ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ 42 പ്രതികളടങ്ങുന്ന മുഖ്യ കുറ്റപത്രം അന്വേഷണ സംഘം പൂര്‍ത്തിയാക്കി. ടിപിയെ കൊല്ലാനായി ഏഴംഗ അക്രമിസംഘം സഞ്ചരിച്ച ഇന്നോവ കാറിന്റെ ഡ്രൈവര്‍ എം.സി. അനൂപാണ് ഒന്നാം പ്രതി.
ഗൂഢാലോചനയില്‍ പങ്കെടുക്കുകയും അക്രമിസംഘത്തെ ഏകോപിപ്പിക്കുകയും ചെയ്‌തെന്നു തെളിഞ്ഞതിനെ തുടര്‍ന്നാണ് നിലവില്‍ 26-ാം പ്രതിയായ അനൂപിനെ ഒന്നാം പ്രതി ആക്കിയത്. തുടര്‍ന്നുള്ള ആറു പ്രതികള്‍ അക്രമിസംഘത്തിലെ കിര്‍മാണി മനോജ്, കൊടി സുനി, ടി.കെ. രജീഷ്, മുഹമ്മദ് ഷാഫി, ഷിനോജ്, സിജിത്ത് എന്നിവരാണ്.
സിപിഎം നേതാക്കളും ഗൂഢാലോചനയില്‍ മുഖ്യ പങ്കു വഹിച്ചെന്നു കണ്ടെത്തിയവരുമായ കെ.സി. രാമചന്ദ്രന്‍, സി.എച്ച്. അശോകന്‍, കെ.കെ. കൃഷ്ണന്‍, പി.കെ. കുഞ്ഞനന്തന്‍, പി. മോഹനന്‍, കാരായി രാജന്‍, പടയങ്കണ്ടി രവീന്ദ്രന്‍ തുടങ്ങിവരാണ് തൊട്ടു പിന്നില്‍. കേസില്‍ ഓരോരുത്തരുടെയും പങ്കാളിത്തം കണക്കിലെടുത്തു പ്രതിപ്പട്ടികയില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയാണ് കുറ്റപത്രം തയാറാക്കിയത്. ഒരാഴ്ചയ്ക്കുള്ളില്‍ കുറ്റപത്രം വടകര ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിക്കും.
അതേസമയം ടിപി വധവും 2009ല്‍ അദ്ദേഹത്തെ വധിക്കാന്‍ ശ്രമിച്ചതും ഗൂഢാലോചനയും ഒരൊറ്റ കുറ്റപത്രമായി സമര്‍പ്പിക്കാന്‍ തീരുമാനിച്ചു. കേസിന്റെ കെട്ടുറപ്പിന് ഇതാണ് കൂടുതല്‍ ഗുണകരമെന്ന് നിയമോപദേശം ലഭിച്ചതിനെത്തുടര്‍ന്നാണ് രണ്ട് സംഭവവും ഒറ്റ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി രണ്ട് കേസുകളും ഒന്നാക്കി മാറ്റും.
2009ല്‍ നടന്ന വധശ്രമവും കഴിഞ്ഞ മെയ്മാസം നടന്ന കൊലപാതകവും നേരത്തേ രണ്ട് കേസായിട്ടാണ് രജിസ്റ്റര്‍ചെയ്തത്. കൊലപാതകം, വധശ്രമത്തിന്റെ തുടര്‍ച്ചയായിനടന്ന സംഭവമായതിനാല്‍ ഒറ്റക്കേസാക്കുന്നതാണ് നല്ലതെന്നാണ് പോലീസ് പറയുന്നത്.
എന്നാല്‍, കേസിലെ പ്രതികളെ ഒളിപ്പിച്ച സംഭവത്തിലും സിംകാര്‍ഡ്‌കേസിലും വെവ്വേറെ കുറ്റപത്രങ്ങള്‍ തയ്യാറാക്കും. കുറ്റപത്രം അവസാനഘട്ടത്തിലാണ്. ഗൂഢാലോചനയിലും കൊലപാതകത്തിലും പങ്കെടുത്തവര്‍ ഉള്‍പ്പെടെയുള്ള പ്രതികളുടെ പട്ടിക തയ്യാറായിട്ടുണ്ട്.
സി.പി.എം. ജില്ലാസെക്രട്ടേറിയറ്റംഗങ്ങളായ പി.മോഹനന്‍, കാരായി രാജന്‍ തുടങ്ങി ബാക്കിയുള്ളവരെ രണ്ടാംഘട്ട കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തും. കുറ്റപത്രം സമര്‍പ്പിച്ചശേഷം ഉന്നതതല ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം തുടരുമെന്നും പോലീസ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല