സ്വന്തം ലേഖകന്‍: തിരുവനന്തപുരം, ദുബായ് വിമാനത്തില്‍ തീ, യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്, ദുബായ് വിമാനത്താവളത്തില്‍ നാടകീയ രംഗങ്ങള്‍. തിരുവനന്തപുരത്തുനിന്ന് എത്തിയ എമിറേറ്റ്‌സ് വിമാനം ദുബായ് വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കവെയാണ് തീപിടിച്ചത്. എഞ്ചിനില്‍ നിന്ന് തീപടരുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാര്‍ എല്ലാവരും അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും വിമാനം പൂര്‍ണ്ണമായും കത്തിനശിച്ചു.
യാത്രക്കാരും ജീവനക്കാരും ഉള്‍പ്പെടെ 282 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവര്‍ എമര്‍ജന്‍സി വാതിലൂടെ രക്ഷപ്പെട്ടു. ഇവരില്‍ ഭൂരിഭാഗവും മലയാളികളാണ്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ക്ക് പരുക്കേറ്റു. ഇവരെ ആംബുലന്‍സ് എത്തി പ്രാഥമിക ചികിത്സ നല്‍കി വരികയാണ്. ഏതാനും പേര്‍ക്ക് പൊള്ളലേറ്റതായും സൂചനയുണ്ട്. റണ്‍വേയില്‍ കൂടി വിമാനം നീങ്ങുന്നതിനിടെ തന്നെ യാത്രക്കാര്‍ പുറത്തേക്ക് ചാടി. ഇതിനകം തന്നെ തീ പടര്‍ന്നുപിടിച്ചിരുന്നു. റണ്‍വേയില്‍ നിന്നും യാ?ത്രക്കാര്‍ ഓടി വിമാനത്താവളത്തില്‍ എത്തുകയായിരുന്നു.
കേവലം ഒരു മിനിറ്റ് കൂടി താമസിച്ചിരുന്നെങ്കില്‍ യാത്രക്കാര്‍ ചാരമായി മാറുമായിരുന്നു. 282 യാത്രക്കാരും 18 ജോലിക്കാരും ഉള്‍പ്പെടെ 300 പേരും ഇറങ്ങി 45 സെക്കന്റിനുള്ളില്‍ വിമാനത്തില്‍ ശക്തമായ പൊട്ടിത്തെറി ഉണ്ടാകുകയും ചെയ്തു. കുട്ടികളും സ്ത്രീകളും അടക്കം യാത്രക്കാര്‍ ചാടിയിറങ്ങുകയായിരുന്നു. ദുരന്തത്തെ തുടര്‍ന്ന് ടെര്‍മിനല്‍ 3ലെ റണ്‍വേ അടച്ചു. എയര്‍ബസ് എ330220 വിഭാഗത്തില്‍ പെട്ട ബോയിംഗ് 777 ഇ.കെ 521 വിമാനമാണ് ദുരന്തത്തില്‍ പെട്ടത്.
വിമാനം ആദ്യം ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് പറന്നുയര്‍ന്ന വിമാനം വീണ്ടും ലാന്‍ഡ് ചെയ്തതോടെ വലതുവശത്തെ എഞ്ചിന്‍ തെറിച്ചുപോയി. പെട്ടെന്ന് തന്നെ തീപിടിക്കുകയായിരുന്നു. 12.45 ഓടെയാണ് ദുരന്തമുണ്ടായതെന്ന് അധികൃതര്‍ വ്യക്തമാക്കി.
എന്‍ജിന്‍ തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വേനലവധി കഴിഞ്ഞുള്ള കേരളത്തിലേക്കുള്ള കുടുംബങ്ങളായിരുന്നു പ്രധാന യാത്രക്കാര്‍. 24 ബ്രിട്ടീഷുകാര്‍, 11 യുഎഇക്കാര്‍, അമേരിക്ക, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ ആറു വീതം, അഞ്ച് തുര്‍ക്കികള്‍, നാല് അയര്‍ലന്റുകാര്‍ ഓസ്‌ട്രേലിയ, ബ്രസീല്‍, ജര്‍മ്മനി, മലേഷ്യ, തായ്‌ലന്റ് രണ്ടുപേര്‍ വീതം, ക്രൊയേഷ്യ, ഈജിപ്ത്, ബോസ്‌നിയ, ലബനന്‍, ഫിലിപ്പീന്‍സ്, ദക്ഷിണാഫ്രിക്ക, സ്വിറ്റ്‌സര്‍ലന്റ്, ടുണീഷ്യ ഓരോരുത്തര്‍ എന്നിങ്ങനെയായിരുന്നു യാത്രക്കാര്‍. മലയാളികളായ 60 പേര്‍ ഉള്‍പ്പെടെ 226 പേര്‍ ഇന്ത്യാക്കാരായിരുന്നു.
തിരുവനന്തപുരത്തു നിന്നും 10.19 ന് പുറപ്പെട്ട എമിറേറ്റ്‌സ് വിമാനം ബോയിംഗ് 777 ഇന്ന് ഉച്ചയ്ക്ക് 12.45 നായിരുന്നു അടിയന്തിരമായി ദുബായ് രാജ്യന്തര വിമാനത്താവളത്തില്‍ ഇറങ്ങിയത്. നിശ്ചിത സമയത്തിന് അഞ്ചു മിനിറ്റ് മുമ്പായിരുന്നു ഇത്. ചെറിയ രീതിയില്‍ അനേകര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് വിമാനത്താവളത്തില്‍ തന്നെ ചികിത്സ നല്‍കിയാണ് വിട്ടയച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല