സ്വന്തം ലേഖകന്‍: ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി പുരുഷനായി; അവസാനം കാമുകി കാലുമാറി; ചതിയുടെ കഥ വെളിപ്പെടുത്തി അര്‍ച്ചനയായിരുന്ന ദീപു. സ്നേഹബന്ധത്തിന്റെ പേരില്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി പുരുഷനായി മാറിയ യുവതി, ഒടുവില്‍ വിവാഹ വാഗ്ദാനം നല്കിയ പെണ്‍കുട്ടി തന്നെ ചതിച്ചെന്ന ആരോപണവുമായി രംഗത്ത്. പെരുവണ്ണാമൂഴി സ്വദേശി ദീപു ആര്. ദര്‍ശനാണ് (അര്‍ച്ചന രാജ്) കാമുകിക്കെതിരെ പരാതി ഉന്നയിച്ചിരിക്കുന്നത്.
സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുമ്പോഴാണ് 23കാരിയായ അര്‍ച്ചന തന്റെ കൂടെ ജോലി ചെയ്യുന്ന ഒരു പെണ്‍കുട്ടിയുമായി അടുപ്പത്തിലാകുന്നത്. എന്നാല്‍ വിവാഹിതയായ അര്‍ച്ചനയ്ക്ക് കാമുകിയെ സ്വന്തമാക്കാന്‍ ആ ബന്ധം തടസമായി. അതോടെ ബന്ധം വേര്‍പെടുത്തുകയും ഒരുമിച്ചു ജീവിക്കാന്‍ ഇരുവരും തീരുമാനിക്കുകയും ചെയ്തു. തുടര്‍ന്നു ചെന്നൈയിലെ ആശുപത്രിയില്‍ രണ്ടു മാസം മുന്‍പു അര്‍ച്ചന ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയയായി. രണ്ടുലക്ഷം രൂപയാണ് ശസ്ത്രക്രിയയ്ക്കായി അര്‍ച്ചന ചെലവിട്ടത്.
എന്നാല്‍, ശസ്ത്രക്രിയ കഴിഞ്ഞതോടെ പെണ്‍കുട്ടി തന്നെ തള്ളിപ്പറയുകയും കോടതിയില്‍ ഉള്‍പ്പെടെ ബന്ധം നിഷേധിച്ചിക്കുകയും ചെയ്തുവെന്നും ദീപു പറയുന്നു. മാത്രമല്ല വടകരയിലെ ഒരു യുവാവുമായി അവളുടെ വിവാഹം ഉറപ്പിക്കുകയും ചെയ്തു. അടുത്ത മാസമാണ് വിവാഹം. ആണായി മാറാനും ശസ്ത്രക്രിയ നടത്താനും പ്രേരിപ്പിച്ച ശേഷം തന്നെ സുഹൃത്ത് വഞ്ചിച്ചുവെന്നാണ് ആരോപണം.
സുഹൃത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് താന്‍ ശസ്ത്രക്രിയ നടത്തി ആണ്ശരീരം സ്വീകരിച്ചതെന്ന് അര്‍ച്ചന പറയുന്നു. ശസ്ത്രക്രിയക്ക് ശേഷം സുഹൃത്ത് നിര്‍ദേശിച്ച പ്രകാരം ദീപുവെന്ന പേരും സ്വകരിച്ചു, പക്ഷെ അപ്പോഴേക്കും സുഹൃത്തിന്റെ മനസ് മാറി. കോടതിയിലും പോലീസിലും ദീപുവിനെതിരെയാണ് സുഹൃത്ത് മൊഴി നല്‍കിയത്. വാട്സാപ്പ് ചാറ്റും കോള്‍ റെക്കോര്‍ഡും ഉള്‍പ്പെടെയുള്ള തെളിവുകള്‍ ദീപുവിന്റെ കൈവശമുണ്ടെന്നും ശസ്ത്രക്രിയ കഴിഞ്ഞ സാഹചര്യത്തില്‍ ഇനി അര്‍ച്ചനയിലേക്കൊരു മടക്കമില്ലെന്നും ദീപുവായി തന്നെ ജീവിക്കുമെന്നും അര്‍ച്ചന പറയുന്നു. എന്നാല്‍ തനിക്ക് പറ്റിയ ചതിയുടെ കഥ ലോകമറിയണമെന്നും ദീപു കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല