സഹായത്തോടെയാണ് ഇവിടെ കഴിഞ്ഞതെന്ന് കൊടി സുനി പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഭക്ഷണമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇവരാണ് എത്തിച്ചിരുന്നതെന്നും കൊടി സുനി പോലീസിനോട് പറഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല