സ്വന്തം ലേഖകന്‍: ഭിന്നലിംഗ വിഭാഗത്തില്‍ നിന്ന് ആദ്യ എസ്ഐ തമിഴ്നാട് പോലീസില്‍, നിയമനം കോടതി ഉത്തരവു വഴി. കെ.പ്രതിക യാഷിണിയെയാണ് തമിഴ്നാട് പോലീസില്‍ എസ്.ഐ ആയി നിയമിക്കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്.
ചീഫ് ജസ്റ്റിസ് പുഷ്പ സത്യനാരായണനും ജസ്റ്റിസ് എസ് കെ കൗളുമടങ്ങിയ ഡിവിഷന് ബഞ്ചാണ് സംസ്ഥാന യൂണിഫോംഡ് സര്‍വീസ് റിക്രൂട്ടമെന്റ് ബോര്‍ഡിന് നിര്‍ദേശം നല്‍കിയത്. തമിഴ്നാട് പോലീസില്‍ സബ് ഇന്‍സ്പെക്ടര്‍ പദവിലെത്തുന്ന ആദ്യത്തെ ഭിന്നലിംഗ വിഭാഗക്കാരിയാണ് പ്രതിക.
2013ല്‍ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെയാണ് പ്രദീപ് കുമാര്‍ പ്രതികയായി മാറിയത്. കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ബിരുദ്ധധാരിയായ പ്രതികയെ സബ് ഇന്‍സ്പെക്ടര്‍ പരീക്ഷയ്ക്ക് വിളിക്കുന്നതിന് ബോര്‍ഡ് തയ്യാറായിരുന്നില്ല. കായിക ക്ഷമതയില്‍ നിന്നും അഭിമുഖത്തില്‍ നിന്നും പ്രതികയെ മാറ്റി നിര്‍ത്തുകയാണ് ബോര്‍ഡ് ചെയ്തത്. ഭിന്നലിംഗക്കാര്‍ക്ക് പ്രത്യേക വിഭാഗമില്ല എന്ന് ചൂണ്ടികാട്ടിയായിരുന്നു നടപടി. പിന്നീട് മദ്രാസ് ഹൈക്കോടതി ഇടപ്പെട്ടതിനെ തുടര്‍ന്നാണ് പരീക്ഷ എഴുതാന്‍ സാധിച്ചത്.
പ്രതികയുടെ പരാതി പരിഗണിക്കുന്നതിനൊപ്പം ഇനിമുതല്‍ നിയമനങ്ങള്‍ക്കുള്ള അപേക്ഷ പരിഗണിക്കുമ്പോള്‍ ഭിന്നലിംഗക്കാരെ മൂന്നാം വിഭാഗമായി കണ്ട് പ്രത്യേക പരിഗണന നല്‍കണമെന്നും കോടതി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല