സ്വന്തം ലേഖകന്‍: ഒബാമയുടെ ആണവ നയത്തില്‍ അടിമുടി അഴിച്ചുപണിയുമായി ട്രംപ്; അമേരിക്കയുടെ ആണവായുധ ശേഖരം വര്‍ധിപ്പിക്കും. യു.എസ്. ആയുധശേഖരത്തില്‍ അണ്വായുധങ്ങളുടെ വലുപ്പം കുറച്ചുകൊണ്ടുവരുമെന്ന ഒബാമസര്‍ക്കാരിന്റെ നയത്തിന് വിരുദ്ധമാണ് ട്രംപ് സര്‍ക്കാര്‍ വെള്ളിയാഴ്ച പുറത്തിറക്കിയ പുതിയ നയം. 2010നുശേഷം ആദ്യമായാണ് ആണവനയത്തില്‍ പ്രകടമായ മാറ്റംവരുന്നത്.
രണ്ടിനം അണ്വായുധങ്ങള്‍ പുതുതായിനിര്‍മിക്കാനുള്ള തീരുമാനമാണ് ഇതില്‍ പ്രധാനം. 20 കിലോടണ്‍സിന് താഴെ പ്രഹരശേഷിയുള്ള ചെറു ആണവബോംബുകളാണ് ഇതിലൊന്ന്. അന്തര്‍വാഹിനികളില്‍നിന്ന് തൊടുത്തുവിടാന്‍ കഴിയുന്നവയാണിവ. പ്രധാനമായും റഷ്യയില്‍നിന്നുള്ള ആണവഭീഷണിയെ നേരിടാനാണ് നയത്തില്‍ മാറ്റംവരുത്തുന്നതെന്ന് പെന്റഗണ്‍ വ്യക്തമാക്കുന്നുണ്ട്.
‘മറ്റൊരിക്കലും ഉണ്ടാകാത്ത ആണവഭീഷണിയാണ് യു.എസ്. ഇപ്പോള്‍ നേരിടുന്നത്. അണ്വായുധശേഷിയുടെ കാര്യത്തില്‍ ശത്രുക്കളുടെ ഭാഗത്തുണ്ടായ വികസനവും വിന്യാസവും കണക്കിലെടുത്താണിത്’ നയത്തില്‍ പറയുന്നു. ലോകം എങ്ങനെയായിരിക്കണമെന്ന നമ്മുടെ ആഗ്രഹത്തെ അടിസ്ഥാനപ്പെടുത്തിയല്ല, മറിച്ച് നിലവിലെ ലോകം യഥാര്‍ഥത്തില്‍ എങ്ങനെയാണെന്നതിനെ ഉള്‍ക്കൊണ്ടുകൊണ്ടുള്ള നയമാണിതെന്ന് യു.എസ്. പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് പറഞ്ഞു.
അണ്വായുധങ്ങളില്ലാതാക്കുന്നതിന് മുന്നില്‍നിന്ന് മാതൃക കാട്ടേണ്ടത് യു.എസ്. ആണെന്നും ഇതിനായി യു.എസ്. അണ്വായുധശേഖരത്തിന്റെ വലുപ്പം കുറച്ചുകൊണ്ടുവരണമെന്നുമായിരുന്നു ഒബാമസര്‍ക്കാര്‍ സ്വീകരിച്ച നിലപാട്. എന്നാല്‍, ബരാക് ഒബാമയുടെ നിലപാട് പൂര്‍ണമായും ആദര്‍ശത്തില്‍ അധിഷ്ഠിതമാണെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ വിമര്‍ശനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല