ലണ്ടന്‍: ട്രാഫിക് നിയമം തെറ്റിക്കുന്നവര്‍ക്കുളള പിഴ ശിക്ഷയില്‍ കനത്ത വര്‍ദ്ധനവ്. പിഴയില്‍ അന്‍പത് ശതമാനം വരെ വര്‍ദ്ധനവാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒപ്പം പുതിയ പരിഷ്‌കാരങ്ങളും ട്രാഫിക് നിയമത്തില്‍ ഉള്‍പ്പെടുത്തികൊണ്ട് കഴിഞ്ഞദിവസം ഉത്തരവായി. അലക്ഷ്യമായി വാഹനം ഓടിക്കുന്നവര്‍ക്കുളള പിഴ അറുപത് പൗണ്ടില്‍ നിന്ന് തൊണ്ണൂറു പൗണ്ടായി വര്‍ദ്ധിപ്പിച്ചു. മുന്നില്‍ പോകുന്ന വാഹനത്തോട് ചേര്‍ന്ന് വാഹനം ഓടിക്കുക, ലൈന്‍ ട്രാഫിക് തെറ്റിക്കുക, വാഹനത്തിന്റെ വീല്‍ സ്പിന്‍ ചെയ്യിക്കുക തുടങ്ങിയവ സ്‌പോട്ട് ഫൈന്‍ ഈടാക്കാന്‍ പര്യപ്തമായ നിയമലംഘനമായി ഇനിമുതല്‍ കണക്കാക്കും.
നിലവിലുളള റോഡ് നിയമങ്ങള്‍ അപര്യാപ്തമാണന്നും അതിനാല്‍ ട്രാഫിക് നിയമം ലംഘിക്കുന്നവര്‍ക്കുളള പിഴയില്‍ വര്‍ദ്ധനവ് വരുത്തേണ്ടത് ആവശ്യമാണന്നും തീരുമാനങ്ങള്‍ വിശദീകരിക്കവേ റോഡ് സേഫ്റ്റി മിനിസ്റ്റര്‍ മൈക്ക് പെന്നിംഗ് പറഞ്ഞു. ഓവര്‍ സ്പീഡ്, വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക, സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങളുടെ പിഴയിലും കാര്യമായ വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്. ചുവന്ന സിഗ്നല്‍ ലംഘിക്കുന്നതിനും കാല്‍നട യാത്രക്കാര്‍ക്കുളള വര അവഗണിക്കുന്നതിനുമുളള പിഴയും തൊണ്ണൂറ് പൗണ്ടായി ഉയര്‍ത്തിയിട്ടുണ്ട്. ഇന്‍ഷ്വറന്‍സ് ഇല്ലാതെ വണ്ടിയോടിക്കുന്നതിനുളള പിഴ ഇരുനൂറ് പൗണ്ടില്‍ നിന്ന് മൂന്നൂറാക്കി ഉയര്‍ത്തി. ചെറിയ കുറ്റങ്ങള്‍ക്കുളള പിഴയിലും അന്‍പത് ശതമാനത്തിലേറെ വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്.
എന്നാല്‍ പാര്‍ക്കിംഗ് ഫൈന്‍ പോലുളള ഫിക്‌സഡ് പെനാല്‍റ്റികളില്‍ വര്‍ദ്ധനവ് വരുത്തിയിട്ടില്ല. അടുത്ത ഏപ്രില്‍ മുതല്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ നിലവില്‍ വരും. പുതിയ പരിഷ്‌കാരങ്ങള്‍ക്കെതിരേ കടുത്ത പ്രതിഷേധവുമായി വാഹന ഉടമകള്‍ രംഗത്തെത്തി. ഉയര്‍ന്ന ഇന്ധനവിലയും ഇന്‍ഷ്വറന്‍സ് പ്രീമിയവും വാഹന ഉടമകളുടെ നട്ടെല്ല് ഒടിച്ചിരിക്കുന്ന സമയത്ത് ഇത്തരം ഡ്രാക്കോണിയന്‍ നിയമങ്ങള്‍ നടപ്പിലാക്കുന്നത് നിരുത്തരവാദപരമാണന്ന് എഎ പ്രസിഡന്റ് എഡ്മണ്ട് കിംഗ് ചൂണ്ടിക്കാട്ടി. എന്നാല്‍ ഉയര്‍ന്ന പിഴ ഈടാക്കുന്നത് മൂലം ആളുകള്‍ ഡ്രൈവിംഗില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുമെന്നും അതുവഴി റോഡ് സുരക്ഷ ഉറപ്പാക്കാമെന്നും റോഡ് സേഫ്റ്റി മിനിസ്റ്റര്‍ മൈക്ക് പെന്നിംഗ് ചൂണ്ടിക്കാട്ടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല