സ്വന്തം ലേഖകൻ: ജിസിസി രാജ്യങ്ങളിലെ ഗതാഗത നിയമലംഘനങ്ങള്‍ ഇലക്‌ട്രോണിക് രീതിയില്‍ ബന്ധിപ്പിക്കുന്ന പദ്ധതിയുടെ ഒന്നാംഘട്ടം ഉടന്‍ നടപ്പിലാവും. കഴിഞ്ഞ ബുധനാഴ്ച മസ്‌കറ്റില്‍ ചേര്‍ന്ന 40ാമത് ജിസിസി ആഭ്യന്തര മന്ത്രിമാരുടെ സമ്മേളനത്തില്‍ ഏകീകൃത ജിസിസി ട്രാഫിക് നിയമലംഘന പിഴ സംവിധാനത്തിന്റെ ആദ്യഘട്ടത്തിന് അംഗീകാരം നല്‍കിയിരുന്നു.
ജിസിസി രാജ്യങ്ങളിലെ സുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങളും പൊതുവായി സ്വീകരിക്കേണ്ട നടപടികളും ആഭ്യന്തര മന്ത്രിമാരുടെ സമ്മേളനം വിശകനം ചെയ്തിരുന്നു. മയക്കുമരുന്നിനെതിരെ സമഗ്രമായ ഗള്‍ഫ് തന്ത്രം തയ്യാറാക്കുന്നതിനും സുരക്ഷാ ബോധവല്‍ക്കരണ കാമ്പെയ്‌നുകള്‍ ആരംഭിക്കുന്നതിനുമുള്ള നീക്കവും മന്ത്രിമാര്‍ ചര്‍ച്ച ചെയ്തു. വരാനിരിക്കുന്ന ഗള്‍ഫ് ഉച്ചകോടിയില്‍ അന്തിമ അനുമതി ലഭിക്കുന്നതോടെ തീരുമാനങ്ങള്‍ പ്രാബല്യത്തിലാവും.
ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ഗതാഗത നിയമലംഘനങ്ങളെ ഇലക്‌ട്രോണിക് രീതിയില്‍ ബന്ധിപ്പിക്കുന്നതോടെ സമീപ രാജ്യത്തേക്ക് ജോലി ആവശ്യാര്‍ത്ഥവും സന്ദര്‍ശനത്തിനും തീര്‍ത്ഥാടനത്തിനും വാഹനങ്ങളുമായി പോകുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടിവരും. ഒമാന്‍, ബഹ്‌റൈന്‍, സഊദി അറേബ്യ, യുഎഇ, ഖത്തര്‍, കുവൈത്ത് എന്നീ രാജ്യങ്ങളിലെ ട്രാഫിക് വിഭാഗങ്ങളെ തമ്മിലാണ് ബന്ധിപ്പിക്കുന്നത്. മറ്റൊരു രാജ്യം സന്ദര്‍ശിച്ച സമയത്ത് സംഭവിച്ച ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള പിഴ രാജ്യത്ത് തിരിച്ചെത്തിയാലും ബാധകമായിരിക്കും.
അതാത് രാജ്യങ്ങളില്‍ തിരിച്ചെത്തിയാല്‍ പിഴകള്‍ ആരും ഗൗരവത്തിലെടുക്കുകയോ തിരിച്ചടക്കുകയോ ചെയ്യാറില്ല. സന്ദര്‍ശകരുടെ ചെറിയ നിയമലംഘനങ്ങളുടെ പേരിലുള്ള പിഴകള്‍ അധികൃതര്‍ തന്നെ ഒഴിവാക്കുകയാണ് പതിവ്. ഇലക്ട്രോണിക് സംവിധാനം വരുന്നതോടെ താമസിക്കുന്ന രാജ്യത്തുള്ളതു പോലെ തന്നെ പിഴ രേഖപ്പെടുത്തും.
ഇത് നല്‍കാത്തവര്‍ക്ക് താമസരേഖ പുതുക്കുന്നതും എക്‌സിറ്റ് ലഭിക്കുന്നതും പോലുള്ള സേവനങ്ങള്‍ തടയപ്പെടും. നിവലില്‍ അതാത് രാജ്യങ്ങളില്‍ ട്രാഫിക് പിഴ ഒടുക്കുന്നത് സംബന്ധിച്ച നിയമങ്ങള്‍ മറ്റ് ജിസിസി രാജ്യങ്ങളിലുള്ളവര്‍ക്കും ബാധകമാക്കാനാണ് ഉദ്ദേശിക്കുന്നത്. നിയമാവലിക്ക് അന്തിമരൂപം നല്‍കുന്നതോടെ ഇക്കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത കൈവരും.
കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ഇത് സംബന്ധിച്ച കൂടുതല്‍ ചര്‍ച്ചകള്‍ നടന്നത്. ഇതിന്റെ ഭാഗമായി ഗള്‍ഫ് രാജ്യങ്ങളിലെ ബന്ധപ്പെട്ട വകുപ്പുകള്‍ യോഗം ചേര്‍ന്ന് നടപടികള്‍ കൈകൊണ്ടിരുന്നു.
ഒമാന്‍ ആഭ്യന്തര മന്ത്രി ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ബൂസഈദിയുടെ അധ്യക്ഷതയിലാണ് ജിസിസി ആഭ്യന്തര മന്ത്രിമാരുടെ യോഗം ചേര്‍ന്നത്. സൗദി ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ സംബന്ധിച്ചു.
യോഗത്തില്‍ ഏകീകൃത ജിസിസി ടൂറിസ്റ്റ് വീസ ഘട്ടംഘട്ടമായി നടപ്പാക്കാനും അനുമതി നല്‍കിയിരുന്നു. ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ ശ്രദ്ധേയമായ നേട്ടങ്ങളില്‍ ഒന്നാണ് യൂനിഫൈഡ് വീസയെന്ന് ജിസിസി സെക്രട്ടറി ജനറല്‍ ജാസിം അല്‍ബുദൈവി ചൂണ്ടിക്കാട്ടി.
മയക്കുമരുന്നിന്റെ വ്യാപനം എല്ലാ തലങ്ങളിലും സമൂഹത്തെ ആശങ്കാകുലരാക്കുകയാണെന്നും ഇത് തടയാന്‍ പ്രതിരോധം, നിയന്ത്രണം, ചികിത്സ തുടങ്ങിയ മേഖലകളില്‍ എല്ലാവരും കൈകോര്‍ത്ത് പ്രവര്‍ത്തിക്കണമെന്നും അല്‍ബുദൈവി അഭിപ്രായപ്പെട്ടു. ജിസിസി രാജ്യങ്ങളില്‍ മയക്കുമരുന്നിന്റെ വിപത്ത് തടയുന്നതിനായി സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിവരുന്ന ശ്രമങ്ങളെയും ബോധവത്കരണ കാംപയിനുകളെയും അദ്ദേഹം പ്രകീര്‍ത്തിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല