സ്വന്തം ലേഖകന്‍: സഞ്ചാരം മലയാളികള്‍ക്ക് പുത്തരിയല്ലെങ്കിലും ഇതുപോലുള്ള രണ്ടു സഞ്ചാരികളെ മലയാളിളെന്നല്ല, ലോകം തന്നെ ആദ്യമായി കാണുകയായിരിക്കും. ഒരു കൊച്ചു ചായക്കട നടത്തി ഉപജീവനം കഴിക്കുന്ന ദമ്പതികളായ വിജയനും മോഹനയും ലോക സഞ്ചാരം നടത്തിയ കഥ ആരേയും ആവേശം കൊള്ളിക്കും.
കഴിഞ്ഞ 40 വര്‍ഷമായി ചായക്കട നടത്തുകയാണ് വിജയന്‍. എന്നാല്‍ പരിമിതമായ വരുമാനം കൊണ്ട് വിജയനും ഭാര്യ മോഹനയും ഇതിനകം യാത്ര ചെയ്തത് 16 ലോകരാജ്യങ്ങളിലാണ്. കൂടാതെ ഇന്ത്യ മുഴുവനും ഈ സഞ്ചാരി ദമ്പതികള്‍ കണ്ടു തീര്‍ത്തു കഴിഞ്ഞു.
ചെറുപ്പത്തില്‍ തന്നെ താന്‍ സഞ്ചാര പ്രേംമിയാണെന്ന് പറയുന്നു വിജയന്‍. എന്നാല്‍ ചായക്കടയില്‍ നിന്നുള്ള വരുമാനം യാത്രാ ചെലവുകള്‍ക്ക് തികയാതെ വന്നപ്പോള്‍ ബാങ്ക് ലോണെടുത്തായി യാത്രകള്‍. ഒരു യാത്ര കഴിഞ്ഞു വന്നാല്‍ ഇരുവരും അടുത്ത രണ്ടോ മൂന്നോ വര്‍ഷം ആ ലോണ്‍ അടച്ചു തീര്‍ക്കാനായി ജോലി ചെയ്യും.
എന്നാല്‍ ഇരുവര്‍ക്കും പ്രായമേറിയപ്പോള്‍ ഇരുവര്‍ക്കും ലോണ്‍ കൊടുക്കാന്‍ ബാങ്കുകള്‍ മടി കാണിച്ചു തുടങ്ങി. വിജയന്റെ ഏറെക്കാലമായുള്ള അമേരിക്ക സന്ദര്‍ശിക്കണമെന്ന ആഗ്രഹത്തിനും അതോടെ തടസം നേരിട്ടു.
എന്നാല്‍ ഒരു ദേശീയ മാധ്യമത്തില്‍ ഇരുവരേയും കുറിച്ച് വാര്‍ത്ത വന്നതോടെ സഹായങ്ങളുടെ പ്രവാഹമായി. ബോളിവുഡ് നടന്‍ അനുപംഖേര്‍ ഉള്‍പ്പെടെയുള്ളവര്‍ സഹായിച്ചു. കൊച്ചിയിലുള്ള ട്രാവല്‍ ഏജന്‍സിയായ സോമന്‍സ് ടിക്കറ്റുകള്‍ നിരക്കു കുറച്ചു നല്‍കി.
ഒടുവില്‍ അമേരിക്ക സന്ദര്‍ശിക്കാനായതിന്റെ സന്തോഷത്തിലാണിപ്പോള്‍ വിജയനും മോഹനയും. അമേരിക്കയില്‍ മോഹനക്ക് ഏറെ ഇഷ്ടപ്പെട്ടത് യൂണിവേഴ്‌സല്‍ സ്റ്റുഡിയോസാണ്. ലോസ് ആഞ്ചല്‍സും ന്യൂയോര്‍ക്കും തങ്ങള്‍ക്ക് ഒരുപാട് ഇഷ്ടമായെന്ന് വിജയന്‍ പറയുന്നു. ഒപ്പം സാധിക്കില്ലെന്ന് കരുതിയ ആഗ്രഹം സാധിപ്പിച്ചു തന്ന ഒരിക്കലും കണ്ടിട്ടില്ലാത്ത നല്ല മനസുകള്‍ക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല