റെവലൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരനെ കൊന്നത് സി.പി.എം നേതൃത്വത്തിന്‍െറ അറിവോടെയാണെന്ന് ഇന്‍റലിജന്‍റ്സ് ബ്യൂറോ റിപ്പോര്‍ട്ട്. സി.പി.എമ്മിന്‍െറ കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന്‍െറ നിര്‍ദേശപ്രകാരം നടന്ന കൊലപാതകം സംബന്ധിച്ച് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനും അറിവുണ്ടായിരുന്നുവെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. സി.പി.എം ഒഞ്ചിയം ഏരിയ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ ടി.പി വധവുമായി ബന്ധപ്പെട്ട് ഇതിനകം അറസ്റ്റിലായിട്ടുണ്ട്.
എന്നാല്‍, ടി.പി വധവുമായി പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ലെന്നാണ് സി.പി.എം സംസ്ഥാന, കേന്ദ്ര നേതൃത്വങ്ങള്‍ ആവര്‍ത്തിക്കുന്നത്. സി.പി.എമ്മിന്‍െറ വാദം പൂര്‍ണമായും നിരാകരിക്കുന്നതാണ് ഐ.ബി റിപ്പോര്‍ട്ട്. ടി.പി വധത്തില്‍ സി.പി.എം കണ്ണൂര്‍ നേതൃത്വം ഇടപെട്ടതിന്‍െറ വ്യക്തമായ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. പ്രത്യേക അന്വേഷണ സംഘം ശേഖരിച്ച തെളിവുകളും സംസ്ഥാനത്തെ ഐ.ബി ശൃംഖലവഴി ശേഖരിച്ച വിവരങ്ങളും അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട്.
ഇതുവരെ നടത്തിയ അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങളൊന്നും ഔദ്യാഗികമായി പുറത്തുവന്നിട്ടില്ല. എന്നാല്‍, സി.പി.എം നേതാക്കളെ അറസ്റ്റ് ചെയ്തതിലൂടെ സി.പി.എമ്മിനെതിരായ തെളിവുകളും മൊഴികളും പൊലിസിന് ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാണ്. ഇതിന്‍െറ സ്ഥിരീകരണമാണ് ഐ.ബി റിപ്പോര്‍ട്ട്. ടി.പി വധം തീവ്രവാദി ആക്രമണമാണെന്ന് തുടക്കത്തില്‍ സി.പി.എം ആരോപിച്ചിരുന്നു. അത്തരമൊരു പ്രചാരണം നാദാപുരം മേഖലയോട് തൊട്ടുകിടക്കുന്ന ഒഞ്ചിയത്ത് വര്‍ഗീയ കലാപമായി മാറാന്‍ സാധ്യതയുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല