ടിപി ചന്ദ്രശേഖരനെ വധിച്ച കേസിലെ കൊലയാളി സംഘത്തിലെ പ്രധാനിയായ ടി.കെ.രജീഷിന് ജയകൃഷ്ണന്‍ മാസ്റ്റര്‍ വധമടക്കം അടക്കം ആറ് കൊലപാതകങ്ങളില്‍ പങ്കെന്ന് റിപ്പോര്‍ട്ട്. ചോദ്യം ചെയ്യലിനിടെയാണ് അന്വേഷണ സംഘത്തോട് രജീഷ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
കണ്ണൂരിലെ ആറ് രാഷ്ട്രീയ കൊലപാതകങ്ങളില്‍ പങ്കുണ്ടെന്നാണ് രജീഷ് മൊഴി നല്‍കിയിരിക്കുന്നത്. കണ്ണൂരിലെ ഒരു സി.പി.എം നേതാവിന്റെ ആവശ്യപ്രകാരമാണ് താന്‍ ഈ കൊലയാളി സംഘത്തില്‍ ചേര്‍ന്നതെന്നും രജീഷ് മൊഴി നല്‍കിയിട്ടുണ്ട്. ഈ നേതാവിന്റെ പേരും രജീഷ് പറഞ്ഞതായാണ് സൂചന.
എന്നാല്‍ പണം വാങ്ങിയുള്ള ക്വട്ടേഷന്‍ പ്രകാരമല്ല ടിപിയെ വധിച്ചതെന്നും രജീഷ് പറഞ്ഞതായാണ് വിവിധ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മുമ്പ് മൂന്ന് തവണ ചന്ദ്രശേഖരനെ വധിയ്ക്കാന്‍ ശ്രമിച്ചുവെന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
ടി.കെ.രജീഷിനെ തിരിച്ചറിയല്‍ പരേഡിന് വിധേയനാക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.. മറ്റുപ്രതികള്‍ക്കൊപ്പമാണ് രജീഷിനെ തിരിച്ചറിയല്‍ പരേഡിന് വിധേയനാക്കുക. തിരിച്ചറിയല്‍ പരേഡിനു ശേഷം പോലീസ് കസ്റ്റഡിയില്‍ വാങ്ങി വൈകിട്ട് വെള്ളിയാഴ്ച നാലു മണിക്ക് രജീഷിനെ വടകര കോടതിയില്‍ ഹാജരാക്കും. ഇപ്പോള്‍ വടകരയിലെ റൂറല്‍ എസ്.പി ഓഫീസ് ക്യാംപില്‍ രജീഷിനെ ചോദ്യം ചെയ്യുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല