സ്വന്തം ലേഖകന്‍: വിസയില്ലാതെയുള്ള ഖത്തര്‍ യാത്ര, അനിശ്ചിതത്വം തുടരുന്നു, കൈമലര്‍ത്തി ഇമിഗ്രേഷന്‍ വിഭാഗം ഉദ്യോഗസ്ഥര്‍. വിസയില്ലാതെ വരുന്നവര്‍ക്കായി ഖത്തര്‍ പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും വിദേശകാര്യ മന്ത്രാലയം തുടര്‍ നടപടികള്‍ സ്വീകരിക്കാത്തതിനാല്‍ ഇത് ഉപയോഗപ്പെടുത്താന്‍ യാത്രക്കാര്‍ക്ക് സാധിക്കുന്നില്ല. ഇന്ത്യയുള്‍പ്പെടെ 80 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസയില്ലാതെ രാജ്യത്തേക്ക് വരാന്‍ ആഗസ്റ്റ് 9 നാണ് ഖത്തര്‍ അനുമതി നല്‍കിയത്.
എന്നാല്‍ ഇത് സംബന്ധിച്ച് വിമാനത്താവളങ്ങളിലെ ഇമിഗ്രേഷന്‍ വിഭാഗത്തിന് നിര്‍ദേശം നല്‍കേണ്ടത് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയമാണ്. തിങ്കളാഴ്ച വരെ മന്ത്രാലയത്തില്‍ നിന്ന് ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ഇമിഗ്രേഷന്‍ അധികൃതര്‍ അറിയിച്ചു. പെരുന്നാള്‍, ഓണം തിരക്ക് വര്‍ധിച്ചതോടെ നിരവധി പേരാണ് പുതിയ സംവിധാനം ഉപയോഗപ്പെടുത്തി ഖത്തറിലേക്ക് പോകാന്‍ ശ്രമം നടത്തുന്നത്. എന്നാല്‍ അന്വേഷണവുമായി എത്തുന്നവരുടെ മുന്നില്‍ കൈ മലര്‍ത്തുകയാണ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍.
ഇന്ത്യയുള്‍പ്പെടെ 47 രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് 30 ദിവസത്തേക്കാണ് വിസയില്ലാതെ ഖത്തര്‍ സന്ദര്‍ശിക്കാന്‍ അനുമതി. ആവശ്യമെങ്കില്‍ കാലാവധി 30 ദിവസത്തേക്ക് കൂടി നീട്ടി നല്‍കും. ബാക്കി 33 രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് 90 ദിവസത്തേക്കാണ് അനുമതി നല്‍കുക. ഇതോടെ പാസ്പോര്‍ട്ടിന് ചുരുങ്ങിയത് ആറ് മാസത്തെ കാലാവധിയും മടക്കയാത്രക്കുളള ടിക്കറ്റും ഹാജരാക്കിയാല്‍ ഖത്തറിലേക്ക് യാത്ര ചെയ്യാന്‍ കഴിയും. ഈ സൗകര്യമാണ് കേരളത്തിലെ യാത്രക്കാര്‍ക്ക് ലഭിക്കാതെ പാഴാകുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല