സ്വന്തം ലേഖകന്‍: ലണ്ടനിലെ ക്രോയിഡണില്‍ ട്രാം അപകടത്തില്‍പ്പെട്ടു, ഏഴു മരണം, അമ്പതോളം പേര്‍ക്ക് പരുക്ക്. പ്രാദേശിക സമയം പുലര്‍ച്ചെ ആറേകാലോടെയാണു ദക്ഷിണ ലണ്ടനിലെ ക്രോയ്‌ഡോണില്‍ അപകടം നടന്നത്. ട്രാം പാളം തെറ്റി മറിയുകയായിരുന്നു.
അപകടത്തില്‍ ഏഴു പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. അമ്പതോളം പേര്‍ക്കു പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ന്യൂ ആഡിംഗ്റ്റണില്‍ നിന്നും വിംബിള്‍ഡണിലേക്കു പോകുകയായിരുന്ന ട്രാമാണ് അപകടത്തില്‍പ്പെട്ടത്. ട്രാം വളവ് തിരിയവെ പാളം തെറ്റുകയായിരുന്നു എന്നാണ് സൂചന.
സംഭവത്തില്‍ ട്രാം ഡ്രൈവര്‍ക്കെതിരേ മനപ്പൂര്‍വമല്ലാതെയുള്ള നരഹത്യക്ക് കേസെടുത്തതായി ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പോലീസ് അറിയിച്ചു. ട്രാം ഓടിക്കുന്നതിനിടെ ഡ്രൈവര്‍ ഉറങ്ങിയിരുന്നോ എന്ന് പരിശോധിക്കുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. അപകട സമയത്ത് ട്രാം അനുവദനീയമായതില്‍ കൂടുതല്‍ വേഗത്തിലായിരുന്നു ഓടിയിരുന്നത് എന്ന് വ്യക്തമായിട്ടുണ്ട്.
അപകടത്തില്‍പ്പെട്ടവരെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി 0800 0560154 അന്ന നമ്പറില്‍ വിളിക്കാന്‍ അധികൃതര്‍ അറിയിച്ചു. മരിച്ചവരെക്കുറിച്ചുള്ള വിവരങ്ങള്‍ അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല