സ്വന്തം ലേഖകന്‍: ട്രാന്‍സ് അറ്റ്‌ലാന്റിക് വ്യാപാര കരാറിനെതിരെ ജര്‍മനിയില്‍ പതിനായിരങ്ങളുടെ പ്രതിഷേധ പ്രകടനം.വിവിധ ജര്‍മന്‍ നഗരങ്ങളില്‍ പതിനായിരക്കണക്കിന് ആളുകളാണ് റാലിയില്‍ പങ്കെടുക്കാന്‍ എത്തിയത്. ബര്‍ലിന്‍, മ്യൂണിക് തുടങ്ങിയ നഗരങ്ങളില്‍ ദേശീയ പതാകയേന്തി മഴയെ അവഗണിച്ചാണ് ആളുകള്‍ പ്രകടനം നടത്തിയത്.
യൂറോപ്യന്‍ യൂനിയനും അമേരിക്കയും തമ്മിലുള്ള ചരിത്രത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര വിപണി തുറക്കുന്ന ട്രാന്‍സ് അറ്റ്‌ലാന്റിക് വ്യാപാര നിക്ഷേപ സഹകരണത്തിന് 2013 മുതല്‍ ശ്രമം നടക്കുന്നുണ്ട്. ഒക്ടോബറില്‍ കരാര്‍ സംബന്ധിച്ച അവസാനവട്ട ചര്‍ച്ചകള്‍ക്ക് ഇരുപക്ഷവും തുടക്കംകുറിക്കാന്‍ ഇരിക്കെയാണ് ജര്‍മനി ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നത്.
ആഗോളീകരണ വിരുദ്ധ മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളും ബാനറുകളും പ്രകടനത്തില്‍ പ്രത്യക്ഷപ്പെട്ടു. വിവിധ എന്‍.ജി.ഒകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, യൂനിയനുകള്‍ എന്നിവര്‍ ചേര്‍ന്നാണ് റാലി സംഘടിപ്പിച്ചത്.
ഏഴു പ്രധാന നഗരങ്ങളിലായി നടന്ന റാലിയില്‍ രണ്ടര ലക്ഷത്തിലധികം പേര്‍ പങ്കെടുത്തതായി സംഘാടകര്‍ അവകാശപ്പെട്ടു.
പ്രസിഡന്റ് കാലാവധി അവസാനിക്കും മുമ്പ് തന്റെ സ്വപ്ന പദ്ധതിയായ ട്രന്‍സ് അറ്റ്‌ലാന്റിക് കരാര്‍ പൂര്‍ത്തീകരിക്കനാണ് യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ ശ്രമം. ഒബാമയുടെ ജര്‍മന്‍ സന്ദര്‍ശനത്തിനിടെ കരാറിനെതിരെ ശക്തമായ പ്രതിഷേധവുമായി വിവിധ പരിസ്ഥിതി സംഘടനകളും ഉപഭോക്തൃ അവകാശ ഗ്രൂപ്പുകളും രംഗത്തെത്തിയിരുന്നു.
അമേരിക്കയിലെ തൊഴില്‍ നിയമങ്ങളും നീതിയും തൊഴിലാളിക്ക് നഷ്ടങ്ങള്‍ മാത്രമേ ഉണ്ടാക്കുന്നുള്ളുവെന്നും അത് യൂറോപ്പിന്റെ മേല്‍ അടിച്ചേല്‍പ്പിക്കാനാണ് അമേരിക്ക ഈ കരാറുവഴി ഉദ്ദേശിക്കുന്നതെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഇതു പ്രാബല്യത്തിലായാല്‍ ഒരു മില്യന്‍ ആളുകളുടെ തൊഴില്‍ നഷ്‌പ്പെടുമെന്നും കരാര്‍ ഉടമ്പടിയിലെ വിവരങ്ങള്‍ വെളിപ്പെടുത്തി കാര്യങ്ങള്‍ സുതാര്യമാക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ നിലപാട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല