സ്വന്തം ലേഖകന്‍: കനത്ത സുരക്ഷയില്‍ ത്രിപുരയിലെ നിയമസഭാ തെരഞ്ഞെടുപ്പ് ആരംഭിച്ചു; ബിജെപിയും സിപിഎം നേര്‍ക്കുനേര്‍. 60 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് 59 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ 7 മുതല്‍ പോളിംഗ് ആരംഭിച്ചു. കനത്ത സുരക്ഷാവലയത്തില്‍ ആണ് സംസ്ഥാനം. സംസ്ഥാനത്തെ 20 ആദിവാസി സീറ്റുകളിലേക്കാണ് ഏവരും ഉറ്റു നോക്കുന്നത്.
34 ശതമാനം വോട്ട് ഷെയറുളള ആദിവാസി മേഖലയാണ് കാലങ്ങളായി സിപിഎമ്മിന് അധികാരം ഉറപ്പുവരുത്തുന്നത്. എന്നാല്‍ ബംഗാളിലെ രാഷ്ട്രീയ സാഹചര്യങ്ങളുടെ മാറ്റം ത്രിപുരയിലും പ്രതിഫലിച്ചേക്കുമെന്നാണ് കണക്കുകൂട്ടല്‍. മത്സര രംഗത്തുള്ളത് 497 സ്ഥാനാര്‍ത്ഥികളാണ്. ആകെ വോട്ടര്‍മാര്‍ 2569216. പോളിംഗ് ബൂത്തുകളുടെ എണ്ണം 3214!. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി രാവിലെ 7 മുതല്‍ വൈകീട്ട് 3 വരെയാണ് പോളിംഗ് സമയം നിശ്ചയിച്ചിരിക്കുന്നത്.
സിപിഎം സ്ഥാനാര്‍ത്ഥി രമെന്ദ്ര നാരായണ്‍ ദബ്ബര്‍മ്മയുടെ മരണത്തെ തുടര്‍ന്ന് ചരിലാം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മാര്‍ച്ച് 12ലേക്ക് മാറ്റി വെച്ചിരിക്കുകയാണ്. സിപിഎമ്മിനെതിരെ ബിജെപി – ഐപിഎഫ്ടി സഖ്യം സര്‍വസന്നാഹവും ഉപയോഗിച്ച് പ്രചാരണം നടത്തിയിരുന്നു. ഈ വാശിയേറിയ പ്രചാരണത്തിന് സാക്ഷ്യം വഹിച്ചാണ് ത്രിപുരയിലെ വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലെത്തുന്നത്. നേതാക്കള്‍ കൂട്ടതോടെ ബിജെപിയിലേക്ക് മാറിയതോടെ പ്രചാരണ രംഗത്ത് ഇത്തവണ കോണ്‍ഗ്രസ് സജീവമായിരുന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല