സ്വന്തം ലേഖകന്‍: സുപ്രീം കോടതിയുടെ മുത്തലാഖ് വിധിയ്ക്ക് കാരണക്കാരിയായ ഇസ്രത് ജഹാനു നേരെ സമൂഹ ഭ്രഷ്ടും സ്വഭാവഹത്യയുമെന്ന് വെളിപ്പെടുത്തല്‍. മുത്തലാഖിനെതിരെ നിയമപോരാട്ടം നടത്തിയ അഞ്ച് സ്ത്രീകളിലൊരാളായ തനിക്കു നേരെ സാമൂഹിക വിലക്കും സ്വഭാവഹത്യയും നിലവിലുണ്ടെന്നും നിയന്ത്രണങ്ങളും അപമാനപ്പെടുത്തലും പുതിയ പോരാട്ടത്തിലേക്കു വാതില്‍ തുറക്കുകയാണെന്നും ഇസ്രത്ത് ജഹാന്‍ വെളിപ്പെടുത്തി.
തനിക്കെതിരെ ബന്ധുക്കളും അയല്‍ക്കാരും തന്നെയാണ് കുപ്രചരനം നടത്തുന്നതെന്നും ഒറ്റപ്പെടുത്തുന്നതെന്നുമാണ് ജഹാന്റെ ആരോപണം. കൂടാതെ തന്റെ വക്കാലത്ത് ഏറ്റെടുത്ത അഭിഭാഷകയായ നാസിയ ഇലാഹി ഖാന് എതിരായും സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ പ്രചരണം നടക്കുന്നുണ്ടെന്നും ഇസ്രത് പറയുന്നു. നിയമ പോരാട്ടം ഇനിയും തുടരുമെന്ന് ഇസ്രത് വ്യക്തമാക്കി.
‘ചീത്ത സ്ത്രീ’ എന്ന തരത്തിലുള്ള വിളികള്‍ നേരിട്ടുകേള്‍ക്കേണ്ടി വന്നു. പുരുഷന്‍മാര്‍ക്കും ഇസ്!ലാമിനും എതിരാണു താനെന്നു പറഞ്ഞു പരത്തുകയാണ്. അയല്‍ക്കാര്‍ ഇപ്പോള്‍ മിണ്ടുന്നില്ല. തന്റെ മുഖം മറയ്ക്കാനുള്ളതല്ല. ലോകം മുഴുവന്‍ കാണട്ടെയെന്നും ഇസ്രത് പറഞ്ഞു.
31 കാരിയായ ഇസ്രത്ത് ബംഗാളിലെ ഹൗറ സ്വദേശിയാണ്. സ്ത്രീധനം ഉപയോഗിച്ച് ഭര്‍ത്താവ് 2004ല്‍ വാങ്ങിയ വീട്ടിലാണ് ഇസ്രത്ത് കഴിയുന്നത്.
2015 ലാണ് ഇസ്രത്ത് ജഹാനെ ഭര്‍ത്താവ് മുര്‍തസ മൊഴി ചൊല്ലിയത്. 15 വര്‍ഷത്തെ ദാമ്പത്യം ദുബായില്‍നിന്നും മൊബൈലിലൂടെ മൊഴി ചൊല്ലി അവസാനിപ്പിക്കുകയായിരുന്നു. ഇതിനെതിരെയാണ് ഇസ്രത് കോടതിയെ സമീപിച്ചത്. ഷെയറാ ബാനു, ഗുല്‍ഷന്‍ പര്‍വീന്‍, അഫ്രീന്‍ റഹ്മാന്‍, ആതിയ സബ്രി എന്നീ സ്ത്രീകളാണ് ഇസ്രത്തിനെ കൂടാതെ മുത്തലാഖിനെതിരെ കോടതിയിലെത്തിയത്.
മുത്തലാഖ് അസാധുവും നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നായിരുന്നു ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ വിധി. മുത്തലാഖ് നിരോധിക്കാന്‍ ആവശ്യമെങ്കില്‍ ആറുമാസത്തിനകം നിയമനിര്‍മാണം നടത്തണമെന്നും കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല