സ്വന്തം ലേഖകന്‍: ബംഗ്ലാദേശില്‍ ഒരു മനുഷ്യന്‍ മരമായി മാറുന്നു, കൈയിലും കാലിലും നിറയെ മരച്ചില്ലകള്‍ പോലെ മുഴകള്‍ വളരുന്ന മനുഷ്യന്‍. ബംഗ്ലാദേശിലെ അബുല്‍ ബജന്‍ദാര്‍ എന്നയാളാണ് 10 വര്‍ഷമായി മരമനുഷ്യനായി ജീവിക്കുന്നത്. ശസ്ത്രക്രിയയിലൂടെ ശരീരത്തിലെ അഞ്ചു കിലോയോളം ഭാരം വരുന്ന മുഴകള്‍ നീക്കം ചെയ്യാനുള്ള ശ്രമത്തിലാണിപ്പോള്‍ ബജന്‍ദാര്‍.
നാലു വര്‍ഷം മുമ്പാണ് ജോലി ചെയ്യാന്‍ പോലും പറ്റാത്ത രീതിയില്‍ ശരീരത്തില്‍ മരച്ചില്ലകള്‍ പോലെ മുഴകള്‍ പ്രത്യക്ഷപ്പെടുന്നത്. അതോടെ സൈക്കിള്‍ റിക്ഷയോടിക്കുന്ന ജോലിയും നിര്‍ത്തേണ്ടി വന്നതായി ഈ 26 കാരന്‍ പറയുന്നു.
ഇപ്പോള്‍ കൈകളില്‍ നിറയെ വേരുപോലെ മുഴ പൊങ്ങിയിരിക്കുകയാണ്. രണ്ടും മൂന്നും ഇഞ്ചാണ് ഓരോന്നിന്റേയും നീളം. ബംഗ്‌ളാദേശിലെ സര്‍ക്കാര്‍ ആശുപത്രിയായ ഡി.എം.സി.എച്ചിലെ ഒരു സംഘം ഡോക്ടര്‍മാരാണ് അബുല്‍ ബജന്‍ദാറിനെ സൗജന്യമായി ചികിത്സിക്കുന്നത്.
പ്രധാന ഞരമ്പുകളെ ബാധിക്കാതെയും മറ്റു ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാതെയും മുഴകള്‍ നീക്കം ചെയ്യാമെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടത്തെിയിട്ടുണ്ട്. എപിഡെര്‍മോഡിസ്പ്‌ളാസിയ വെറൂസിഫോമിസ് എന്ന ശാസ്ത്രനാമമുള്ള ഈ അപൂര്‍വ ജനിതകരോഗം ട്രീ മാന്‍സ് ഡിസീസ് എന്ന പേരിലാണ് അറിയപ്പെടുന്നതെന്ന് വിദഗ്ദര്‍ പറയുന്നു.
മരമനുഷ്യനെന്ന രീതിയില്‍ പ്രശസ്തി പരന്നതോടെ വീട്ടിലും ആശുപത്രിയിലും ബജന്‍ദാറിനെ കാണാന്‍ സന്ദര്‍ശകരുടെ തിക്കും തിരക്കുമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല