സ്വന്തം ലേഖകൻ: ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന ട്രാൻസിറ്റ് യാത്രക്കാർക്കും ഒക്‌ടോബറിൽ ആരംഭിക്കുന്ന എക്‌സ്‌പോ ദോഹ കാണാൻ അവസരം ലഭിച്ചേക്കും. ആഭ്യന്തര മന്ത്രാലയവും ഖത്തർ എയർവേയ്‌സുമായി ഇക്കാര്യത്തിൽ ചർച്ച നടത്തുകയാണെന്ന് എക്‌സ്‌പോ ദോഹ സെക്രട്ടറി ജനറൽ മുഹമ്മദ് അൽ ഖൗരി വെളിപ്പെടുത്തി.
വിമാനത്താവളത്തിൽ തുടർ യാത്രയ്ക്കായി 7-8 മണിക്കൂർ കാത്തിരിക്കുന്നവർക്ക് എക്‌സ്‌പോ വേദി സന്ദർശിക്കാൻ അവസരം നൽകുന്നത് ആഭ്യന്തര ടൂറിസത്തിന്റെ വളർച്ചയ്ക്ക് സഹായിക്കും. എക്‌സ്‌പോയുടെ ഔദ്യോഗിക പങ്കാളികളൊന്നാണ് ഖത്തർ എയർവേയ്‌സ്. ദോഹയിൽ നിന്ന് 160 നഗരങ്ങളിലേക്കാണ് ഖത്തർ എയർവേയ്‌സ് സർവീസ് നടത്തുന്നത്.
നിലവിൽ ഹമദ് വിമാനത്താവളത്തിലെത്തുന്ന ട്രാൻസിറ്റ് യാത്രക്കാർക്ക് ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് ഡിവിഷനായ ഡിസ്‌ക്കവർ ഖത്തർ നിരവധി ട്രാൻസിറ്റ് ടൂർ സംഘടിപ്പിക്കുന്നുണ്ട്. 3 മണിക്കൂർ നീളുന്ന ദോഹ നഗര യാത്ര, മരുഭൂമിയിലെ ഖോർ അൽ ഉദൈദിലേക്ക് 4 മണിക്കൂർ നീളുന്ന സ്വകാര്യ യാത്ര, വിമാനത്താവളത്തിനുള്ളിൽ സ്‌ക്വാഷ്, ഗോഫ് സിമുലേറ്റർ എന്നിവ ആസ്വദിക്കാനുള്ള ടൂർ എന്നിവ സംഘടിപ്പിക്കുന്നുണ്ട്.
ദോഹ കോർണിഷിലെ അൽബിദ പാർക്കിൽ 1.7 ദശലക്ഷം ചതുരശ്രമീറ്ററിലായി ഒക്‌ടോബർ 2 മുതൽ 2024 മാർച്ച് വരെയാണ് രാജ്യാന്തര ഹോർട്ടികൾചറൽ എക്‌സ്‌പോ നടക്കുന്നത്. ഇന്റർനാഷനൽ, ഫാമിലി, കൾചറൽ എന്നിങ്ങനെ 3 സോണുകളായി തിരിച്ചുള്ള എക്‌സ്‌പോയിൽ തൽസമയ വിനോദ പരിപാടികൾ, വിനോദവും വിജ്ഞാനവും കോർത്തിണക്കിയുള്ള കുടുംബ സൗഹൃദ പരിപാടികൾ തുടങ്ങി കാഴ്ചകൾ ഏറെയുണ്ട്. 80 രാജ്യങ്ങളുടെ പങ്കാളിത്തം സ്ഥിരീകരിച്ചു കഴിഞ്ഞു. 6 മാസം നീളുന്ന എക്‌സ്‌പോയിൽ 30 ലക്ഷം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല