തൃണമൂല്‍ കോണ്‍ഗ്രസുകാരായ കേന്ദ്രമന്ത്രിമാര്‍ രാജിക്കൊരുങ്ങി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേന്ദ്ര ധനമന്ത്രിയുമായ പ്രണബ് മുഖര്‍ജിയെ യുപിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കിയതിനോടുള്ള പ്രതിഷേധമായാണ് ആറ് തൃണമൂല്‍ മന്ത്രിമാര്‍ രാജിക്കൊരുങ്ങിയത്. രാജിക്കത്തുകള്‍ പാര്‍ട്ടി അധ്യക്ഷയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിക്ക് കൈമാറി. രാജി സ്വീകരിക്കുന്ന കാര്യത്തില്‍ മമത തീരുമാനമെടുക്കും.
പുതിയ രാഷ്ട്രപതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുള്ള അഭിപ്രായഭിന്നതകള്‍ രൂക്ഷമാകുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കേന്ദ്രം ഭരിക്കുന്നത് കോണ്‍ഗ്രസ് ഒറ്റയ്ക്കല്ലെന്ന് ഓര്‍ക്കണമെന്ന മുന്നറിയിപ്പും തൃണമൂല്‍ നല്‍കിയിരിക്കയാണ്. മുഖര്‍ജിയുടെ കാര്യത്തില്‍ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടും തീരുമാനം മാറ്റാന്‍ കൂട്ടാക്കാത്ത കോണ്‍ഗ്രസ് നടപടിയാണ് തൃണമൂലിനെ പ്രകോപിതരാക്കിയിരിക്കുന്നത്.
മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍ കലാമിനെത്തന്നെയാണ് ഇപ്പോഴും തങ്ങള്‍ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി കണക്കാക്കുന്നതെന്നും തൃണമൂല്‍ വ്യക്തമാക്കിയിരിക്കയാണ്. താന്‍ മത്സരത്തിനില്ലെന്ന് കലാം ഔദ്യോഗികമായി വ്യക്തമാക്കിയതിന് പിന്നാലെയാണ് തൃണമൂല്‍ ഇത് പറഞ്ഞിരിക്കുന്നത്. തെരഞ്ഞെടുപ്പിനെ നേരിടേണ്ടതിന്റെ ആവശ്യകത കലാമിനെ ബോധ്യപ്പെടുത്തുമെന്ന് കൊല്‍ക്കത്തയില്‍ ടിഎംസി നിയമസഭാംഗങ്ങളുടെ യോഗത്തിനുശേഷം പാര്‍ട്ടി എംപി സുദീപ് ബന്ദോപാധ്യായ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല