സ്വന്തം ലേഖകൻ: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസ് അന്വേഷണം കൊച്ചി എൻഐഎ യൂണിറ്റിന്. പ്രതി ഷാരൂഖ് സെയ്‌ഫിക്കെതിരെ യുഎപിഎ ചുമത്തിയ പശ്ചാത്തലത്തിലാണ് അന്വേഷണം എൻഐഎ ഏറ്റെടുത്തത്. കേസ് ഏറ്റെടുക്കാൻ ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. തീവയ്പ്പിന് പിന്നാലെ എൻഐഎ സംഘം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയിരുന്നു.
അതിനിടെ കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ വിയ്യൂർ ജയിലിലേക്ക് മാറ്റാൻ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് ഉത്തരവിട്ടു. കസ്റ്റഡി കാലാവധി അവസാനിച്ച പശ്ചാത്തലത്തിലാണ് ഉത്തരവ്. ട്രെയിനിൽ പെട്രോൾ ഒഴിച്ച് തീയിട്ട സംഭവത്തിൽ ഈമാസം 16നാണ് പ്രതിക്കെതിരെ യുഎപിഎ ചുമത്തിയത്.
പ്രതി ഷാരൂഖ് സെയ്ഫി സാക്കിർ നായിക്കുൾപ്പെടെയുള്ളവരുടെ വീഡിയോ കാണുന്ന തീവ്ര നിലപാടുള്ളയാളാണെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കിയ എഡിജിപി എം ആര്‍ അജിത് കുമാര്‍ വ്യക്തമാക്കിയിരുന്നു. ഇത്തരത്തിലൊരു കൃത്യം നടത്താന്‍ തീരുമാനിച്ചുറപ്പിച്ചാണ് ഇയാള്‍ കേരളത്തില്‍ എത്തിയതെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്. എന്നാല്‍ പ്രതിക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടോ എന്ന് പോലീസിന് സ്ഥിരീകരിക്കാനായിരുന്നില്ല.
രത്നഗിരിയിൽ നിന്ന് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ് പിടികൂടിയ പ്രതിയുടെ മറ്റ് സംസ്ഥാനങ്ങളിലെ ബന്ധങ്ങളുൾപ്പെടെ അന്വേഷിക്കേണ്ടതുണ്ടെന്ന് നിലവിലെ അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. ഇതുവരെയുളള അന്വേഷണത്തിൽ ഷാരൂഖ് മാത്രമാണ് കുറ്റം ചെയ്തതെന്ന് വ്യക്തമായെങ്കിലും കൂടുതൽ ആളുകളോ ഏതെങ്കിലും സംഘടനയോ ഉൾപ്പെട്ടിട്ടുണ്ടോ, പ്രതി കേരളം തെരഞ്ഞെടുക്കാനുള്ള കാരണം എന്നിവയ്ക്കുൾപ്പെടെ എൻഐഎക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. പ്രതി ഷാരൂഖ് സെയ്ഫി ലക്ഷ്യമിട്ടത് ട്രെയിന്‍ അട്ടിമറിയും കൂട്ടക്കൊലപാതകവുമെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്.
ഏപ്രിൽ രണ്ടിന് ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ രാത്രി ഒമ്പതരയോടെ ഡി വൺ കമ്പാർട്ട്മെന്റിലെത്തിയാണ് പ്രതി പെട്രോളൊഴിച്ച് തീവച്ചത്. ഇതോടെ പരിഭ്രാന്തരായി പുറത്തേക്ക് ചാടിയ മൂന്ന് യാത്രക്കാർ മരിക്കുകയും എട്ടുപേർക്ക് പരുക്കേൽക്കുകയും ചെയ്തു. കണ്ണൂർ മട്ടന്നൂർ സ്വദേശികളായ റഹ്മത്ത്, സഹോദരിയുടെ മകൾ രണ്ടര വയസ്സുകാരി സഹ്റ, കണ്ണൂർ സ്വദേശി നൗഫിൽ എന്നിവരാണ് മരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല