സ്വന്തം ലേഖകന്‍: ‘മുസ്ലീം വിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ല, ഐഎസും, ആര്‍എസുംഎസും രണ്ടാണെന്ന നിലപാടില്‍ ഉറച്ച് നില്ക്കുന്നു,’ വിവാദങ്ങള്‍ക്ക് മറുപടിയുമായി മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. സത്യത്തില്‍ ഉറച്ച് നില്‍ക്കാനുളള ധൈര്യം ഉണ്ടാകണം, സത്യം പറയുമ്പോള്‍ ഭയപ്പാടുണ്ടാകുന്നത് ശരിയല്ല. സത്യമേവ ജയതേ എന്ന വാചകത്തില്‍ അടിയുറച്ച് ജീവിക്കണമെന്നും ടിപി സെന്‍കുമാര്‍ വ്യക്തമാക്കി.
താന്‍ മുസ്ലീം വിരുദ്ധ പരാമര്‍ശം നടത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ഐഎസും, ആര്‍എസുംഎസും രണ്ടാണെന്ന നിലപാടില്‍ ഉറച്ച് നില്ക്കുന്നു. ഒരു പാര്‍ട്ടിയിലും ചേരാന്‍ തല്ക്കാലം ഉദ്ദേശിക്കുന്നില്ല. സംസ്ഥാനത്ത് ലൗജിഹാദ് ഉണ്ട്. ജിഹാദിനെകുറിച്ചുളള അഭിപ്രായത്തിലും മാറ്റമില്ല. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ പരിപാടിയില്‍ പങ്കെടുത്തത് തെറ്റല്ലെന്നും സെന്‍കുമാര്‍ പറഞ്ഞു.
ജന്മഭൂമിയുടെ പരിപാടിയ്ക്ക് വന്നപ്പോള്‍ കുറെപേരുടെ നെറ്റി ചുളിഞ്ഞു. ആ നെറ്റികള്‍ അങ്ങനെ തന്നെ ഇരിക്കട്ടെയെന്നും സെന്‍കുമാര്‍. അപ്രിയ സത്യങ്ങള്‍ തുറന്ന് പറയരുതെന്ന് ചിലര്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ പറയുന്നത് സത്യമാണ്. സത്യം പറയുമ്പോള്‍ ഭയപ്പാടുണ്ടാകുന്ന സാഹചര്യമാണ്. ഇത് ജനാധിപത്യ രാജ്യത്തിന് ഭൂഷണമല്ലെന്നും ടി പി സെന്‍കുമാര്‍ വ്യക്തമാക്കി.
ഭീകരപ്രസ്ഥാനമായ ഐഎസിനേയും സംഘപരിവാര്‍ സംഘടനയായ ആര്‍എസ്എസിനേയും ഒരു പോലെ കാണാന്‍ കഴിയില്ലെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ആര്‍എസ്എസ് അപകടകാരികളല്ലെന്നും കേരളത്തില്‍ മുസ്ലിം ജനസംഖ്യ വര്‍ധിക്കുന്നത് ആപത്കരമാണെന്നും സെന്‍കുമാര്‍ അഭിപ്രായപ്പെട്ടിരുന്നു. സമകാലിക മലയാളം വാരികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് സെന്‍കുമാര്‍ വിവാദമായ പരാമര്‍ശങ്ങള്‍ നടത്തിയത്.
ഇതിനുപിന്നാലെ ബിജെപി മുഖപത്രമായ ജന്മഭൂമി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന പ്രതിഭാ സംഗമത്തിലും സെന്‍കുമാര്‍ പങ്കെടുത്തിരുന്നു. സുരേഷ്ഗോപി എംപി, ഒ രാജഗോപാല്‍ എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുക്കുന്ന ജന്മഭൂമിയുടെ പരിപാടിയില്‍ സെന്‍കുമാറിനെയും ഉള്‍പ്പെടുത്തിയിരുന്നു.
നേരത്തെ, സെന്‍കുമാര്‍ തന്നെ പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരേ സുപ്രീംകോടതിയില്‍ പരാതി നല്‍കിയത് സംബന്ധിച്ച് നിയമസഭയില്‍ ചര്‍ച്ച വന്നപ്പോള്‍ മുഖ്യമന്ത്രി പിണിറായി വിജയന് സെന്‍കുമാര്‍ ഇപ്പോള്‍ ആര്‍എസ്എസ് ചേരിയിലാണുള്ളത് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് പറഞ്ഞിരുന്നു.
സെന്‍കുമാറിനോട് പിണറായി സര്‍ക്കാര്‍ ശത്രുതാ മനോഭാവത്തോടെ പെരുമാറുന്നുവന്നു പ്രതിപക്ഷം ആരോപിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സെന്‍കുമാര്‍ ഇപ്പോള്‍ നിങ്ങളുടെ പക്ഷത്തല്ല, ബിജെപി ചേരിയിലേക്ക് നീങ്ങിയ കാര്യം നിങ്ങള്‍ അറിഞ്ഞില്ലെയെന്നായിരുന്നു മുഖ്യമന്ത്രി പ്രതിപക്ഷത്തോട് ചോദിച്ചത്. മുഖ്യമന്ത്രിയുടെ ഈ പരാമര്‍ശത്തെ തുടര്‍ന്ന് പ്രതിപക്ഷം ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി രാഷ്ട്രീയമായി വേര്‍തിരിക്കുന്നുവെന്ന് ആരോപിച്ച് ബഹളം വച്ചിരുന്നു.
തന്നെ മാറ്റി ലോക്നാഥ് ബെഹ്റയെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിച്ചതിനെതിരേ സുപ്രീംകോടതിയുടെ അനുകൂല വിധി നേടി പോലീസ് തലപ്പത്ത് തിരിച്ചെത്തിയ സെന്‍കുമാര്‍ കഴിഞ്ഞമാസം 30 നാണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്. സെന്‍കുമാറിന്റെ പരാമര്‍ശങ്ങള്‍ക്കു നേരെ സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല