സ്വന്തം ലേഖകൻ: യൂറോപ്പില്‍ കറങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കയാണ് എയര്‍ ഇന്ത്യ. റിപ്പോര്‍ട്ടുകള്‍ പ്രകാരം എയര്‍ ഇന്ത്യയുടെ ഒറ്റ വിമാനട്ടിക്കറ്റ് എടുത്താല്‍ യൂറോപ്പിലെ നൂറിലധികും നഗരങ്ങളില്‍ കറങ്ങാനാകും. ഈ നഗരങ്ങളിലെ ട്രെയിന്‍ യാത്രയ്ക്കും ഈ ടിക്കറ്റ് മതിയാകും. ഇതോടെ സഞ്ചാരികള്‍ക്ക് ഓരോ നഗരങ്ങളിലും ചെന്ന് ട്രെയിന്‍ ടിക്കറ്റ് എടുക്കേണ്ട ബുദ്ധിമുട്ട് ഒഴിവാകും.
എയര്‍ ഇന്ത്യയും ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍ ട്രാവല്‍ പാര്‍ട്ണറായ ആക്സസ് റെയിലും തമ്മില്‍ ഉണ്ടാക്കിയ കരാര്‍ പ്രകാരമാണ് ഈ പദ്ധതി നടപ്പിലാകുക. എയര്‍ ഇന്ത്യ യാത്രക്കാരെ അവരുടെ സര്‍വീസിലെ അതേ ബാഗേജ് അലവന്‍സ് നിലനിര്‍ത്തിക്കൊണ്ട് യൂറോപ്പിലെ ബസ്, റെയില്‍ സേവനങ്ങള്‍ ഉപയോഗിക്കാന്‍ അവസരം നല്‍കും.
അവന്തി വെസ്റ്റ്‌കോസ്റ്റ് (യുകെ), നാഷണല്‍ എക്‌സ്പ്രസ് (യുകെ), ട്രെനിറ്റാലിയ (ഇറ്റലി), ഒ.ബി.ബി (ഓസ്ട്രിയ) തുടങ്ങിയ യൂറോപ്പിലെ പ്രമുഖ ബസ്-റെയില്‍ സര്‍വീസുകളില്‍ ഈ ഓഫര്‍ ലഭിക്കും. തുടക്കത്തില്‍ ആഗോള തലത്തിലുള്ള ട്രാവല്‍ ഏജന്റുമാര്‍ വഴിയാകും ഈ ടിക്കറ്റുകള്‍ ലഭിക്കുക. വൈകാതെ തന്നെ തങ്ങളുടെ സെയില്‍ ചാനലുകള്‍ വഴിയും എയര്‍ ഇന്ത്യ ഈ ടിക്കറ്റുകള്‍ നല്‍കും. എയര്‍ ഇന്ത്യക്ക് മുന്‍പേ വിസ്താര എയര്‍ലൈന്‍സും സമാനമായ പദ്ധതി നടപ്പിലാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല