പഠനക്ലാസുകളുടെ ബാഹുല്യംമൂലം ആശുപത്രികളില്‍ പരിശീലനത്തിനെത്തുന്ന നേഴ്സുമാര്‍ക്ക് രോഗികളെ ശ്രദ്ധിക്കാന്‍ സാധിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. ട്രെയിനി നേഴ്സുമാര്‍ രോഗികളെ പരിചരിച്ചാണ് കാര്യങ്ങള്‍ മനസിലാക്കേണ്ടത്. എന്നാല്‍ ഏറ്റവും കൂടുതല്‍ സമയം ആരുടെയെങ്കിലും ക്ലാസുകളില്‍ ഇരിക്കേണ്ടിവരുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പ്രായോഗിക പരിശീലനം നഷ്ടപ്പെടുന്ന ആയിരക്കണക്കിന് നേഴ്സുമാരാണ് ഓരോ വര്‍ഷവും ആശുപത്രികളുടെ നേഴ്സിങ്ങ് വിദ്യാലയങ്ങളില്‍നിന്ന് പുറത്തിറങ്ങുന്നത്. കൂടുതല്‍ സമയം ക്ലാസ് മുറിയില്‍ ചെലവഴിക്കുന്നതിന് പകരം രോഗികളോടൊപ്പം ചെലവഴിക്കാനാണ് മുതിര്‍ന്ന നേഴ്സുമാര്‍ വ്യക്തമാക്കുന്നത്.
റോയല്‍ കോളേജ് ഓഫ് നേഴ്സിങ്ങിന്റെ മേധാവി പീറ്റര്‍ കാട്ടറാണ് ഇതുമായി ബന്ധപ്പെട്ട ആദ്യ പ്രസ്താവന പുറപ്പെടുവിച്ചത്. ഇത് മുതിര്‍ന്ന പൗരന്മാര്‍ക്കും തീരെ അവശരായ രോഗികള്‍ക്കും പരിചരണം നല്‍കേണ്ട നേഴ്സുമാരുടെ കാര്യത്തില്‍ ആശങ്ക ഉണ്ടാക്കാന്‍ കാരണമാക്കിയിരിക്കുകയാണ്. രോഗീപരിചരണത്തെക്കുറിച്ചുള്ള പ്രാഥമിക ധാരണപോലുമില്ലാത്ത ആയിരക്കണക്കിന് നേഴ്സുമാരാണ് ആശുപത്രികളില്‍ ട്രെയിനിയായിട്ട് ജോലി ചെയ്യുന്നത്. മുതിര്‍ന്ന രോഗികളെ പരിചരിക്കാന്‍ മിക്കവാറും ആശുപത്രികളും വിടുന്നത് ഇത്തരത്തിലുള്ള ട്രെയിനി നേഴ്സുമാരെയാണ്. കാര്യങ്ങളൊന്നും അറിയാത്ത ട്രെയിനി നേഴ്സുമാര്‍ രോഗികളെ എങ്ങനെ കൈകാര്യം ചെയ്യുമെന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം.
ഇപ്പോള്‍ മൂന്നുവര്‍ഷത്തെ പരിശീലനമാണ് നേഴ്സുമാര്‍ക്ക് കൊടുക്കുന്നത്. ഇതില്‍ കൂടുതല്‍ സമയവും ക്ലാസ്സ് മുറികളിലാണ് ചെലവഴിക്കുന്നത്. എന്നാല്‍ ഈ പഠനരീതി മാറ്റണമെന്നാണ് പ്രധാനമായും ഉയരുന്ന ആവശ്യം. കുറഞ്ഞപക്ഷം മൊത്തം ക്ലാസ് സമയത്തിന്റെ നേര്‍പകുതിയെങ്കിലും രോഗികളോടൊപ്പം ചെലവഴിക്കാന്‍ നേഴ്സുമാരെ അനുവദിക്കണമെന്നാണ് വിദഗ്ദര്‍ ആവശ്യപ്പെടുന്നത്.
ചില കോഴ്സുകളെങ്കിലും രോഗികളുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ അനുവദിക്കുന്നില്ലെന്ന ആരോപണം ശക്തമായിത്തന്നെ നിലനില്‍ക്കുന്നുണ്ട്. മികച്ച പരിശീലനം ലഭിക്കാത്ത നേഴ്സുമാര്‍ രോഗികള്‍ക്ക് ഭക്ഷണം നല്‍കുന്ന കാര്യത്തിലും മറ്റും കുറ്റകരമായ അശ്രദ്ധ കാണിക്കുന്നുവെന്നും ആരോപണം ഉയരുന്നുണ്ട്. കിടക്കയില്‍നിന്ന് മാറ്റിക്കിടത്തുക, ശുദ്ധിയാക്കുക തുടങ്ങിയ കാര്യങ്ങളും ചെയ്യാന്‍ പരിശീലനമില്ലാത്ത നേഴ്സുമാര്‍ക്ക് സാധിക്കുന്നില്ലെന്നും ആരോപണമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല