സ്വന്തം ലേഖകൻ: വടക്കു കിഴക്കൻ സംസ്ഥാനങ്ങളായ ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നിവിടങ്ങളിലേക്കു നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ രണ്ട് സംസ്ഥാനങ്ങളിൽ ഭരണം ഉറപ്പിച്ച് ബി.ജെ.പി. ത്രിപുരയിലും നാഗാലാൻഡിലുമാണ് ബി.ജെ.പി ഭരണം ഉറപ്പിച്ചത്. അതേസമയം, മേഘാലയയിൽ ബി.ജെ.പി സഖ്യം ഉപേക്ഷിച്ച് ഒറ്റക്ക് മത്സരിച്ച കോൺറാഡ് സാങ്മയുടെ നാഷനൽ പീപ്പിൾസ് പാർട്ടി (എൻ.പി.പി) യാണ് ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ ഒറ്റകക്ഷി.
വാശിയേറിയ പോരാട്ടം നടന്ന ത്രിപുരയിൽ ബി.ജെ.പി 34 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. സി.പി.എം -കോൺഗ്രസ് സംഖ്യം 14 സീറ്റിലും തിപ്ര മോത്ത പാർട്ടി 12 സീറ്റിലും മുന്നേറുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ സി.പി.എമ്മിന്‍റെ സീറ്റ് 16ൽ നിന്ന് 12 ആയി കുറഞ്ഞിട്ടുണ്ട്.
എന്നാൽ, 2018ൽ ഒറ്റ സീറ്റിൽ പോലും ജയിക്കാത്ത കോൺഗ്രസ് സി.പി.എം സഖ്യത്തിലൂടെ നാല് സീറ്റ് പിടിച്ചു. 2018 തെരഞ്ഞെടുപ്പിൽ ബി.ജെ.പി 36 സീറ്റും സഖ്യ കക്ഷിയായ ഐ.പി.എഫ്.ടി എട്ട് സീറ്റും സി.പി.എം 16 സീറ്റും നേടിയിരുന്നു.
നാഗാലാൻഡിൽ ബി.ജെ.പി-എൻ.ഡി.പി.പി സഖ്യം വീണ്ടും ഭരണം പിടിച്ചു. എൻ.ഡി.പി.പിയുടെ 25 സീറ്റും ബി.ജെ.പിയുടെ 14 സീറ്റും കൂടി ചേർത്താൽ ആകെ 36 സീറ്റിലാണ് സഖ്യം ലീഡ് ചെയ്യുന്നത്. എൻ.പി.എഫ് രണ്ട് സീറ്റിലും മറ്റുള്ളവർ 22 സീറ്റിലും മുന്നേറുന്നു.
2018 തെരഞ്ഞെടുപ്പിൽ എൻ.പി.എഫ് 26ഉം എൻ.ഡി.പി.പി 18ഉം ബി.ജെ.പി 12ഉം എൻ.പി.പി രണ്ടും മറ്റുള്ളവർ 2 സീറ്റിലും വിജയിച്ചിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ എൻ.പി.എഫ് കനത്ത തിരിച്ചടിയാണ് നേരിട്ടത്. എൻ.പി.എഫിന്‍റെ സീറ്റ് നില ഒറ്റ അക്കത്തിലേക്ക് താഴ്ന്നു. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വലിയ തിരിച്ചടിയാണ് നേരിട്ടത്.
മേഘാലയയിൽ 60 അംഗ നിയമസഭയിൽ 59 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ കോൺറാഡ് സാങ്മയുടെ എൻ.പി.പി 25 സീറ്റിൽ ലീഡ് ചെയ്യുന്നു. യു.ഡി.പി 11ഉം ടി.എം.സി അഞ്ചും കോൺഗ്രസ് അഞ്ചും തൃണമൂൽ കോൺഗ്രസ് അഞ്ചും ബി.ജെ.പി മൂന്നും മറ്റുള്ളവർ 10 സീറ്റുകളിലുമാണ് മുന്നേറുന്നത്.
2018ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 21ഉം എൻ.പി.പി 20ഉം യു.ഡി.പി ആറും ബി.ജെ.പി രണ്ടും മറ്റുള്ളവർ 11 സീറ്റും നേടിയിരുന്നു. ബി.ജെ.പി സീറ്റുകളുടെ എണ്ണം നാലായി ഉയർത്തിയപ്പോൾ തൃണമൂൽ കോൺഗ്രസ് അഞ്ച് സീറ്റ് പിടിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല