ടി.പി ചന്ദ്രശേഖരന്‍ വധത്തിലെ പ്രതികള്‍ ഉപയോഗിച്ചതായി പറയുന്ന ഇന്നോവ കാറിലുണ്ടായിരുന്ന വസ്തുക്കളും രക്തം പുരണ്ട വസ്ത്രങ്ങളും തീയിട്ട് നശിപ്പിച്ച നിലയില്‍ കണ്ടെത്തി.ചൊക്ലിയ്ക്ക് സമീപം പണിതുകൊണ്ടിരിക്കുന്ന വീടിന് പിറക് വശത്തായാണ് അക്രമികള്‍ ഉപയോഗിച്ചിരുന്ന സാധനങ്ങള്‍ തീയിട്ട നിലയില്‍ ചൊക്ളി പൊലീസ് കണ്ടെത്തിയത്.പ്രത്യേക അന്വേഷണ സംഘം അങ്ങോട്ട് തിരിച്ചിട്ടുണ്ട്.
അതേസമയം ടി.കെ. രജീഷിന്റെ തിരിച്ചറിയല്‍ പരേഡ് ഇന്ന് നടക്കും. ജില്ലാ ജയിലില്‍ ഉച്ചയ്ക്കു ശേഷം മൂന്നിന് കോഴിക്കോട് ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ടിന്റെ സാന്നിധ്യത്തിലാണ് പരേഡ്. ടി.കെ. രജീഷിനെയും ഇയാളോടു സാദൃശ്യമുള്ളവരെയുമാണ് പരേഡില്‍ നിര്‍ത്തുക.
വള്ളിക്കാട്ടു ടി.പി. ചന്ദ്രശേഖരന്‍ വെട്ടേറ്റു മരിക്കുന്നതു നേരിട്ടു കണ്ടവരെ, രജീഷിനെ തിരിച്ചറിയുന്നതിനായി നോട്ടീസ് നല്‍കി വിളിച്ചിട്ടുണ്ട്. ഇവരില്‍നിന്നു പൊലീസ് നേരത്തേ മൊഴിയെടുക്കുകയും ഇവരെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു.
ടി.പിയെ കൊന്നവരില്‍ മൂന്നു പേരെ വ്യക്തമായി കണ്ടിരുന്നെന്നും ഇവരുടെ ശരീരലക്ഷണങ്ങള്‍ ഓര്‍മയുണ്ടെന്നും സാക്ഷികള്‍ പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. ഇതില്‍ ഒരാള്‍ രജീഷ് ആയിരിക്കാമെന്ന നിഗമനത്തിലാണ് ഇയാളെ തിരിച്ചറിയല്‍ പരേഡിനു വിധേയനാക്കാന്‍ തീരുമാനിച്ചത്.
രജീഷിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ സംഘം ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല