1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 10, 2018

സ്വന്തം ലേഖകന്‍: കിം ജോങ് ഉന്നിന്റെ കൂടിക്കാഴ്ചക്കുള്ള ക്ഷണം ട്രംപ് സ്വീകരിച്ചതായി ദക്ഷിണ കൊറിയ. കൂടിക്കാഴ്ച ഉടന്‍; എന്നാല്‍ ഉത്തര കൊറിയക്കു മേലുള്ള ഉപരോധം തുടരും. നേരിട്ട് കണ്ട് ചര്‍ച്ച നടത്താമെന്ന കിമ്മിന്റെ നിര്‍ദേശം ട്രംപ് സ്വീകരിച്ചതായി അടുത്തിടെ ഉത്തര കൊറിയയിലേക്ക് പ്രതിനിധി സംഘത്തെ നയിച്ച ദക്ഷിണ കൊറിയന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ചുങ് ഇയു യോങ്ങാണ് അറിയിച്ചത്.

ട്രംപുമായും യു.എസ് ദേശീയ സുരക്ഷസംഘവുമായും നടത്തിയ കൂടിക്കാഴ്ചക്കുശേഷം വൈറ്റ്ഹൗസില്‍വെച്ചാണ് ഇക്കാര്യം ദക്ഷിണ കൊറിയന്‍ നേതാവ് വ്യക്തമാക്കിയത്. മേയ് അവസാനമായിരിക്കും കൂടിക്കാഴ്ചയെന്നാണ് സൂചന. കിംട്രംപ് കൂടിക്കാഴ്ച നടക്കുമെന്ന വാര്‍ത്ത സ്ഥിരീകരിച്ച വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സാറ സാന്‍ഡേഴ്‌സ് സമയവും സ്ഥലവും ഇനിയും തീരുമാനിക്കേണ്ടതുണ്ടെന്ന് കൂട്ടിച്ചേര്‍ത്തു.

‘കൊറിയന്‍ ഉപഭൂഖണ്ഡത്തിന്റെ പൂര്‍ണമായ ആണവനിരായുധീകരണമാണ് അമേരിക്കയുടെ ലക്ഷ്യം. അതിന് വഴിയൊരുക്കുംവിധം കൂടിക്കാഴ്ചക്ക് അരങ്ങൊരുക്കാമെന്ന് ദക്ഷിണ കൊറിയന്‍ പ്രതിനിധി അറിയിച്ചതിനാലാണ് കൂടിക്കാഴ്ചക്ക് ട്രംപ് സമ്മതിച്ചത്. പൂര്‍ണമായ ആണവ നിരായുധീകരണ നടപടികള്‍ക്ക് ഉത്തര കൊറിയ തുടക്കം കുറിക്കുന്നില്ലെങ്കില്‍ ഇതിന് ഫലമുണ്ടാവില്ലെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കുന്നു,’ സാന്‍ഡേഴ്‌സ് പറഞ്ഞു.

ഉത്തര കൊറിയക്കെതിരെ അമേരിക്കയുടെ നേതൃത്വത്തില്‍ നടപ്പാക്കിയ ഉപരോധങ്ങളുടെ ഫലമായാണ് കിം ജോങ് ഉന്‍ ചര്‍ച്ചക്ക് തയാറായതെന്ന് യു.എസ് കോണ്‍ഗ്രസ് വിദേശകാര്യസമിതി അധ്യക്ഷന്‍ എഡ് റോയ്‌സ് പറഞ്ഞു. ഉത്തര കൊറിയയുടെ ആണവായുധ ഭീഷണി സമാധാനപരമായി പരിഹരിക്കുന്നതിനാണ് അമേരിക്കയും ദക്ഷിണ കൊറിയയും സഖ്യകക്ഷികളും ശ്രമിക്കുന്നതെന്നും അക്കാര്യത്തില്‍ ചൈനക്കും വലിയ പങ്കുവഹിക്കാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.