സ്വന്തം ലേഖകന്‍: അട്ടപ്പാടിയില്‍ നാട്ടുകാര്‍ മോഷ്ടാവെന്ന് ആരോപിച്ച് ആദിവാസി യുവാവിനെ തല്ലിക്കൊന്നു; മരിക്കുന്നതിനു മുമ്പ് യുവാവിനൊപ്പം സെല്‍ഫിയും, സമൂഹ മാധ്യമങ്ങള്‍ പ്രതിഷേധം കത്തുന്നു. മോഷണം ആരോപിച്ച് ആദിവാസിയെ തല്ലിക്കൊന്നവര്‍ എടുത്ത സെല്‍ഫികൂടി പുറത്തായതോടെ കൊലയാളികള്‍ക്കെതിരെ ശക്തമായ എതിര്‍പ്പാണ് ഉയര്‍ന്നു വന്നിരിക്കുന്നത്.
മല്ലിപ്പൊടി മോഷ്ടിച്ചുവെന്ന് ആരോപിച്ച് അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ നാട്ടുകാര്‍ തല്ലികൊന്നത്. അട്ടപ്പാടി കടുകുമണ്ണ ഊരിലെ 27 വയസ്സുള്ള മധുവാണ് മരിച്ചത്. പ്രദേശവാസികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച മധുവിനെ മോഷ്ടാവെന്ന് ആരോപിച്ച് പൊലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് സ്റ്റേഷനിലേക്ക് കൊണ്ടുപോകും വഴിയാണ് മധു മരിക്കുന്നത്.
നാട്ടുകാരുടെ ക്രൂര മര്‍ദ്ദനമേറ്റ മധു പൊലീസ് വാഹനത്തില്‍ വെച്ച് ശര്‍ദ്ദിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് മധുവിനെ അഗളി ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി മരണപ്പെടുകയായിരുന്നു. മരിക്കുന്നതിന് മുന്‍പ് നാട്ടുകാര്‍ തന്നെ മര്‍ദ്ദിച്ചിരുന്നുവെന്ന് മധു പൊലീസിന് മൊഴി നല്‍കിയിരുന്നു. പോസ്‌റ്‌മോര്‍ട്ടത്തിനു ശേഷം കൂടുതല്‍ നടപടികള്‍ എടുക്കുമെന്ന് അഗളി പോലീസ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല