സ്വന്തം ലേഖകന്‍: പുരാതനമായ സില്‍ക്ക് റൂട്ടിലൂടെ കൂകിപ്പായാന്‍ തീവണ്ടി, ബ്രിട്ടനില്‍ നിന്ന് ചൈനയിലേക്ക് ആദ്യ സര്‍വീസ്. ബ്രിട്ടനില്‍ നിന്ന് ആദ്യ ചരക്കു തീവണ്ടി ചൈനയിലേക്ക് പുറപ്പെട്ടു. ഏഴ് രാജ്യങ്ങളിലൂടെ 75,000 മൈല്‍ താണ്ടിയാണ് ഈ ചരക്കു തീവണ്ടിയുടെ യാത്ര. എക്‌സസ് സ്‌റ്റേഷനില്‍ നിന്ന് യാത്ര തിരിക്കുന്ന ട്രെയിനില്‍ 30 കണ്ടെയ്‌നറുകളായി വിസ്‌കി, സോഫ്ട് ഡ്രിങ്ക്‌സ്, വൈറ്റമിന്‍സ്, മരുന്നുകള്‍ എന്നിവയാണ് കൊണ്ടു പോകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചൈനയിലെ യിവു പട്ടണത്തിലാണ് തീവണ്ടി യാത്ര അവസാനിപ്പിക്കുക. പതിനേഴ് ദിവസങ്ങള്‍ കൊണ്ടാണ് ട്രെയിന്‍ യിവുവില്‍ എത്തുക. ഴെജിയാങ് പ്രവിശ്യയിലെ പ്രശസ്തമായ മൊത്ത വ്യാപാര കേന്ദ്രമാണ് യിവു. ഫ്രാന്‍സ്, ബെല്‍ജിയം, ജര്‍മ്മനി, പോളണ്ട്, ബെലറൂസ്, റഷ്യ, കസാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളിലൂടെയാണ് തീവണ്ടിയുടെ യാത്ര. ഏപ്രില്‍ 27 ന് മുന്‍പ് യിവുവില്‍ എത്തുകയാണ് ലക്ഷ്യം. മൂന്നു മാസത്തിനു ശേഷം ട്രെയിന്‍ തിരിച്ച് ലണ്ടനില്‍ എത്തും.
പടിഞ്ഞാറിനേയും കിഴക്കിനേയും ബന്ധിപ്പിക്കുന്ന രണ്ടായിരത്തിലേറെ വര്‍ഷം പഴക്കമുള്ള വാണിജ്യ പാതയായിരുന്ന സില്‍ക്ക് റൂട്ട് പുനഃസ്ഥാപിക്കുന്നതിനുള്ള വണ്‍ ബെല്‍റ്റ്, വണ്‍ റോഡ് പദ്ധതിയുടെ ഭാഗമാണ് പുതിയ സര്‍വീസ്. ബ്രിട്ടന്‍ യുറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്മാറുന്നതോടെ സംഭവിക്കാനിടയുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ചൈനയുമായുള്ള വ്യാപാര ബന്ധം സഹായിക്കുമെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ പ്രതീക്ഷ.
സില്‍ക്ക് റൂട്ടിലൂടെയുള്ള പുതിയ വ്യാപാര സാധ്യതകളെ സുവര്‍ണ പ്രതീക്ഷയെന്നാണ് തെരേസാ മേയ് വിശേഷിപ്പിച്ചത്. എന്നാല്‍, മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ അടക്കമുള്ളവര്‍ പദ്ധതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തുണ്ട്. വാണിജ്യ ആവശ്യങ്ങള്‍ക്കെന്ന മറവില്‍ പാത കടന്നു പോകുന്ന രാജ്യങ്ങളില്‍ തുറമുഖങ്ങളും വ്യാപാര കേന്ദ്രങ്ങളും സ്ഥാപിക്കുന്നത് ചൈനയുടെ രാഷ്ട്രീയ തന്ത്രമാണെന്നും ഒരു വിഭാഗം വാദിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല