ചില ജീവിതങ്ങള്‍ സിനിമയാകാരുണ്ട് ചില സിനിമകള്‍ ജീവിതമായി പരിണമിക്കാറുമുണ്ട്, ഇത്തരത്തില്‍ ഒരു ദുരന്തതിനാണ് കായംകുളം ഇന്നലെ സാക്ഷ്യം വഹിച്ചത്, സ്കൂട്ടറില്‍ യാത്രചെയ്ത യുവതി ലോറിയിടിച്ചു തല്‍ക്ഷണം മരിക്കുകയും ഒപ്പമുണ്ടായിരുന്ന ഒന്നര വയസ്സുകാരി മകളുടെ കാല്‍പാദം അറ്റ് പോകുകയും ചെയ്യുകയും യുവതിയുടെ അമ്മയ്ക്കു പരുക്കേല്‍ക്കുകയും സംഭവിച്ചപ്പോള്‍. അറ്റുപോയ കുഞ്ഞുകാല്‍പാദം സമയത്ത് ആശുപത്രിയിലെത്തിക്കാന്‍ ട്രാഫിക് സിനിമയെ അനുസ്മരിപ്പിക്കും വിധം സാമൂഹിക പ്രവര്‍ത്തകരും ഹൈവേ പൊലീസും കായംകുളം മുതല്‍ കൊച്ചി വരെ നൂറു കിലോമീറ്ററോളം ഗതാഗതം നിയന്ത്രിച്ചു. വാഹനങ്ങള്‍ ഒതുക്കിക്കൊടുത്ത് ദേശീയ പാതയിലെ യാത്രക്കാരും സഹകരിച്ചു.
കായംകുളം പുതുപ്പള്ളി തെക്ക് കൊച്ചുമുറി തോപ്പില്‍ വീട്ടില്‍ വേണുഗോപാലന്‍ നായരുടെ മകള്‍ ദിവ്യ (25) ആണു മരിച്ചത്. മകള്‍ ദേവിക(ദേവു)യുടെ വലതു കാല്‍പാദം അറ്റുപോയി. ദിവ്യയുടെ അമ്മ ശ്യാമള (50) പരുക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്.ഇന്നലെ വൈകിട്ടു നാലുമണിയോടെ ദേശീയപാതയില്‍ കായംകുളം ചിറക്കടവം ജംക്ഷനിലായിരുന്നു അപകടം.
എടിഎമ്മില്‍ നിന്നു പണമെടുക്കാന്‍ പോകുകയായിരുന്നു ദിവ്യ. ദേശീയപാത കുറുകെ കടക്കാന്‍ ശ്രമിക്കുമ്പോള്‍ ലോറി സ്കൂട്ടറിലിടിച്ചു. ലോറിക്കടിയിലേക്കു തെറിച്ചുവീണ ദിവ്യയുടെ തലയില്‍ ലോറിയുടെ മുന്‍ചക്രം കയറി. സ്കൂട്ടറിനും ലോറിയുടെ മുന്‍ചക്രത്തിനും ഇടയില്‍പ്പെട്ടാണു ദേവികയുടെ പാദം അറ്റത്. ലോറി പിന്നിലേക്കെടുത്തു ദേവികയെ രക്ഷപ്പെടുത്തി കായംകുളം താലൂക്ക് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും കാല്‍പാദം റോഡില്‍ കിടക്കുന്നതു പിന്നീടാണു ശ്രദ്ധയില്‍പ്പെട്ടത്.
പാദം പ്ളാസ്റ്റിക് കവറിലാക്കി സ്ഥലവാസികളായ രണ്ടു യുവാക്കള്‍ ബൈക്കില്‍ കായംകുളം ആശുപത്രിയിലേക്കു പാഞ്ഞു. ദേവികയെ അപ്പോഴേക്കും ആംബുലന്‍സില്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയിരുന്നു. അതോടെ യുവാക്കള്‍ അങ്ങോട്ടു കുതിച്ചു. വിവരമറിഞ്ഞ് എസ്ഐ സി.ടി. സഞ്ജയിന്റെ നേതൃത്വത്തില്‍ ഹൈവേ പൊലീസ് ബൈക്കിനെ പിന്തുടര്‍ന്നു. ഹരിപ്പാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപം യുവാക്കളില്‍ നിന്നു പാദം ഏറ്റുവാങ്ങിയ പൊലീസ് മെഡിക്കല്‍ കോളജിലേക്കു തിരിച്ചു. വഴിമധ്യേ ബേക്കറിയില്‍ നിന്ന് ഐസുകട്ടകള്‍ വാങ്ങി കാല്‍പാദമടങ്ങിയ കവറിലിട്ടു ഭദ്രമാക്കി.
ദേവികയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനു തൊട്ടുമുന്‍പു ഹൈവേ പൊലീസ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി. തുടര്‍ന്നു റോഡ് സേഫ്ടി പ്രവര്‍ത്തകര്‍ കാല്‍പാദം ഏറ്റുവാങ്ങി ഐസ് നിറച്ച ബക്കറ്റിലാക്കി ആംബുലന്‍സില്‍ ദേവികയുമായി കൊച്ചിയിലേക്കു നീങ്ങി.
കായംകുളത്തു നിന്ന് എറണാകുളം വരെയുള്ള നൂറു കിലോമീറ്ററിലേറെ ദൂരം ദേശീയപാതയില്‍ ഗതാഗതതടസ്സം ഉണ്ടാകാതിരിക്കാന്‍ ഹൈവേ പൊലീസ് എല്ലാ സ്റ്റേഷനുകളിലേക്കും സന്ദേശം കൈമാറി. ലോക്കല്‍ പൊലീസും അതതു പ്രദേശത്തെ ഹൈവേ പൊലീസ് സംഘവും കൊച്ചി വരെ ഗതാഗതക്കുരുക്ക് ഉണ്ടാകാതിരിക്കാന്‍ യത്നിച്ചു. രാത്രി ഏഴുമണിയോടെ കൊച്ചി സ്പെഷലിസ്റ്റ് ആശുപത്രിയിലെത്തിച്ച ദേവികയെ പിന്നീടു മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്കു മാറ്റി ശസ്ത്രക്രിയയ്ക്കു വിധേയയാക്കി.
എന്നാല്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ് ആശുപത്രിയില്‍ മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയിലൂടെ അറ്റുപോയ കാല്‍പാദം തുന്നിച്ചേര്‍ക്കാന്‍ ഡോക്ടര്‍മാര്‍ പരിശ്രമിച്ചെങ്കിലും വിജയിച്ചില്ല. നാടിനെ നടുക്കിയ ദുരന്തത്തിന്റെ നൊമ്പരക്കാഴ്ചയായി മാറി ഈ കുരുന്നു ബാലിക. വേര്‍പെട്ട കാലിന്റെ ചതവും മുറിവും ഗുരുതരമായതുകൊണ്ടാണു തുന്നിച്ചേര്‍ക്കല്‍ ശ്രമം വിഫലമായത്. ആദ്യം എറണാകുളം സ്പെഷലിസ്റ് ആശുപത്രിയിലെത്തിച്ച ദേവുവിനെ പിന്നീട് അടിയന്തര ശസ്ത്രക്രിയ്ക്കു വിധേയമാക്കാന്‍ രാത്രിയോടെ എറണാകുളം മെഡിക്കല്‍ ട്രസ്റ് ആശുപത്രിയിലേക്കു മാറ്റി. ഇവിടെ നടത്തിയ ശസ്ത്രക്രിയയാണു ഫലമണിയാതെ പോയത്. അപകടമറിഞ്ഞു ദിവ്യയുടെ ഭര്‍ത്താവ് വിദേശത്തുനിന്നു നാട്ടിലേക്കു തിരിച്ചിട്ടുണ്ട്.
യഥാര്‍ത്ഥ സംഭവം ട്രാഫിക്കായി, പിന്നീട് ട്രാഫിക് യഥാര്‍ത്ഥ സംഭവമാകുന്നു
വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെന്നൈയില്‍ നടന്ന യഥാര്‍ത്ഥ സംഭവമാണ് ട്രാഫിക് എന്ന ചിത്രമായി പരിണമിച്ചത്. ജേര്‍ണലിസ്റ്റായി കരിയറിലെ ആദ്യ ദിനം അഭിമുഖം ഷൂട്ട് ചെയ്യാന്‍ സുഹൃത്തിനൊപ്പം (ആസിഫലി) ബൈക്കില്‍ ഓഫീസിലേക്ക് പോകുന്ന റെയ്ഹാന് (വിനീത് ശ്രീനിവാസന്‍) ഉണ്ടാകുന്ന അപകടവും അതിനെത്തുടര്‍ന്നുണ്ടായ കാര്യങ്ങളുമാണ് ചിത്രീകരിച്ചിരിക്കുന്നത്.
പാലക്കാട് നടക്കുന്ന ഓപ്പറേഷനുവേണ്ടി കൊച്ചി മുതല്‍ പാലക്കാടുവരെ ട്രാഫിക് ജംഗ്ഷനുകള്‍ നിയന്ത്രിച്ചുകൊണ്ടുള്ള സുരക്ഷയാണ് ചിത്രത്തില്‍ ഒരുക്കുന്നത്. അതുപോലെതന്നെയാണ് കഴിഞ്ഞ ദിവസം കേരളത്തില്‍ ഉണ്ടായ അപകടത്തിനുശേഷവും ഒരുക്കിയത്. ദേവികയുടെ കാല്‍ തുന്നിച്ചേര്‍ക്കാനായില്ലെങ്കിലും ഒരു സിനിമ നാട്ടുകാര്‍ക്കിടയില്‍ ഉണ്ടാക്കിയ സ്വാധീനത്തെ കാണാതിരുന്നുകൂടാ. ഈ സിനിമ ഇല്ലായിരുന്നുവെങ്കില്‍ കേരളത്തില്‍ നടക്കുന്ന ഏതൊരു അപകടത്തേയുംപോലെ ഇതും മാറുമായിരുന്നു. എന്നാല്‍ അങ്ങനെ ആകാത്തതിന് കാരണമായി ഈ സിനിമ മാറിയെന്ന് ഒരുപരിധിവരെയെങ്കിലും വാദിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല